ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ കർഷകരുടെ വിധവകൾ. കർഷ സമരത്തിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് പ്രതിഷേധം. യവത്മാളിൽ ഇന്നലെയാണ് പ്രതിഷേധം നടന്നത്. കങ്കണയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
"അതെ, ഞങ്ങൾ കർഷകരാണ്, തീവ്രവാദികളല്ല" എന്ന ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് സ്ത്രീകൾ പ്രതിഷേധം നടത്തിയത്. കർഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന പങ്കുവെച്ച ട്വീറ്റിന് മറുപടിയായി സമരം നടത്തുന്നത് ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞിരുന്നു.
കങ്കണ റണൗത്തിന്റെ ചിത്രങ്ങൾ കത്തിക്കുകയും ചെരിപ്പെറിഞ്ഞുമായിരുന്നു പ്രതിഷേധം. കർഷകരെ അപമാനിക്കുന്ന പരാമർശങ്ങൾ പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്യാതെ അവരുടെ സിനിമകൾ കാണില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
സാമൂഹ്യ പ്രവർത്തക സ്മിത തിവാരിയുടെ നേതൃത്വത്തിലാണ് സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തിയത്. ആക്ടിവിസ്റ്റുകളായ അനിൽ തിവാരി, അങ്കിത് നയ്താം, സുനിൽ റാവത്, സുരേഷ് തൽമലെ, നീൽ ജയ്സ്വാൾ, മനോജ് ചവാൻ, സന്ദീപ് ജജുൽവാർ, ചന്ദൻ ജയൻകർ, പ്രതീപ് കോസരെ, ബബ്ലു ദ്രുവ്, അഷുതോഷ് അംബാഡെ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ഡൽഹി അതിർത്തിയിൽ കർഷകരെ അടിച്ചമർത്തുന്നത് ഞങ്ങൾ കണ്ടതാണ്. കർഷകരെ നിഷ്കരുണം മർദ്ദിക്കുകയും അവർ മരിക്കുകയും ചെയ്യുന്നു. ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുകയില്ലെന്ന് കർഷകന്റ വിധവയായ ഭാരതി പവാർ പ്രതിഷേധ പരിപാടിയിൽ പറഞ്ഞു.
കടക്കെണിയിലായ ഭർത്താവ് ആത്മഹത്യ ചെയ്തതും അതിന്റെ പരിണിതഫലമായി തങ്ങളുടെ കുടുംബം അനുഭവിച്ചതും എന്താണെന്ന് വിധവയായ സീദം ഓർമ്മിച്ചു. കർഷകരുടെ വിധവകളോടും അനാഥരോടും സഹതാപം കാണിക്കുന്നതിന് പകരം കങ്കണയെപ്പോലുള്ള ദേശസ്‌നേഹമില്ലാത്ത ആളുകൾ അവരുടെ ത്യാഗങ്ങളെ കളിയാക്കുന്നുവെന്നും സീദം പറഞ്ഞു.
ബിജെപിയുടെ അനൗദ്യോഗിക വക്താവാണ് കങ്കണ റണൗത്ത് എന്നും പാവപ്പെട്ട കർഷകരെ തീവ്രവാദികളായി താരതമ്യപ്പെടുത്തുന്ന നടിയുടെ ട്വീറ്റുകളും പ്രതിഷേധ യോഗത്തിൽ സംസാരിച്ച വസന്തറാവു നായിക് ഷെട്ടി സ്വവ്‌ലമ്പൻ മിഷൻ (വിഎൻഎസ്‌എസ്എം) പ്രസിഡന്റ് കിഷോർ തിവാരി വിമർശിച്ചു.
കർഷക സമരത്തിന്റെ വാർത്ത പങ്കുവെച്ച് എന്താണ് ആരും ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതിന് മറുപടിയായി പോപ്പ് താരത്തെ 'വിഡ്ഢി'യെന്നും 'ഡമ്മി'യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമാണ് റിഹാനയുടെ ചോദ്യം പങ്കുവച്ച് അതിന് മറുപടിയായി കങ്കണ കുറിച്ചത്.
'ആരും അവരെക്കുറിച്ച് സംസാരിക്കാത്തത് എന്തെന്നാൽ അവര്‍ കർഷകരല്ല, ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അതുവഴി തകര്‍ന്ന് ദുർബലമാകുന്ന രാഷ്ട്രത്തെ ചൈനയ്ക്ക് എറ്റെടുക്കാനും യുഎസ്എ പോലെ ഒരു ചൈനീസ് കോളനിയാക്കി മാറ്റാനും വേണ്ടി. അവിടെ ഇരിക്കു വിഡ്ഢി, നിങ്ങൾ ഡമ്മികളെ പോലെ ഞങ്ങളുടെ ദേശത്തെ വിൽക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല' എന്നായിരുന്നു കങ്കണയുടെ മറുപടി ട്വീറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.