തക്കാളി വില സെഞ്ച്വറി കടന്നു; ദിവസങ്ങൾക്കുള്ളിൽ 50 ൽ നിന്ന് 130 രൂപയിലേക്ക് ഉയർന്നു
- Published by:Vishnupriya S
- news18-malayalam
Last Updated:
തീപിടിച്ച വിലയോ അതോ സ്വർണ്ണത്തിന്റെ വിലയോ..! തക്കാളി വില സെഞ്ച്വറിയും കടന്നു കുതിക്കുന്നു
തീപിടിച്ച വിലയോ അതോ സ്വർണ്ണംപിടിച്ച വിലയോ..! തക്കാളി വില സെഞ്ച്വറിയും കടന്നു കുതിക്കുകയാണ്. കഴിഞ്ഞ മാസം 50 രൂപയായിരുന്ന തക്കാളി വില ദിവസങ്ങൾക്കുള്ളിലാണ് ഇരട്ടി വിലയിലേക്ക് ഉയർന്നത്. ചില്ലറ വിൽപന വില 120 – 130 രൂപയാണ്. തക്കാളി മാത്രമല്ല അടുക്കള ബജറ്റിന്റെ കീഴ്മേൽ മറിക്കുന്ന വിധം സവാള, ഉരുളക്കിഴങ്ങ്, മുരിങ്ങക്ക, ബീൻസ്, പയർ, വെളുത്തുള്ളി, ഇഞ്ചി എന്നിവയുടെ വിലയും കുതിക്കുകയാണ്. കഴിഞ്ഞ വർഷവും ഇതേ മാസങ്ങളിൽ തക്കാളിവില കുതിച്ചുയർന്നിരുന്നു .
രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇക്കാരണം കൊണ്ട് വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. കടുത്ത വേനലും അകാല മഴയുമാണ് പച്ചക്കറികളുടെ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വെള്ളീച്ച ആക്രമണവും അപ്രതീക്ഷിത മഴയുമാണു തക്കാളി വിളവിൽ കുറവു വരുത്തിയതെന്നാണു കർഷകർ പറയുന്നത്.
ഈ വർഷം മഹാരാഷ്ട്രയിലെ ജുന്നാർ മേഖലയിൽ അമിതമായ ചൂട് കാരണം തക്കാളി ഉത്പാദനം കുറഞ്ഞിട്ടുണ്ട്. സാധാരണ വേനൽക്കാല വിളയായ തക്കാളി ഉൽപ്പാദനം (മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിതച്ച് ജൂണിൽ വിളവെടുക്കുന്നത്) ഏക്കറിന് 2000 പെട്ടികളാണ്. ഇതാണ് ഇത്തവണ ഏക്കറിന് 500-600 പെട്ടികളായി കുറഞ്ഞിരിക്കുന്നത്. തൽഫലമായുണ്ടാകുന്ന ക്ഷാമം വില കുത്തനെ കുതിച്ചുയരാൻ കാരണമായി.
advertisement
മുംബൈയിലെയും മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെയും വിലകൾ കിലോഗ്രാമിന് 90-100 രൂപയായി ഉയർന്നു, അതേസമയം ഓൺലൈൻ പോർട്ടലുകളിൽ വില കിലോയ്ക്ക് 90-95 രൂപയാണ്. അമിതമായ ചൂട് മറ്റ് പച്ചക്കറികളായ ഉരുളക്കിഴങ്ങ്, ഉള്ളി, ഇലക്കറികൾ എന്നിവയുടെ വില വർദ്ധിപ്പിച്ചു. മഴയുടെ ആഘാതം മൂലം എല്ലാ വർഷവും മൺസൂൺ മാസങ്ങളിൽ പച്ചക്കറി വില ഉയരാറുണ്ട്. എന്നാൽ, ഈ വർഷം, വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം അമിതമായ വേനൽച്ചൂടാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 22, 2024 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തക്കാളി വില സെഞ്ച്വറി കടന്നു; ദിവസങ്ങൾക്കുള്ളിൽ 50 ൽ നിന്ന് 130 രൂപയിലേക്ക് ഉയർന്നു