തടിയന്റവിടെ നസീർ കേസ്; ജയിലിലെ ഡോക്ടർ 8000 രൂപയ്ക്ക് വാങ്ങിയ ഫോൺ തടവുകാര്‍ക്ക് വിറ്റത് 25,000 രൂപയ്ക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ജയിൽ തീവ്രവാദ കേസ് അന്വേഷിക്കുന്ന എൻഐഎ, തടിയന്റവിടെ നസീറിനും ബെംഗളൂരു സെൻട്രൽ ജയിലിലെ മറ്റ് തടവുകാർക്കും മൊബൈൽ ഫോണുകൾ വിതരണം ചെയ്തുവെന്നാരോപിച്ച് മനോരോഗ വിദഗ്ദ്ധൻ ഡോ. എസ് നാഗരാജിനെ അറസ്റ്റ് ചെയ്തിരുന്നു
തടിയന്റവിടെ നസീറുമായി ബന്ധപ്പെട്ട ബെംഗളൂരു സെൻട്രല്‍ ജയിലിലെ മതതീവ്രവാദ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ബന്ധമുള്ള തീവ്രവാദ കുറ്റവാളിയുടെ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ അറസ്റ്റിലായ ജയിലിലെ ഡോക്ടർ പ്രാദേശിക മൊബൈൽ ഷോപ്പിൽ നിന്ന് 8000 മുതൽ 10,000 രൂപ വരെ വിലയ്ക്ക് മൊബൈൽ ഫോണുകൾ വാങ്ങി തടവുകാർക്ക് 25,000 രൂപയ്ക്ക് വിറ്റിരുന്നുവെന്നും കണ്ടെത്തി.
ലഷ്‌കർ ഇ തൊയ്ബ ബന്ധമുള്ള തടിയന്റവിടെ നസീർ (47) ജയിലിൽ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചുവെന്ന കേസിൽ ജയിൽ മനഃശാസ്ത്രജ്ഞനായ ഡോ. എസ് നാഗരാജിനെ ജൂലൈ 8 ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. നസീറിനും ബെംഗളൂരു സെൻട്രൽ ജയിലിലെ മറ്റ് തടവുകാർക്കും മൊബൈൽ ഫോണുകൾ വിതരണം ചെയ്തുവെന്നാരോപിച്ചാണ് ജയിൽ മനഃശാസ്ത്രജ്ഞനായ ഡോ. എസ് നാഗരാജിനെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ ഒരു ഭീകരവാദ കേസിൽ നസീർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2008 ലെ ബെംഗളൂരു സ്‌ഫോടന പരമ്പര കേസിലും ജയിലിലെ മതതീവ്രവാദ കേസിലും നിലവിൽ വിചാരണ നേരിടുകയാണ്.
advertisement
ഡോ. നാഗരാജുവില്‍ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങിയ ബെംഗളൂരു സെൻട്രൽ ജയിലിലെ ചില തടവുകാരെ ചോദ്യം ചെയ്യാൻ എൻഐഎ അനുവാദം തേടിയിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായി ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന ഒരു കൊലപാതക കുറ്റവാളിയെ ചോദ്യം ചെയ്യാൻ തീവ്രവാദ കേസുകൾക്കായുള്ള പ്രത്യേക കോടതി എൻഐഎയ്ക്ക് അനുമതി നൽകി.
ഇതും വായിക്കുക: ഇ കെ നായനാർ വധശ്രമക്കേസ് പ്രതി; ആരാണ് തടിയന്റവിടെ നസീർ?
ജയിൽ മനഃശാസ്ത്രജ്ഞൻ രാജ്യത്തുടനീളമുള്ള അവധിക്കാല റിസോർട്ടുകളിൽ പതിവായി സന്ദർശനം നടത്തിയിരുന്നുവെന്നും ആഡംബര ജീവിതം നയിച്ചിരുന്നുവെന്നും ബെംഗളൂരു സെൻട്രൽ ജയിലിലെ തടവുകാർക്ക് ഫോൺ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും അദ്ദേഹത്തിന്റെ രണ്ട് കാമുകിമാരിൽ ഒരാൾ അദ്ദേഹത്തെ സഹായിച്ചുവെന്നും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
advertisement
ഡോ. നാഗരാജ് തന്റെ വീടിനടുത്തുള്ള ഒരു മൊബൈൽ കടയിൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങി ജയിലിലേക്ക് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയി, തടവുകാർക്ക് കൈമാറുകയായിരുന്നുവെന്നും എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.
8,000 മുതൽ 10,000 രൂപ വരെ വിലയ്ക്ക് വാങ്ങിയ മൊബൈൽ ഫോണുകൾക്ക്, ജയിൽ സൈക്യാട്രിസ്റ്റ് തടവുകാരിൽ നിന്ന് ഒരു മൊബൈലിന് 25,000 രൂപ വച്ച് വാങ്ങിയതായി കോടതിയിൽ സമര്‍പ്പിച്ച രേഖകളിൽ എൻഐഎ പറയുന്നു. ജയിലിലെ ഉയർന്ന സുരക്ഷാ സെല്ലുകളിൽ കഴിയുന്ന തടിയന്റവിടെ നസീർ പോലെയുള്ള കുറ്റവാളികളായ തടവുകാർക്ക് മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി ലഭിക്കുന്ന ഫണ്ടിന്റെ ഉറവിടവും അന്വേഷിക്കുന്നുണ്ട്. മറ്റ് തടവുകാരെ അപേക്ഷിച്ച് ഉയർന്ന വിലയ്ക്കാണ് നസീറിന് ഡോക്ടർ ഫോണുകൾ വിറ്റിരുന്നതെന്നാണ് വിവരം.
advertisement
"രഘു എന്ന വ്യാജ പേരിലാണ് ഈ മൊബൈൽ ഫോണുകൾ വാങ്ങിയത്. ഒന്നാം പ്രതി നസീർ ഉപയോഗിച്ച മൊബൈൽ ഫോണും രഘു എന്ന വ്യാജ നാമത്തിൽ പ്രിയ മൊബൈലിൽ നിന്ന് വാങ്ങിയതാണെന്നും വ്യക്തമായിട്ടുണ്ട്," എൻഐഎ കോടതി ചൂണ്ടിക്കാട്ടി. ഫോണുകൾ എത്തിക്കുന്നതിന് തടവുകാരിൽ നിന്ന് സൈക്യാട്രിസ്റ്റിന് പണം ലഭിച്ചെന്നാണ് എൻഐഎ പറയുന്നത്. നസീറിന്റെയും മറ്റുള്ളവരുടെയും ഫോൺ വിതരണവും ഉപയോഗവും സംബന്ധിച്ച് ജയിലിൽ കൂടുതൽ അന്വേഷണം നടത്താൻ എൻഐഎ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് പ്രത്യേക കോടതി ജയിൽ അധികൃതരോട് നിർദേശിച്ചു.
advertisement
ജയിലിലെ മതതീവ്രവാദ കേസ്
2009 മുതൽ ബെംഗളൂരു ജയിലിൽ കഴിയുന്ന ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള നസീർ, 2017 മുതൽ 2023 വരെ ജയിലിൽ കഴിയുന്ന എട്ട് വിചാരണത്തടവുകാരായ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചെന്നാണ് കേസ്. ജയിൽ മോചിതരാകുമ്പോൾ ജിഹാദിൽ ഏർപ്പെടാൻ നസീർ അവരെ പ്രേരിപ്പിച്ചു. ഇതിൽ ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തു, ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
കേസിൽ അറസ്റ്റിലായ എട്ട് തടവുകാരിൽ നസീർ ഉൾപ്പെടെഏഴ് പേർ, ജൂലൈ 7 ന് എൻഐഎ അന്വേഷിക്കുന്ന ജയിൽ തീവ്രവാദ, ഭീകര ഗൂഢാലോചന കേസിൽ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. ജൂലൈ 8 ന്, കേസിൽ എൻഐഎ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. സെൻട്രൽ ആംഡ് റിസർവ് പൊലീസുകാരൻ ചാൻ ബാഷ, തീവ്രവാദ കേസിൽ കാണാതായ പ്രതി ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമ, ജയിലിലെ മനോരോഗ വിദഗ്ധൻ ഡോ. നാഗരാജ് എന്നിവരെ, നസീറിന്റെ ജയിലിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
advertisement
നസീറിനെ കൂടാതെ, സയ്യിദ് സുഹൈൽ (24), മുഹമ്മദ് ഉമർ (30), സാഹിദ് തബ്രെസ് (27), സയ്യിദ് മുദാസിർ പാഷ (29), മുഹമ്മദ് ഫൈസൽ (29), സൽമാൻ ഖാൻ (29), വിക്രം കുമാർ എന്ന ഛോട്ട ഉസ്മാൻ (25) എന്നിവരാണ് പിടിയിലായത്.
ഇതും വായിക്കുക: Exclusive| തടിയന്റവിടെ നസീർ ജയിലിനുള്ളിൽ നിന്നും തീവ്രവാദ പ്രവർത്തനത്തിനായി സംഘത്തെ തയാറാക്കി; ഞെട്ടിക്കുന്ന വിവരങ്ങളുമായി NIA
ഗൂഢാലോചന കേസിലെ വിവിധ പ്രതികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സുഗമമാക്കിയത് അനീസ് ഫാത്തിമയാണെന്നാണ് എൻഐഎ പറയുന്നത്. നസീറിന്റെ പൊലീസ് എസ്കോർട്ട് വിവരങ്ങൾ കൈക്കൂലി വാങ്ങി കൈമാറിയെന്നതാണ് പൊലീസുകാരനെതിരായ കുറ്റം. ജയിലിലേക്ക് ഫോണുകൾ കടത്തിയതിനാണ് സൈക്യാട്രിസ്റ്റ് ഡോ. നാഗരാജിനെ പ്രതിയാക്കിയത്.
advertisement
ബെംഗളൂരു പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം 2023 ഒക്ടോബറിലാണ് ജയിൽ ഭീകര ഗൂഢാലോചന കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തത്. നസീർ ജയിലിൽ വെച്ച് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശേഷം പ്രതികൾ ആയുധങ്ങൾ, വെടിക്കോപ്പുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ വാങ്ങിയതായി അന്വേഷണ ഏജൻസികൾ ആരോപിച്ചു.
13 വർഷത്തിലേറെയായി ജയിലിലായിരുന്ന നസീർ, 2017 നും 2019 നും ഇടയിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന 20 യുവാക്കളുടെ സംഘത്തിലെ ചിലരെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചുവെന്ന് ബെംഗളൂരു പൊലീസ് പ്രാഥമിക അന്വേഷണത്തിൽ സൂചന നൽകിയിരുന്നു.
2017 ൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 20 യുവാക്കളിൽ ഒരാളായ 29 കാരനായ ജുനൈദ് അഹമ്മദിനെ തന്റെ മതത്തിന്റെ പേരിൽ നസീർ തീവ്രവാദ പ്രവർത്തനത്തിന് പ്രേരിപ്പിച്ചതായും ഒരു മൊഡ്യൂൾ സൃഷ്ടിക്കാൻ സഹായിച്ചതായും പൊലീസ് ആരോപിച്ചു. 2021ഓടെ ദുബായിലേക്ക് പോയ ജുനൈദ് അഹമ്മദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
2017 ലെ ചന്ദനമോഷണ കേസിൽ ബെംഗളൂരു ജയിലിൽ കഴിയുമ്പോൾ ജുനൈദിന്റെ മാതാപിതാക്കളായ അനീസ് ഫാത്തിമയെയും അബ്ദുൾ ബഷീറിനെയും നസീർ തീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെടുന്നു.
"ജയിലിൽ നിന്ന് കോടതിയിലേക്കുള്ള യാത്രാമധ്യേ രക്ഷപ്പെടാൻ സൗകര്യമൊരുക്കാനുള്ള പദ്ധതികളും നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയും ഉൾപ്പെടെ തീവ്രവാദവൽക്കരണത്തിനും തുടർന്നുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്കും നസീർ പദ്ധതിയിട്ടു," എൻഐഎ കഴിഞ്ഞ വർഷം പറഞ്ഞു.
2008ലെ ബെംഗളൂരു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 2009ൽ അറസ്റ്റിലായ തടിയന്റവിടെ നസീറിനെ 2007-ൽ വാഗമണിൽ നടന്ന ഭീകര പരിശീലന ക്യാമ്പിന്റെ ഭാഗമായതിന് 2018-ൽ കേരളത്തിലെ എൻഐഎ കോടതി ഏഴ് വർഷം ശിക്ഷിച്ചിരുന്നു. നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യിലെ 18 അംഗങ്ങളിൽ ഒരാളായിരുന്നു നസീർ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
July 23, 2025 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തടിയന്റവിടെ നസീർ കേസ്; ജയിലിലെ ഡോക്ടർ 8000 രൂപയ്ക്ക് വാങ്ങിയ ഫോൺ തടവുകാര്‍ക്ക് വിറ്റത് 25,000 രൂപയ്ക്ക്