Domestic Violence Act| ഭർത്താവിന്റെ ബന്ധുവീട്ടിലും ഭാര്യയ്ക്ക് താമസാവകാശം; സുപ്രധാന വിധിയുമായി സുപ്രീംകോടതി
- Published by:Rajesh V
- news18-malayalam
Last Updated:
ഭർത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടിൽമാത്രമേ ഭാര്യക്ക് താമസാവകാശമുള്ളൂവെന്നാണ് 2006ലെ വിധി.
ന്യൂഡൽഹി: ഭർത്താവിനൊപ്പം താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസാവകാശമുണ്ടെന്ന് സുപ്രീംകോടതി. ഈ വീട്ടിൽ ഭർത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിർബന്ധമില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഗാർഹികപീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന വിധി. സുപ്രീംകോടതിയുടെതന്നെ 2006ലെ വിധിയെ മറികടന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിപറഞ്ഞത്.
ഗാർഹികപീഡന നിരോധനനിയമത്തിലെ രണ്ട് (എസ്) വകുപ്പ് പ്രകാരം താമസം പങ്കിടുന്ന വീട് എന്നതിന്റെ നിർവചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്. ഭർത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടിൽമാത്രമേ ഭാര്യക്ക് താമസാവകാശമുള്ളൂവെന്നാണ് 2006ലെ വിധി. എന്നാൽ, ഭർത്താവിന്റെ ബന്ധുവീടാണെങ്കിൽപ്പോലും അതിൽ ദമ്പതിമാർ മുമ്പ് താമസിച്ചതാണെങ്കിൽ ഭാര്യക്ക് തുടർന്നും താമസാവകാശമുണ്ടെന്നാണ് ഇന്നലെ മൂന്നംഗ ബെഞ്ച് വിധിച്ചത്.
advertisement
മരുമകൾക്കെതിരെ ഡൽഹിയിലെ സതീഷ് ചന്ദ്ര അഹൂജ നൽകിയ പരാതിയിലാണ് പരമോന്നത കോടതി വിധിപറഞ്ഞത്. വീടിന്റെ മുകളിലെ നിലയിലാണ് അഹൂജയുടെ മൂത്തമകനും ഭാര്യയും കഴിഞ്ഞിരുന്നത്. ഇതിനിടെ, അവർ തമ്മിൽ അകലുകയും വിവാഹമോചനക്കേസ് ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേ ഭാര്യ ഗാർഹിക പീഡന പരാതി നൽകി. ഇതിനുപിന്നാലെയാണ് മകന്റെ ഭാര്യ വീട്ടിൽ നിന്ന് താമസം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സതീഷ് ചന്ദ്ര അഹൂജ നിയമനടപടികളിലേക്ക് കടന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2020 6:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Domestic Violence Act| ഭർത്താവിന്റെ ബന്ധുവീട്ടിലും ഭാര്യയ്ക്ക് താമസാവകാശം; സുപ്രധാന വിധിയുമായി സുപ്രീംകോടതി