'2024ൽ തമിഴ്‌നാട്ടിൽ നിന്നും 25 ബിജെപി എംപിമാരെങ്കിലും ലോക്‌സഭയിലെത്തും': അണ്ണാമലൈ
- Published by:Sarika KP
- news18-malayalam
Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തമിഴ്നാടിനോടും തമിഴ്‌നാട്ടിലെ ജനങ്ങളോടും അളവിൽ കവിഞ്ഞ സ്‌നേഹമുണ്ടെന്നും, അദ്ദേഹം അവതരിപ്പിക്കുന്ന പദ്ധതികളെല്ലാം തമിഴ്‌നാട്ടുകാരുടെ പ്രധാന ആവശ്യങ്ങൾ മനസ്സിൽ കരുതിക്കൊണ്ടാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിന്നും 25 എംപിമാരെയെങ്കിലും പാർലമെൻ്റിൽ എത്തിക്കാൻ പാർട്ടിയ്ക്ക് കഴിയുമെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡൻ്റ് കെ. അണ്ണാമലൈ. വെള്ളിയാഴ്ച കോയമ്പത്തൂരിൽ നടന്ന ബിജെപിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി മീറ്റിംഗിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അണ്ണാമലൈയുടെ പരാമർശം. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ സഖ്യ കക്ഷിയായ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തേക്കാൾ (എഐഎഡിഎംകെ) കൂടുതൽ സീറ്റുകളിൽ ബിജെപി മത്സരിച്ചേക്കുമെന്നും അണ്ണാമലൈ സൂചിപ്പിച്ചു. സഖ്യ കക്ഷികളുമായി കൈകോർത്ത് സംസ്ഥാനത്തെ 39 പാർലമെൻ്ററി മണ്ഡലങ്ങളും ബിജെപി മുഴുവനായി തൂത്തു വാരുമെന്നും സംസ്ഥാന പ്രസിഡൻ്റ് കൂട്ടിച്ചേർത്തു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട വലിയ തോൽവിയ്ക്കു പിന്നാലെയാണ് തമിഴ്നാട്ടിൽ പാർട്ടി പുത്തനുണർവിലേക്ക് എത്തുമെന്ന തരത്തിലുള്ള അണ്ണാമലൈയുടെ പുതിയ പരാമർശങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തമിഴ്നാടിനോടും തമിഴ്‌നാട്ടിലെ ജനങ്ങളോടും അളവിൽ കവിഞ്ഞ സ്‌നേഹമുണ്ടെന്നും, അദ്ദേഹം അവതരിപ്പിക്കുന്ന പദ്ധതികളെല്ലാം തമിഴ്‌നാട്ടുകാരുടെ പ്രധാന ആവശ്യങ്ങൾ മനസ്സിൽ കരുതിക്കൊണ്ടാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. ‘രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ പത്താമത്തെ വർഷത്തിലേക്ക് കടക്കുകയാണ് നരേന്ദ്ര മോദി. അടുത്ത അഞ്ചു വർഷക്കാലത്തേക്കും അദ്ദേഹം തന്നെയായിരിക്കണം നമ്മുടെ പ്രധാനമന്ത്രിയെന്നും’ അണ്ണാമലൈ പറഞ്ഞു.
സംസ്ഥാനതലത്തിൽ പാർട്ടി എത്ര എംപിമാരെയാണ് പാർലമെൻ്റിലേക്ക് അയയ്‌ക്കേണ്ടതെന്ന് പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങി തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ഗൌരവത്തോടെ കാണണമെന്നും, ജയ പരാജയങ്ങളെക്കുറിച്ച് ചിന്തിയ്ക്കാതെ കഠിനാധ്വാനം ചെയ്യാൻ തയ്യാറാകണമെന്നും അണ്ണാമലൈ പാർട്ടി പ്രവർത്തരോട് ആഹ്വാനം ചെയ്തു.
advertisement
‘2024 എന്ന വർഷം പാർട്ടിയ്ക്ക് വലിയ ഒരു പരീക്ഷയാണ്. ബിജെപിയുടെ പ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങി ജനങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചു തുടങ്ങണം. ഇന്നു മുതൽ നമുക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കുകയാണെന്ന് സ്വയം കരുതണം. ജയവും തോൽവിയും ചിന്തിക്കാതെ കഠിനമായി പ്രയത്‌നിക്കുക. സഖ്യ കക്ഷികളുമായി ചേർന്നാണോ മത്സരിക്കുന്നത്, ഒറ്റയ്ക്കാണോ നിൽക്കുന്നത്, ജയിക്കുമോ തോൽക്കുമോ എന്നിങ്ങനെയുള്ള എല്ലാ ചിന്തകളും കളഞ്ഞേക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുക.’ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
advertisement
2022ൽ തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. 5.4% ശതമാനം വോട്ടുകളാണ് ബിജെപി അന്ന് നേടിയത്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സഖ്യത്തിലായിരുന്നിട്ടും 2022ൽ ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചതെന്നത് കണക്കിലെടുക്കേണ്ടതുണ്ട്.
കോയമ്പത്തൂരിലെ എച്ചനരിയിൽ ഒരു സ്വകാര്യ ഹാളിലായിരുന്നു സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നടന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി, നൈനാർ നാഗേന്ദ്രൻ എംഎൽഎ, മുതിർന്ന ബിജെപി നേതാക്കളായ എച്ച് രാജ, പൊൻ രാധാകൃഷ്ണൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
May 22, 2023 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'2024ൽ തമിഴ്‌നാട്ടിൽ നിന്നും 25 ബിജെപി എംപിമാരെങ്കിലും ലോക്‌സഭയിലെത്തും': അണ്ണാമലൈ