• HOME
 • »
 • NEWS
 • »
 • ipl
 • »
 • IPL 2021| കോവിഡ് പ്രതിസന്ധി രൂക്ഷം: ഐപിഎൽ മുംബൈയിലേക്ക് മാറ്റാൻ ഒരുങ്ങി ബിസിസിഐ

IPL 2021| കോവിഡ് പ്രതിസന്ധി രൂക്ഷം: ഐപിഎൽ മുംബൈയിലേക്ക് മാറ്റാൻ ഒരുങ്ങി ബിസിസിഐ

കോവിഡ് പോസിറ്റീവ് കേസുകള്‍ ടീമുകള്‍ക്കുള്ളിലും റിപ്പോര്‍ട്ട് ചെയ്തതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. എന്നാല്‍ ടൂര്‍ണമെന്റ് നിശ്ചയിച്ചതുപോലെ തന്നെ നടത്തുമെന്ന നിലപാടിലാണ് ബിസിസിഐ.

IPL 2021

IPL 2021

 • Last Updated :
 • Share this:
  ഐപിഎല്ലിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് ശക്തമായ ഭീഷണി ഉയര്‍ത്തി കോവിഡ് 19 വ്യാപനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തിലെ സിഇഒ കാശി വിശ്വനാഥൻ, ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജി, ബസ് ക്ലീനർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 29ന് കൊൽക്കത്തയുമായി കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനോട് ക്വറന്റീനിൽ പോകാനും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

  കോവിഡ് പോസിറ്റീവ് കേസുകള്‍ ടീമുകള്‍ക്കുള്ളിലും റിപ്പോര്‍ട്ട് ചെയ്തതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. എന്നാല്‍ ടൂര്‍ണമെന്റ് നിശ്ചയിച്ചതുപോലെ തന്നെ നടത്തുമെന്ന നിലപാടിലാണ് ബിസിസിഐ. എന്നാൽ ഇനിയുള്ള എല്ലാ മത്സരങ്ങളും മുംബൈയിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

  നിലവില്‍ ഡൽഹിയിലും അഹമ്മദാബാദിലുമായാണ് ടൂർണമെന്റ് നടക്കുന്നത്. ഈ സീസണിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ടീമുകൾക്കും ഹോം ഗ്രൗണ്ട് ആനുകൂല്യം നൽകാതെ ചെന്നൈ, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവടങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഐപിഎല്ലിൽ താരങ്ങൾ ബയോ ബബിളിൽ നിൽക്കുമ്പോൾ കോവിഡ് പിടിപെടാനുള്ള സാഹചര്യം വളരെ കുറവാണ്. ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഈ സാധ്യത ഉയർന്നു വരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് സുരക്ഷയൊരുക്കി യാത്ര ചെയ്യിക്കുന്നതില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ത്തന്നെ മുംബൈയില്‍ മാത്രമായി വേദി ഒതുക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

  Also Read- ഐപിഎല്ലിൽ ജീവവായു തേടി സൺറൈസേഴ്‌സ് ഹൈദരാബാദ്; എതിരാളികൾ മുംബൈ ഇന്ത്യൻസ്

  മൂന്ന് സ്റ്റേഡിയങ്ങള്‍ മുംബൈയിലുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ പകുതിയിലധികം മത്സരങ്ങള്‍ കഴിഞ്ഞതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് വേദികളിലായി ക്രമീകരിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കൂടുതല്‍ താരങ്ങളിലേക്കും ജോലിക്കാരിലേക്കും കോവിഡ് വ്യാപനം ഉണ്ടാകാതെ നോക്കുകയെന്നാണ് നിലവിലെ ബിസിസിഐക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

  വിദേശ താരങ്ങള്‍ എല്ലാവരും വളരെ ആശങ്കയിലാണ്. നേരത്തെ തന്നെ കോവിഡ് ഭീതിയെത്തുടര്‍ന്ന് ചില വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ആൻഡ്രൂ ടൈ, ആദം സാംപ, ലിയാം ലിവിങ്സ്റ്റന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. കൂടുതല്‍ വിദേശ താരങ്ങള്‍ മടങ്ങിപ്പോവാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതെ രോഗവ്യാപന സാധ്യത വളരെ കുറച്ച് ഒരു സ്ഥലത്ത് തന്നെ മത്സരം നടത്താനുള്ള തീരുമാനത്തിലേക്ക് ബിസിസിഐ വരുന്നത്.

  നിലവിലെ ഷെഡ്യൂള്‍ പ്രകാരം മെയ് 30നാണ് ഐപിഎൽ ഫൈനല്‍ നടക്കുക. എന്നാല്‍ ഇനിയും കൂടുതല്‍ കേസുകള്‍ പോസിറ്റീവായാല്‍ പാതിവഴിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുമെന്ന് ഉറപ്പാണ്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനാല്‍ താരങ്ങളെ മടക്കി നാട്ടിലേക്ക് അയക്കുന്നതിനെല്ലാം തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഓസ്ട്രേലിയൻ ഗവൺമെന്റ് പ്രഖ്യാപിച്ചത് അനുസരിച്ച് ഇപ്പോൾ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന ഓസ്ട്രേലിയൻ പൗരന്മാർക്ക് ജയിൽശിക്ഷയും പിഴയും ലഭിക്കും. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി മാറുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇപ്പോൾ സംഭവിച്ച വീഴ്ച എന്താണെന്ന് കണ്ടുപിടിച്ച് ഐപിഎല്ലിൽ ഭാഗമായവരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഉറപ്പാക്കുക എന്നാണ് ബിസിസിഐ ചെയ്യേണ്ടത്.
  Published by:Rajesh V
  First published: