IPL 2022 | ആശിച്ച ജയം ഒടുവിൽ സ്വന്തമാക്കി മുംബൈ; രാജസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വിജയം
- Published by:Naveen
- news18-malayalam
Last Updated:
മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും തിലക് വർമയും കൂട്ടിച്ചേർത്ത 81 റൺസാണ് മുംബൈ ഇന്നിങ്സിന്റെ അടിത്തറ.
ഹാ..ഒടുവിൽ ഐപിഎൽ 15-ാ൦ സീസണിൽ (IPL 2022) വിജയത്തിന്റെ ആദ്യ രുചി നുണഞ്ഞ് മുംബൈ ഇന്ത്യൻസ് (Mumbai Indians). തുടരെ എട്ട് മത്സരങ്ങൾ തോറ്റ് നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണ അവർക്ക് അഭിമാനം കാക്കാൻ രാജസ്ഥാനെതിരായ (Rajasthan Royals) മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. വിജയത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞുകൊണ്ട് പൊരുതിയ അവർ ഒടുവിൽ ആ ആശ്വാസ ജയം നേടിയെടുക്കുകയായിരുന്നു.
രാജസ്ഥാനെതിരെ 159 റൺസ് വിജയലക്ഷ്യം വെച്ച് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറി പ്രകടനമാണ് (39 പന്തിൽ 51) മുംബൈയുടെ വിജയത്തിൽ നിർണായകമായത്. മൂന്നാം വിക്കറ്റിൽ തിലക് വർമയ്‌ക്കൊപ്പം (35) സൂര്യ കൂട്ടിച്ചേർത്ത 81 റൺസാണ് മുംബൈ ഇന്നിങ്സിന്റെ അടിത്തറ.
സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറില്‍ 158/6, മുംബൈ ഇന്ത്യൻസ് 19.2 ഓവറിൽ 161/5
First win in the bag - Congratulations to #MI who have beaten #RR by 5 wickets 👏👏#RRvMI | #TATAIPL | #IPL2022 pic.twitter.com/MDPru1K4pj
— IndianPremierLeague (@IPL) April 30, 2022
advertisement
മികച്ച അടിത്തറ ഇട്ടതിന് ശേഷം ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ മടക്കി രാജസ്ഥാൻ തിരിച്ചടിച്ചെങ്കിലും പിന്നീട് ക്രീസിലെത്തിയ സിംഗപ്പൂർ ബാറ്റർ ടിം ഡേവിഡ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് (ഒമ്പത് പന്തിൽ 20) മുംബൈയെ വിജയതീരത്തേക്ക് അടുപ്പിച്ചത്. അവസാന ഓവറിൽ കുൽദീപ് സെൻ എറിഞ്ഞ രണ്ടാം പന്ത് സിക്സിന് പറത്തി ഡാനിയൽ സാംസ് മുംബൈയുടെ ജയം ഉറപ്പാക്കിയപ്പോൾ ആരാധകർക്കെന്ന പോലെ ഓരോ മുംബൈ താരങ്ങൾക്കും അത് ആശ്വാസത്തിന്റെ നിമിഷമായിരുന്നു.
രോഹിത് ശർമ (2) ഇത്തവണയും നിരാശപ്പെടുത്തി. ഇഷാൻ കിഷൻ (26) നന്നായി തുടങ്ങിയെങ്കിലും വേഗം പുറത്തായി. 41-2 എന്ന നിലയിൽ പതറി നിൽക്കവെയായിരുന്നു സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.
advertisement
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് എടുത്തത്. ജോസ് ബട്ട്‌ലറുടെ അര്‍ധസെഞ്ചുറി പ്രകടനമാണ് (52 പന്തില്‍ 67) രാജസ്ഥാന്‍ റോയല്‍സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ബട്ട്‌ലറുടെ മികവില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുറിക്കുകയായിരുന്ന രാജസ്ഥാനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് മുംബൈ പിടിച്ചുനിര്‍ത്തിയത്. അവസാന നാലോവറിൽ കേവലം 32 റൺസ് മാത്രമാണ് മുംബൈ വഴങ്ങിയത്.
മത്സരം ജയിച്ചെങ്കിലും മുംബൈ ഇപ്പോഴും പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങളിൽ നിന്നും കേവലം ഒരു മത്സരത്തിലെ ജയത്തോടെ അവർ രണ്ട് പോയിന്റുമായി പത്താം സ്ഥാനത്ത് തന്നെ തുടരുന്നു. അതേസമയം, മത്സരം തോറ്റെങ്കിലും 12 പോയിന്റുമായി രാജസ്ഥാൻ രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്. ജയത്തോടെ പ്ലേ ഓഫ് യോഗ്യതയ്ക്ക് ഒരുപടി കൂടി അടുക്കാനുള്ള അവസരമാണ് അവർ നഷ്ടപ്പെടുത്തിയത്.
Location :
First Published :
April 30, 2022 11:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | ആശിച്ച ജയം ഒടുവിൽ സ്വന്തമാക്കി മുംബൈ; രാജസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വിജയം