• HOME
 • »
 • NEWS
 • »
 • india
 • »
 • കോവിഡ്: ഡൽഹി, പൂനെ, മുംബൈ നഗരങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ; കൂടുതൽ വിവരങ്ങൾ അറിയാം

കോവിഡ്: ഡൽഹി, പൂനെ, മുംബൈ നഗരങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ; കൂടുതൽ വിവരങ്ങൾ അറിയാം

പൂനെയിൽ നിന്നും മുബൈയിൽ നിന്നും രണ്ട് ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ഓരോ ദിവസവും ഇന്ത്യയിലെ കോവിഡ് സാഹചര്യം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. രോഗവ്യാപനം ചെറുക്കുന്നതിനായി പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്കോ കർഫ്യു പോലെയുള്ള നിയന്ത്രണങ്ങളിലേക്കോ കടന്നു കഴിഞ്ഞു. കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും ജനങ്ങളോട് അടിയന്തിരമായ ആവശ്യങ്ങൾക്കോ അവശ്യ സേവനങ്ങൾക്കോ അല്ലാതെ പുറത്തിറങ്ങരുത് എന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

  ഈ സാഹചര്യം മുംബൈ, ഡൽഹി തുടങ്ങിയ മഹാനഗരങ്ങളിൽ അതിഥി തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ദിവസവേതനക്കാരായ നിരവധി തൊഴിലാളികളാണ് ട്രെയിൻ സർവീസിന്റെയോ മറ്റു ഗതാഗത മാർഗങ്ങളുടെയോ അഭാവത്തിൽ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടന്നു പോകുന്ന കാഴ്ച നാം കണ്ടത്.

  കഴിഞ്ഞ വർഷത്തെ സാഹചര്യം ഇത്തവണ ഒഴിവാക്കാനായി റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്ന് ഡി എൻ എ പ്രസിദ്ധീകരിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നു. റെയിൽവേയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ റെയിൽവേ വകുപ്പ് അടിക്കടി പുറത്തു വിടുന്നുണ്ട്. യാത്രക്കാരുടെ എണ്ണം കുറവായ റൂട്ടുകളിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചെയ്യുന്നുണ്ട്. റദ്ദാക്കുന്ന ട്രെയിൻ സർവീസുകളെക്കുറിച്ചും പ്രത്യേക സർവീസുകളെക്കുറിച്ചുമുള്ള വിവരങ്ങൾ റെയിൽവേ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ പേജിൽ പതിവായി പങ്കുവെയ്ക്കുന്നുണ്ട്.  പൂനെയിൽ നിന്നും മുബൈയിൽ നിന്നും രണ്ട് ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം പൂനെയിൽ നിന്ന് ഭഗൽപ്പൂരിലേക്കുള്ള പ്രത്യേക ട്രെയിൻ ഏപ്രിൽ 29, വ്യാഴാഴ്ച പുറപ്പെടും. ബീഹാറിലെ ഭഗൽപ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ ഏപ്രിൽ 30, വെള്ളിയാഴ്ച പുറപ്പെടും.

  മുംബൈയിൽ നിന്ന് ഭഗൽപ്പൂരിലേക്ക് മറ്റൊരു പ്രത്യേക ട്രെയിൻ ഏപ്രിൽ 28, ബുധനാഴ്ച രാത്രി 11.55-ന് യാത്ര തിരിക്കും. വാപി, വഡോദര, സൂറത്ത്, വൽസദ്, ഗോധ്ര, കോട്ട, സവായിമധോപൂർ, ഭരത്പൂർ, മഥുര, കാസ്ഗഞ്ച്, ഫറൂഖാബാദ്, ഗോണ്ട, ബസ്തി, മോട്ടിഹാരി, സമസ്തിപൂർ, ബറൗണി, ബെഗുസരായി, സുൽത്താൻഗഞ്ച് എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയായിരിക്കും ട്രെയിൻ കടന്നു പോവുക.

  ഡൽഹിയിൽ നിന്ന് ഏപ്രിൽ 30-ന് ഒരു ട്രെയിൻ ധർഭംഗയിലേയ്ക്ക് സർവീസ് നടത്തും. മൊറാദാബാദ്, രാംപൂർ, ബറേലി, ഷാജഹാൻപൂർ, ലക്ക്‌നൗ, ബൻറാബങ്കി, ഗോണ്ട, ബസ്തി, ഗൊരഖ്പൂർ, ഡിയോറിയ, ഭട്ട്നി, ചപ്ര, ഹാജിപൂർ, ധോലി, സമസ്തിപൂർ, ഹയാഘടന്ത്, ലഹരിയാസാരായി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. വെള്ളിയാഴ്ച രാത്രി 11.55നാണ് ട്രെയിൻ പുറപ്പെടുക.

  കോവിഡ് പ്രതിസന്ധി തീവ്രമാകുമ്പോഴും ട്രെയിൻ സർവീസ് പൂർണമായും നിർത്തി വെക്കില്ലെന്ന് കഴിഞ്ഞ ആഴ്ച റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചിരുന്നു. അതിഥി തൊഴിലാളികൾ പരിഭ്രാന്തരായി കൂട്ടത്തോടെ നാടുകളിലേക്ക് പോകാനുള്ളസാധ്യത കണക്കിലെടുത്താണ് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

  Keywords: Covid 19, Indian Railway, Special Train Service, Migrant Workers
  കോവിഡ് 19, ഇന്ത്യൻ റെയിൽവേ, പ്രത്യേക ട്രെയിൻ സർവീസ്, അതിഥി തൊഴിലാളി
  Published by:user_57
  First published: