ദുബായില്‍ മധുരം പകരാന്‍ ത്രിപുരയുടെ 'റാണി'യെത്തുന്നു
Last Updated:
അഗര്‍ത്തല : വിശുദ്ധ റംസാന്‍ മാസത്തില്‍ ദുബായിലെ നോമ്പുതുറയ്ക്ക് മധുരം കൂട്ടാന്‍ ഇനി ത്രിപുരയില്‍ നിന്നുള്ള പൈനാപ്പിളുകള്‍. ത്രിപുര പൈനാപ്പിളുമായുള്ള ദുബായിലേക്കുള്ള ആദ്യ ചരക്ക് യാത്ര ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്തു. റാണി എന്ന വകഭേദത്തില്‍ വരുന്ന പൈനാപ്പിളുകള്‍ ചൊവ്വാഴ്ചയോടെ ദുബായിലെത്തുമെന്നാണ് സൂചന. വിവിധ വിദേശരാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് പൈനാപ്പിള്‍ കയറ്റുമതി തുടരുമെന്നാണ് ബിപ്ലവ് ചടങ്ങിനിടെ അറിയിച്ചത്.

2022 നുള്ളില്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നങ്ങളിലൊന്നാണ്. ഇവിടെ നിന്നുള്ള പൈനാപ്പിള്‍ കയറ്റുമതി വഴി ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണെന്നും ത്രിപുര മുഖ്യമന്ത്രി വ്യക്തമാക്കി.ഉപയോഗിക്കാതെ കിടക്കുന്ന ഭൂമികളില്‍ മുളയും പൈനാപ്പിളും കൃഷിചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെടും. നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാലം മുളകള്‍ക്ക് വളരെ അനുയോജ്യമാണ്. ഇക്കാലയളവില്‍ ഇവ സമൃദ്ധമായി വളരും. അതുപോലെ തന്നെ പൈനാപ്പിളും. വെറുതെ കിടക്കുന്ന ഭൂമിയില്‍ മുളയും പൈനാപ്പിളും കൃഷി ചെയ്യാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ട് കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറക്കുമെന്നും ബിപ്ലവ് അറിയിച്ചിട്ടുണ്ട്.
advertisement
ദുബായ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നതിനായി കൊല്‍ക്കത്ത അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമായി ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ത്രിപുര സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പു വച്ചത്. ഇസ്രായേല്‍, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങളും ത്രിപുരയില്‍ നിന്നുള്ള പൈനാപ്പിള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ത്രിപുര കൃഷി മന്ത്രി പ്രണജിത് സിംഗാ റോയ് അറിയിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 04, 2018 8:40 AM IST