IPL 2020 | അവസാന പന്ത് വരെ ആവേശം; സൂപ്പർ ഓവറിൽ ജയിച്ചുകയറി ആർസിബി

Last Updated:

ബാംഗ്ലൂരിനുവേണ്ടി സൂപ്പർ ഓവറിൽ പന്തെറിഞ്ഞ നവ്ദീപ് സെയ്നിയാണ് മത്സരത്തിൽ ഹീറോയായത്. പൊള്ളാർഡിന്‍റെ വിക്കറ്റും അദ്ദേഹം നേടി

ദുബായ്: ഐപിഎല്ലിൽ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ സൂപ്പർ ഓവറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റുചെയ്ത മുംബൈയ്ക്ക് സൂപ്പർ ഓവറിൽ ഏഴു റൺസ് മാത്രമാണ് നേടാനായത്. തുടർന്ന് മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂർ അവസാന പന്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഡിവില്ലിയേഴ്സും കോഹ്ലിയുമാണ് ബാംഗ്ലൂരിനുവേണ്ടി സൂപ്പർ ഓവറിൽ ബാറ്റുചെയ്തത്. എന്നാൽ പന്തെറിഞ്ഞ ബൂംറ അക്ഷരാർഥത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാന പന്തിൽ ബൌണ്ടറിയടിച്ച് കോഹ്ലി ബാംഗ്ലൂരിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ബാംഗ്ലൂരിനുവേണ്ടി സൂപ്പർ ഓവറിൽ പന്തെറിഞ്ഞ നവ്ദീപ് സെയ്നിയാണ് മത്സരത്തിൽ ഹീറോയായത്. പൊള്ളാർഡിന്‍റെ വിക്കറ്റും അദ്ദേഹം നേടി. പൊള്ളാർഡും ഹർദിക് പാണ്ഡ്യയുമാണ് മുംബൈയ്ക്കുവേണ്ടി ബാറ്റുചെയ്തത്.
ബാംഗ്ലൂർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത മുംബൈ ഇന്നിംഗ്സ് 20 ഓവറിൽ അഞ്ചിന് 201 റൺസിൽ അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്കു കടന്നത്.
തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും ഇഷൻ കിഷനും, കീറൻ പൊള്ളാർഡും ചേർന്ന് നടത്തിയ പോരാട്ടമാണ് മുംബൈയെ ലക്ഷ്യത്തിന് അരികിൽ എത്തിച്ചത്. അവസാന ഓവറിൽ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ഇഷാൻ കിഷൻ പുറത്തായതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. അവസാന ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസ്. ആദ്യ രണ്ട് പന്ത് സിംഗിളായിരുന്നെങ്കിലും മൂന്നും നാലും പന്തുകൾ സിക്സർ പറത്തി കിഷൻ പ്രതീക്ഷ വർദ്ധിപ്പിച്ചു. എന്നാൽ അഞ്ചാം പന്തിൽ ലോങ് ഓണിൽ ക്യാച്ച് നൽകി കിഷൻ മടങ്ങുകയായിരുന്നു. അവസാന പന്തിൽ അഞ്ച് റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ പൊള്ളാർഡിന്‍റെ തകർപ്പൻ ഷോട്ട് സിക്സറായില്ല.
advertisement
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ മലയാളി താരം ദേവ്ദത്ത് പാഡിക്കൽ, എബി ഡിവില്ലിയേഴ്സ്, ആരോൺ ഫിഞ്ച് എന്നിവരുടെ അർദ്ധസെഞ്ച്വറികളുടെ മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. നിശ്ചിത 20 ഓവറിൽ മൂന്നിന് 201 റൺസാണ് അവർ നേടിയത്.
ദേവ്ദത്ത് പാഡിക്കലും ആരോൺ ഫിഞ്ചു ചേർന്നുള്ള ഓപ്പണിങ് സഖ്യം ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നൽകിയത്. പാഡിക്കൽ 40 പന്തിൽ 54 റൺസും ഫിഞ്ച് 35 പന്തിൽ 52 റൺസും നേടി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിന് 81 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച എബി ഡിവില്ലിയേഴ്സാണ് ബാംഗ്ലൂർ സ്കോർ 200 കടത്തിയത്. വെറും 24 പന്തിൽനിന്ന് 55 റൺസാണ് അദ്ദേഹം നേടിയത്. നാലു വീതം സിക്സറുകളും ബൌണ്ടറികളും ഉൾപ്പെടുന്നതായിരുന്നു വില്ലിയുടെ ഇന്നിംഗ്സ്. ശിവം ദുബെ 10 പന്തിൽ 27 റൺസെടുത്ത് പുറത്താകാതെ നിന്നു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | അവസാന പന്ത് വരെ ആവേശം; സൂപ്പർ ഓവറിൽ ജയിച്ചുകയറി ആർസിബി
Next Article
advertisement
Kalki 2898 AD: കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോൺ പിന്മാറി; സ്ഥിരീകരണവുമായി നിർമ്മാതാക്കൾ
Kalki 2898 AD: കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുകോൺ പിന്മാറി; സ്ഥിരീകരണവുമായി നിർമ്മാതാക്കൾ
  • ദീപിക പദുകോൺ കൽക്കി 2898 എഡി രണ്ടാം ഭാഗത്തിൽ നിന്ന് പിന്മാറി

  • കാരണം നിർമ്മാതാക്കൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല

  • ജോലി സമയത്തെ ഡിമാന്റുകൾ തർക്കത്തിന് ഇടയാക്കിയെന്ന് റിപ്പോർട്ട്

View All
advertisement