ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായ ശേഷം 36 ദിവസത്തിൽ സുപ്രീം കോടതി തീർപ്പാക്കിയത് 6844 കേസുകൾ

Last Updated:

ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ് നംവബര്‍ 9നാണ് ചുമതലയേറ്റത്.

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം തീര്‍പ്പാക്കിയത് 6844 കേസുകളെന്ന് റിപ്പോര്‍ട്ട്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ 9നാണ് ചീഫ് ജസ്റ്റീസായി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റത്. നവംബര്‍ 9 മുതല്‍ ഡിസംബര്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം 6844 കേസുകളിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.
പുതിയ ചീഫ് ജസ്റ്റീസ് സ്ഥാനമേറ്റതിന് ശേഷം കോടതിയിലെത്തിയ കേസുകളുടെ എണ്ണം 5898 ആണ്. 2511 ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ നിരവധി ജാമ്യാപേക്ഷകളും കോടതിയ്ക്ക് മുന്നിലെത്തിയിരുന്നതായി സുപ്രീം കോടതി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതിയ്ക്ക് മുന്നിലെത്തുന്ന കേസുകളില്‍ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകള്‍ക്കും ജാമ്യാപേക്ഷകള്‍ക്കും പ്രഥമപരിഗണന നല്‍കണമെന്ന് അധികാരത്തിലെത്തിയയുടന്‍ തന്നെ ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു. കൂടാതെ ഓരോ ആഴ്ചയും 10 ജാമ്യാപേക്ഷ കേസുകളും 10 ട്രാന്‍സ്ഫര്‍ പെറ്റീഷനും കോടതി ബെഞ്ചുകള്‍ പരിഗണിക്കണമെന്നും അവ തീര്‍പ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു.
advertisement
വിവാഹ ബന്ധങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് ട്രാന്‍സ്ഫര്‍ പെറ്റീഷനുകളില്‍ അധികവും ഉണ്ടായിരുന്നത്. കോടതികളില്‍ നിന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാനുള്ള അധികാരം സുപ്രീം കോടതിയ്ക്ക് മാത്രമാണുള്ളത്. അതുതന്നെയാണ് ട്രാന്‍സ്ഫര്‍ പെറ്റീഷനുകള്‍ വര്‍ധിക്കാന്‍ കാരണം.
ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ് നംവബര്‍ 9നാണ് ചുമതലയേറ്റത്. യു യു ലളിതിന്റെ പിന്‍ഗാമിയായി എത്തിയ പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയില്‍ രണ്ടു വര്‍ഷമുണ്ടാകും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 24നാകും വിരമിക്കുക.
advertisement
1959 നവംബര്‍ 11 നാണ് ജസ്റ്റിസ് ഡോ ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് എല്‍എല്‍ബി പൂര്‍ത്തിയാക്കിയത്. ഇന്‍ലാക്സ് സ്‌കോളര്‍ഷിപ്പ് ലഭിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും (എല്‍എല്‍എം) ജുറിഡിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റും (എസ്ജെഡി) എടുത്തു.
1998ല്‍ ബോംബെ ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 1998 മുതല്‍ 2000 വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചിരുന്നു. 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. പിന്നീട് 2013 ഒക്ടോബര്‍ 31 ന് അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
advertisement
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായിരിക്കെ, ഇന്ത്യയുടെ പതിനാറാം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ പിതാവ് വൈ വി ചന്ദ്രചൂഡിന്റെ രണ്ട് വിധിന്യായങ്ങള്‍ റദ്ദാക്കിയിരുന്നു. പരപുരുഷ ബന്ധം, സ്വകാര്യതയ്ക്കുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു വിധികള്‍.
മലയാളം വാർത്തകൾ/ വാർത്ത/India/
ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായ ശേഷം 36 ദിവസത്തിൽ സുപ്രീം കോടതി തീർപ്പാക്കിയത് 6844 കേസുകൾ
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement