വഖഫ് ബില്ലിനെതിരെ തമിഴ്നാട് പ്രമേയം പാസാക്കി; മുസ്ലീങ്ങളുടെ അവകാശത്തെ ഹനിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍

Last Updated:

കാലക്രമേണ വഖഫ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ സാധ്യതയുള്ള വഖഫ് ബില്ലിനെതിരെ എല്ലാവരും അണിചേരണമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു

News18
News18
വഖഫ് (ഭേദഗതി) ബില്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി തമിഴ്‌നാട്. മുസ്ലിം സമുദായത്തിന്റെ മതപരവും സ്വത്തുസംബന്ധവുമായ അവകാശങ്ങളുടെ നേരിട്ടുള്ള ലംഘനമാണ് ഈ ബില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ക്കും എതിരെ വിവേചനം കാണിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു ശ്രമമാണ് വഖഫ് ബില്‍ എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
'' ഈ നിയമം വഖഫ് സ്വത്തിന് മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം വര്‍ധിപ്പിക്കും. അവയുടെ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തും. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികവകാശങ്ങള്‍ക്ക് ഭീഷണിയാകും,'' സ്റ്റാലിന്‍ പറഞ്ഞു.
വഖഫ് ബില്‍ മുസ്ലീം സമുദായത്തിന്റെ അവകാശങ്ങളെയും താല്‍പ്പര്യങ്ങളെയും ഹനിക്കുമെന്നും അതിനാല്‍ ബില്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ബില്ലിനെതിരെ പാര്‍ലമെന്ററി സംയുക്ത സമിതിയ്ക്ക് മുമ്പാകെ തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും അവ അവഗണിക്കപ്പെട്ടു. അതിനാലാണ് സംസ്ഥാന നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഒഴിവാക്കല്‍ നയങ്ങളുടെ ഭാഗമാണ് വഖഫ് ബില്‍ എന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
advertisement
'' പൗരത്വനിയമഭേദഗതി, ഹിന്ദി അടിച്ചേല്‍പ്പിക്കല്‍, ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരായ സാമ്പത്തിക വിവേചനം, നീറ്റ്, പുതിയ വിദ്യാഭ്യാസ നയം തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ ഓരോ നടപടിയും പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്,'' സ്റ്റാലിന്‍ പറഞ്ഞു.
ഭിന്നിപ്പിക്കല്‍ നയമാണ് ബിജെപി പിന്തുടരുന്നത്. ബില്‍ വഖഫ് സ്ഥാപനങ്ങള്‍ക്ക് നിയമപരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും അവയുടെ സ്വയംഭരണവകാശം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലിലെ വിവാദമായ വ്യവസ്ഥകളെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. കേന്ദ്ര വഖഫ് കൗണ്‍സിലിലേയും സംസ്ഥാന വഖഫ് ബോര്‍ഡുകളിലേയും സര്‍ക്കാര്‍ നിയന്ത്രണം, വഖഫ് സ്വത്തുക്കളുടെ പുനര്‍വര്‍ഗീകരണം, വഖഫ് ആയി പ്രഖ്യാപിക്കുന്നതിനുള്ള മതപരമായ വ്യവസ്ഥകള്‍, സംസ്ഥാന വഖഫ് ബോര്‍ഡിലെ തിരഞ്ഞെടുപ്പ് റദ്ദാക്കല്‍, ജനാധിപത്യ പ്രാതിനിധ്യം ഇല്ലാതാക്കല്‍, വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളല്ലാത്ത അംഗങ്ങളെ നിര്‍ബന്ധമാക്കല്‍ എന്നീ വ്യവസ്ഥകളെ അദ്ദേഹം വിമര്‍ശിച്ചു.
advertisement
'' ഈ ഭേദഗതികള്‍ മുസ്ലിം സമുദായത്തെ മാത്രമല്ല ബാധിക്കുന്നത്. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മതസ്വാതന്ത്ര്യ തത്വങ്ങളുടെ ലംഘനമാണിത്,'' സ്റ്റാലിന്‍ പറഞ്ഞു.
'വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ തിരിച്ചറിയാനുള്ള അധികാരം ഇല്ലാതാക്കുകയും ആ അധികാരം സര്‍ക്കാരിന് കൈമാറുകയും ചെയ്യുന്നതിലൂടെ മതവിഭാഗങ്ങള്‍ക്ക് സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ അനുഛേദം 26 കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ബില്ലിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
advertisement
ഇന്ത്യയുടെ മതേതരഘടനയ്ക്ക് വെല്ലുവിളിയാകുന്ന ബില്ലാണിതെന്നും സ്റ്റാലിന്‍ പറഞ്ഞു. കാലക്രമേണ വഖഫ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ സാധ്യതയുള്ള ഈ ബില്ലിനെതിരെ എല്ലാവരും അണിചേരണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
വഖഫ് ബില്ലിനെതിരെ തമിഴ്നാട് പ്രമേയം പാസാക്കി; മുസ്ലീങ്ങളുടെ അവകാശത്തെ ഹനിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement