കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ധര്‍ണ അവസാനിപ്പിച്ചു. ചന്ദ്രബാബു നായിഡു ഫോണില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 46 മണിക്കൂറിനു ശേഷം മമത ധര്‍ണ അവസാനിപ്പിക്കാന്‍ തയാറായത്. കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിന്റെ വീട്ടില്‍ സി.ബി.ഐ പരിശോധനയ്ക്കെത്തിയതിനു പിന്നാലെയാണ് മെട്രോ ചാനലിനു മുന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ധര്‍ണ ആരംഭിച്ചത്.
ധർണ അവസാനിപ്പിച്ചാലും കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് മമത ബാനർജി പറഞ്ഞു. സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തിനു പിന്നാലെ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അച്ചടക്ക നടപടി ആരംഭിച്ചു. സംഭവത്തില്‍ വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി കത്തയച്ചു. രാജീവ് കുമാര്‍ അച്ചടക്കലംഘനം നടത്തിയെന്നും സര്‍വീസ് റൂളിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.
രാജീവ് കുമാര്‍ സിബിഐ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. നിക്ഷ്പക്ഷ സ്ഥലമെന്ന നിലയില്‍ ഷില്ലോങ്ങിലാകും ചോദ്യം ചെയ്യല്‍. സിബിഐ നല്കിയ കോടതിയലക്ഷ്യ ഹര്‍ജികളില്‍ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡി ജി പി, രാജീവ് കുമാര്‍ എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.