ബിഹാറിൽ 9 വർഷമായി നിർമ്മാണത്തിലിരിക്കുന്ന പാലം മൂന്നാം തവണയും തകർന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആവർത്തിച്ച് തകരുന്നത് കാരണം പാലം നിർമ്മാണത്തിൻ്റെ ഗുണമേൻമയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
ബീഹാറിൽ ഗംഗാനദിക്കു കുറുകെ നിർമ്മാണത്തിലിരുന്ന പാലത്തിൻ്റെ ഒരുഭാഗം തകർന്നുവീണു. 9 വർഷമായി നിർമ്മാണം പുരോഗമിക്കുന്ന സുൽത്താൻ ഗഞ്ച് ആഗുവാനി ഘട്ട് പാലത്തിന്റെ ഒരുഭാഗമാണ് തകർന്ന് ഗംഗാനദിയിലേക്ക് പതിച്ചത്. ആളപായമില്ല. ഇത് മൂന്നാം തവണയാണ് നിർമ്മാണത്തിലിരിക്കുന്ന ഈ പാലം തകർന്നു വീഴുന്നത്. ആവർത്തിച്ച് തകരുന്നത് കാരണം പാലം നിർമ്മാണത്തിൻ്റെ ഗുണമേൻമയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. മൂന്നാം തവണയും പാലം തകർന്നത് സംഭവത്തിന്റെ ഗൌരവം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ നിർമ്മാണം ഏറ്റെടുത്ത കമ്പനി പാലത്തിന്റെ തുടർച്ചായായുള്ള തകർച്ചയിൽ യാതൊരു വിശദീകരണവും നൽകിയിട്ടില്ല. ദൃക്സ്ക്ഷികൾ പകർത്തിയ പാലം തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ബഗൽപ്പൂർ ജില്ലയിലെ സുൽത്താൻ ഗഞ്ചിനെയും ഖഗാറിയ ജില്ലയിലെ ആഗുവാനി ഘട്ടിനെയും ബന്ധിപ്പിച്ച് കൊണ്ട് ഗംഗാ നദിക്ക് കുറുകെ നിർമ്മിക്കുന്ന പാലം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ച പ്രധാന അടിസ്ഥാന വികസന പദ്ധതികളിൽ ഒന്നായിരുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ ബഗൽപ്പൂരിൽ നിന്ന് ഖഗാറിയ വഴി ജാർഖണ്ഡിലേക്കുള്ള യാത്ര എളുപ്പമാകും. പ്രദേശത്തെ ഏറെത്തിരക്കുള്ള വിക്രമശില പാലത്തിലൂടെയുള്ള തിരക്കും ഇതിലൂടെ കുറയ്ക്കാനാകും എന്നാണ് കരുതുന്നത്. 2022 ജൂൺ 30ന് അഞ്ചും ആറും തൂണുകൾക്കിടയിലുള്ള ഭാഗമാണ് ആദ്യം തകർന്ന് ഗംഗാ നദിയിൽ പതിച്ചത്. 2023 ജൂൺ 4നാണ് രണ്ടാം തവണ പാലം തകർന്നത്. പാലത്തിന്റെ അലൈൻമെൻ്റിൽ ഉണ്ടായ പിഴവാണ് തുടർച്ചയായി പാലം തകരുന്നതിന് കാരണം എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
advertisement
3.16 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ നിർമ്മാണം 2014 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. 1710 കോടി രൂപയാണ് പാലത്തിന്റെ ആകെ നിർമ്മാണ ചെലവ്. ഇരുഭാഗത്തുമുള്ള പാലത്തിന്റെ ആപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയായെങ്കെലും നദിക്ക് കുറുകെയുള്ള പ്രധാന ഭാഗം ഇനിയും പൂർത്തിയാകാതെ കിടക്കുകയാണ്. പാലത്തിന്റെ തുടച്ചയായുള്ള തകർച്ച നിർമ്മാണം എറ്റെടുത്തിരിക്കുന്ന കരാർ കമ്പനിയെയും സംശയത്തിൻ്റെ നിഴലിലാക്കുന്നുണ്ട്.
പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ച് പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bihar
First Published :
August 17, 2024 2:22 PM IST