യുവാക്കൾ ജീൻസും പാവാടയും ധരിച്ച് പുറത്തിറങ്ങരുതെന്ന് ഉത്തർപ്രദേശ് പഞ്ചായത്ത്; ഉത്തരവ് ലംഘിച്ചാൽ സാമൂഹിക ബഹിഷ്കരണം
- Published by:Naseeba TC
- news18-malayalam
Last Updated:
ആൺകുട്ടികൾ ഹാഫ് പാന്റ്സ് ധരിക്കുന്നതിനും പെൺകുട്ടികൾ സ്കർട്ട്, ജീൻസ് എന്നിവ ധരിക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശ്: യുവാക്കൾ ജീൻസ്, ഹാഫ് പാന്റ്സ്, സ്കർട്ട് എന്നിവ ധരിക്കുന്നത് വിലക്കി ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ പഞ്ചായത്ത്. നിർദേശം ലംഘിച്ച് ഈ വസ്ത്രങ്ങൾ ധരിച്ച് പൊതു സ്ഥലത്ത് ഇറങ്ങിയാൽ സാമൂഹിക ബഹിഷ്കരണം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ആൺകുട്ടികൾ ഹാഫ് പാന്റ്സ് ധരിക്കുന്നതിനും പെൺകുട്ടികൾ സ്കർട്ട്, ജീൻസ് എന്നിവ ധരിക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മുസാഫർനഗറിലെ പിപ്പൽഷാ ഗ്രാമത്തിലുള്ള ക്ഷത്രിയ പഞ്ചായത്തിലാണ് ഉത്തരവിറങ്ങിയത്. ഗ്രാമത്തിലെ രജ്പുത്ത് വിഭാഗത്തിലുള്ളവരുടേതാണ് ഉത്തരവ്.
ഉത്തർപ്രദേശിൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഒരു വിഭാഗം ആളുകൾ പഞ്ചായത്ത് കൂടി ഇത്തരം തീരുമാനങ്ങൾ എടുത്തത്. തെരഞ്ഞെടുപ്പിൽ സീറ്റ് സംവരണത്തേയും പഞ്ചായത്തിൽ പങ്കെടുത്തവർ എതിർത്തു. കൂടാതെ, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ബഹിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
advertisement
സംസ്കാരം തകർന്നാൽ രാജ്യവും സമൂഹവും താനേ തകർന്നു പോകുമെന്നും ഇതിന് തോക്കോ പീരങ്കിയോ ആവശ്യമില്ലെന്നും പഞ്ചായത്തിന് നേതൃത്വം കൊടുത്ത താക്കൂർ പൂരന‍് സിങ് പറഞ്ഞു. സംസ്കാരം തകരാതിരിക്കാൻ തെരഞ്ഞെടുപ്പ് സമയത്ത് മദ്യമോ മറ്റ് വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ലെന്നും താക്കൂർ പറഞ്ഞു.
"രണ്ടാമത്തെ പ്രശ്നം ഗ്രാമത്തിലെ ആൺകുട്ടികളുടെ വസ്ത്രധാരണമാണ്. പുതിയ കുട്ടികൾ ഹാഫ് പാൻറ്സ് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ഇനി ആരെങ്കിലും ഹാഫ് പാന്റ്സ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ടാൽ സമൂഹം അവരെ ശിക്ഷിക്കുന്നതായിരിക്കും. മൂന്നാമത്തെ കാര്യം, പെൺകുട്ടികൾ ജീൻസ് പോലുള്ള ആക്ഷേപകരമായ വസ്ത്രങ്ങൾ ധരിക്കുന്നു എന്നതാണ്. ഇത് നമ്മുടെ സമൂഹത്തിന് നല്ലതല്ല. അതിനാൽ തന്നെ നമ്മുടെ സമൂഹം ഒന്നടങ്കം ഇത്തരം വസ്ത്രധാരണത്തെ നിരോധിക്കണം. രാജ്യത്തിന്റെ സംസ്കാരത്തിന് ചേരുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. വസ്ത്രധാരണത്തിൽ നിയന്ത്രണം വെക്കാത്ത സ്കൂളുകളോ കോളേജുകളോ ഉണ്ടെങ്കിൽ അവയും ബഹിഷ്കരിക്കണം". താക്കൂറിന്റെ വാക്കുകൾ.
advertisement
കഴിഞ്ഞ വർഷവും മുസാഫർനഗറിലെ ഖാപ്പ് പഞ്ചായത്ത് പുരുഷന്മാർ ഹാഫ് പാന്റ്സ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. മാർക്കറ്റിലും മറ്റ് പൊതു സ്ഥലങ്ങളിലും ആൺകുട്ടികൾ ഹാഫ് പാന്റ്സ് ധരിച്ച് പോകുന്നത് വീട്ടിലെ മുതിർന്നവർ തടയണമെന്നായിരുന്നു ഖാപ്പ് പഞ്ചായത് തലവൻ നരേഷ് ടികായത്ത് ആവശ്യപ്പെട്ടത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 10, 2021 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യുവാക്കൾ ജീൻസും പാവാടയും ധരിച്ച് പുറത്തിറങ്ങരുതെന്ന് ഉത്തർപ്രദേശ് പഞ്ചായത്ത്; ഉത്തരവ് ലംഘിച്ചാൽ സാമൂഹിക ബഹിഷ്കരണം