ഹതീന്ദര്‍ സിംഗ് എന്ന ട്വിറ്റര്‍ (twitter) ഉപഭോക്താവ് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ (video) ആണ് ഇപ്പോള്‍ സൈബർ ലോകത്തെ ചൊടിപ്പിച്ചിരിക്കുന്നത്. രണ്ട് കുട്ടികള്‍ ഒരു ഭക്ഷണശാലയില്‍ ഇരിയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. പക്ഷേ, കുറച്ച് സമയത്തിന് ശേഷം അവിടുത്തെ ജീവനക്കാരന് (staff) ഇരുവരെയും പുറത്താക്കുന്നു. സ്ബാരോയുടെ ഒരു ഔട്ടലെറ്റിലാണ് (outlet) സംഭവം നടക്കുന്നത്.
'ഈ കുട്ടികള്‍ പണം നല്കി ഭക്ഷണം കഴിയ്ക്കാന്‍ ഇരിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അത് കൊടുക്കണം, പക്ഷേ, വെയ്റ്റര്‍ കുട്ടികളെ പുറത്തേയ്ക്ക് തള്ളുന്ന രീതിയും അവര്‍ പരസ്പരം നോക്കുന്നതും കണ്ടാല്‍ നമുക്ക് മനസ്സിലാകും, ഒരാള്‍ക്ക് എത്ര ബഹുമാനം നല്‍കണമെന്ന് നമ്മള് തീരുമാനിക്കുന്നത് അയാളുടെ സാമ്പത്തിക നിലയ്ക്ക് അനുസരിച്ചാണെന്ന്' എന്ന വാചകങ്ങളോട് കൂടിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടികള്‍ എന്തെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് ഇരിക്കുന്നതാണോ അതോ വെറുതെ അവിടെ ചുറ്റിത്തിരിഞ്ഞതാണോ എന്ന് വീഡിയോയില്‍ വ്യക്തമല്ല.
എന്തായാലും ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 6000ത്തോളം ആളുകളാണ് വീഡിയോ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കണ്ടത്. സ്വന്തം തലക്കെട്ടുകളും ചേര്‍ത്ത് നിരവധിപ്പേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുന്നുമുണ്ട്. 'ഈ കുട്ടികള്‍ വെറുതെ അവിടെ ഇരിക്കുന്നതാണോ അല്ലെയോ എന്ന് കൃത്യമായി അറിയില്ല, വെറുതെ ഇരിക്കുന്നതാണെങ്കില്‍ സീനിയര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് വെയ്റ്റര്‍ക്ക് ചീത്ത കേള്‍ക്കും. അതിനാലായിരിക്കണം അയാള്‍ കുട്ടികളെ പുറത്താക്കിയത്' ഒരാള്‍ കമന്റ് ചെയ്തു.
പലരും സ്ബാരോ പിസ ഇനി മുതല്‍ കഴിയ്ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വീഡിയോ എടുത്തയാള്‍ എന്ത് ചെയ്യുകയായിരുന്നു എന്നും, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് അയാള്‍ക്ക് അറിയാമോ എന്നും പലരും ചോദിക്കുന്നുണ്ട്. വീഡിയോ എടുത്തയാള്‍ കുട്ടികളെ സഹായിച്ചോ എന്നും ചിലര്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. കുട്ടികളോട് എങ്ങനെ പെരിമാറണമെന്ന് റെസ്റ്റോറന്റ് ജീവനക്കാരന് പഠിക്കണമെന്നും ഒരാള്‍ ആവശ്യപ്പെട്ടു.
തമിഴിലെ കാക്കമുട്ടെയ് സിനിമയാണ് ഈ വീഡിയോ കണ്ടാല്‍ ഓര്‍മ്മ വരിക. പിസ്സ കഴിയ്ക്കണമെന്ന മോഹവുമായി കടയില്‍ എത്തുന്ന സഹോദരങ്ങളുടെ കഥയാണ് ഈ സിനിമ. സമാനമായ രീതിയില്‍ ഹോട്ടല്‍ ജീവനക്കാരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായ നിരവധി വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ യുവതിക്ക് നേരിടേണ്ടി വന്നത് വെയ്റ്ററുടെ ആക്രമണമാണ്. കേക്ക് മുറിക്കാന്‍ വെയ്റ്ററോട് കത്തി ചോദിച്ച 30കാരി ഫര്‍സാന മിറത്തിനെയാണ് വെയ്റ്റർ ആക്രമിച്ചത്. കേക്ക് മുറിക്കാന്‍ കത്തി ചോദിച്ച യുവതിയുടെ കഴുത്ത് മുറിക്കുകയാണ് യുവാവ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ വെയ്റ്റര്‍ നിഷാന്ത് ഗൗഡയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.കുറച്ച് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിനു ശേഷം ആറ്, ഏഴ് തവണ വെയ്റ്ററെ വിളിച്ചിരുന്നു. അതിനുശേഷം ഒരു കേക്കും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, കേക്കുമായി എത്തിയ ഗൗഡ അതിനൊപ്പം കത്തി കരുതിയിരുന്നില്ല. അതേസമയം, മിറാത്തിന്റെ പെരുമാറ്റം ഗൗഡയെ അങ്ങേയറ്റം ശല്യപ്പെടുത്തുന്ന രീതിയിലായിരുന്നെന്നും ഇതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. യുവതി കത്തി ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ പോയ ഗൗഡ നേരെ അടുക്കളയിലെത്തി കത്തിയെടുത്ത് വരികയായിരുന്നു. എന്നാല്‍, കത്തി യുവതിക്ക് കൊടുക്കുന്നതിനു പകരം അതുപയോഗിച്ച് അവരെ ആക്രമിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chicken pizza, Pizza, Twitter India