ചൈന ബ്രഹ്‌മപുത്രയിലെ വെള്ളം തടഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് പാകിസ്ഥാന്‍; വലിയ ഉപകാരമാകുമെന്ന് ആസാം മുഖ്യമന്ത്രി
- Published by:Sarika N
- news18-malayalam
Last Updated:
ബ്രഹ്‌മപുത്രയിലെ 65 മുതല്‍ 70 ശതമാനം വരെ ജലം ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണെന്ന് ആസാം മുഖ്യമന്ത്രി വ്യക്തമാക്കി
ചൈന ബ്രഹ്‌മപുത്ര നദിയിലെ ജലം തടഞ്ഞാല്‍ ഇന്ത്യ എന്തു ചെയ്യുമെന്ന പാകിസ്ഥാന്റെ ഭീഷണിസ്വരത്തിലുള്ള പ്രസ്താവനയ്ക്ക് ചുട്ട മറുപടി നല്‍കി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബ്രഹ്‌മപുത്ര നദിയുമായി ബന്ധപ്പെട്ട് സാങ്കല്‍പ്പികമായ ഒരു സാഹചര്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാനുള്ള അടിസ്ഥാനപരമായ ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വസ്തുതാപരമായ കാര്യങ്ങള്‍ വിവരിച്ചാണ് അദ്ദേഹം പാകിസ്ഥാന്റെ ഭീഷണിക്ക് മറുപടി നല്‍കിയത്. അഥവാ ചൈന അപ്രകാരം ചെയ്താൽ ഇത് ഇന്ത്യക്ക് ഉപകാരമാകുമെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയിരുന്നു.
''നിര്‍ണായക നിമിഷത്തില്‍ കാലഹരണപ്പെട്ട സിന്ധൂനദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയതിന് ശേഷം പാകിസ്ഥാന്‍ ഇപ്പോള്‍ കൃത്രിമമായ ഭീഷണി ഉയര്‍ത്തുകയാണ്,'' ആസാം മുഖ്യമന്ത്രി പറഞ്ഞു.
''ഭയം കൊണ്ടല്ല, മറിച്ച് വസ്തുതകളും ദേശീയപരമായ വ്യക്തതയും ഉപയോഗിച്ച് നമുക്ക് ഈ മിഥ്യാധാരണ പൊളിച്ചെഴുതാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു,'' ബ്രഹ്‌മപുത്ര നദി ഇന്ത്യയിലൊഴുകുമ്പോൾ ശക്തി പ്രാപിക്കുന്ന നദിയാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ബ്രഹ്‌മപുത്ര നദിയുടെ ഒഴുക്കില്‍ 30 മുതല്‍ 35 ശതമാനം മാത്രമാണ് ചൈന നല്‍കുന്നതെന്നും ടിബറ്റല്‍ പീഠഭൂമിയിലെ മഞ്ഞുരുകിയും അവിടെ ലഭിക്കുന്ന പരിമിതമായ മഴയുമാണ് ഇതിലേക്ക് സംഭാവന ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നദിയിലെ 65 മുതല്‍ 70 ശതമാനം വരെ ജലം ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണെന്നും ഇവിടുത്തെ മണ്‍സൂണും പോഷകനദികളിലെ ജലവും കൂടി ചേരുമ്പോഴാണ് ബ്രഹ്‌മപുത്ര ശക്തിപ്രാപിക്കുന്നത്.
ഇന്തോ-ചൈന അതിര്‍ത്തിയില്‍ (ട്യൂട്ടിംഗ്) നദിയുടെ ഒഴുക്ക് സെക്കന്‍ഡില്‍ 2000 മുതല്‍ 3000 ക്യുബിക് മീറ്റര്‍ വരെയാണെങ്കിലും മണ്‍സൂണ്‍ കാലത്ത് ആസാമില്‍ ഇത് സെക്കന്‍ഡില്‍ 15000 മുതല്‍ 20000 ക്യുബിക് മീറ്ററായി വര്‍ധിക്കുന്നുണ്ടെന്ന് ജലശാസ്ത്ര കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി ശർമ പറഞ്ഞു. നദിയെ നിലനിര്‍ത്തുന്നതില്‍ ഇന്ത്യയുടെ പ്രധാനപങ്കാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
''മഴയെ ആശ്രയിച്ച് നിലനില്‍ക്കുന്ന ഒരു ഇന്ത്യന്‍ നദിയാണ് ബ്രഹ്‌മപുത്ര. ഇന്ത്യയിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് ഇത് ശക്തിപ്പെടുന്നത്,'' ശര്‍മ പറഞ്ഞു.
''ചൈന പുഴയുടെ ഒഴുക്ക് കുറയ്ക്കാന്‍ ശ്രമിച്ചാല്‍ ഇത് ഇന്ത്യക്ക് വലിയ ഉപകാരമായി മാറും. വര്‍ഷം തോറും ആസാമില്‍ ഉണ്ടാകാറുള്ള വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കും. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാറ്റി പാര്‍പ്പിക്കുന്നത്. ഇതും ഒഴിവാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രഹ്‌മപുത്രയെ ഉപയോഗിച്ച് ചൈന ഒരിക്കലും ഔദ്യോഗികമായി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശര്‍മ ചൂണ്ടിക്കാട്ടി. ഇത്തരം ഊഹാപോഹങ്ങള്‍ ഭയം ജനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധൂനദീജല കരാറിനെ ദീര്‍ഘകാലമായി ആശ്രയിക്കുന്ന പാകിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യ ജലപരമാധികാരം പ്രയോഗിക്കുമ്പോള്‍ പരിഭ്രാന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. ''ഒരൊറ്റ സ്രോതസ്സിനെ ആശ്രയിച്ചല്ലബ്രഹ്‌മപുത്ര ഒഴുകുന്നത്. മറിച്ച് അത് ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെയും മണ്‍സൂണിനെയുമാണ് ആശ്രയിച്ചിരിക്കുന്നത്,'' അദ്ദേഹം പറഞ്ഞു.
advertisement
ഇന്ത്യയിലൂടെയും ചൈനയിലൂടെയും ടിബറ്റിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന നദിയാണ് ബ്രഹ്‌മപുത്ര. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ കൈലാസ പര്‍വതത്തിനടുത്തുള്ള മാനസസരോവര്‍ മേഖലയിലാണ് ബ്രഹ്‌മപുത്രയുടെ ഉത്ഭവസ്ഥാനം. ഇത് ടിബറ്റിലൂടെ ഒഴുകി അരുണാചല്‍ പ്രദേശിലൂടെ ഇന്ത്യയിലേക്ക് എത്തുന്നു. അവിടെന്ന് അസമിലൂടെ ഒഴുകി ബംഗ്ലാദേശിലേക്കും അവിടെനിന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്കും എത്തിച്ചേരുകയാണ് ചെയ്യുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 04, 2025 9:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചൈന ബ്രഹ്‌മപുത്രയിലെ വെള്ളം തടഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് പാകിസ്ഥാന്‍; വലിയ ഉപകാരമാകുമെന്ന് ആസാം മുഖ്യമന്ത്രി