ജമ്മു കശ്മീര്‍ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ ഏഴുമരണം
- Published by:Sneha Reghu
- news18-malayalam
Last Updated:
ഫരീദാബാദ് കേസുമായി ബന്ധപ്പെട്ട വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്
ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും വാഹനങ്ങൾക്കും തീപിടിച്ച് നശിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ അപകടം ഉണ്ടായത്.
ഫരീദാബാദ് ഭീകരവാദ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ മുസ്സമ്മിൽ ഗനായിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 360 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പോലീസും ഫോറൻസിക് ടീമും പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം.
മരണപ്പെട്ടവരിൽ ഭൂരിഭാഗവും സ്ഫോടകവസ്തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന പൊലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരുമാണ്. ശ്രീനഗർ ഭരണകൂടത്തിലെ ഒരു നായിബ് തഹസിൽദാർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരും സ്ഫോടനത്തിൽ മരിച്ചു. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (SKIMS) പ്രവേശിപ്പിച്ചു.
advertisement
സ്ഫോടനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി സൂക്ഷിച്ചതാണോ പൊട്ടിത്തെറിക്കാൻ കാരണമെന്നും അന്വേഷിക്കുന്നുണ്ട്.
നൗഗാം പൊലീസ് സ്റ്റേഷന് മുന്നിൽ ജയ്ഷെ മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്റർ പതിച്ചതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡോക്ടർമാർ ഉൾപ്പെട്ട വലിയ ഭീകരസംഘത്തെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ 350 കിലോഗ്രാം അമോണിയം നൈട്രേറ്റും ഉൾപ്പെട്ടിരുന്നു.
ഫരീദാബാദിൽ തീവ്രവാദ ബന്ധമുള്ള ഡോക്ടർമാരെ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ഡൽഹി ചെങ്കോട്ടയ്ക്ക് മുന്നിൽ കാർ ബോംബ് സ്ഫോടനം നടന്നത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യതലസ്ഥാനത്തെ നടുക്കിയ സംഭവം. രാജ്യത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. ഫരീദാബാദിൽ നിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കശ്മീർ പുൽവാമ സ്വദേശി ഡോ. ഉമർ നബിയാണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്.
advertisement
ഫരീദാബാദിൽ ആദ്യം പരിശോധന നടത്തി ഭീകരബന്ധം കണ്ടെത്തിയത് ജമ്മു പൊലീസായിരുന്നു. അതിനാലാണ് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ ജമ്മുവിലെ നൗഗാം സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Srinagar,Jammu and Kashmir
First Published :
November 15, 2025 6:55 AM IST


