ഷാർജ: ഐപിഎൽ 13ാം സീസണിലെ നാലാം മത്സരത്തിൽ
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ
രാജസ്ഥാൻ റോയൽസിന് മിന്നും വിജയം. മലയാളി താരം
സഞ്ജു വി സാംസണിന്റെ മികച്ച പ്രകടനത്തിലാണ് രാജസ്ഥാന്റെ വിജയം. രാജസ്ഥാൻ മുന്നോട്ടുവെച്ച 217 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ഭേദപ്പെട്ട രീതിയിൽ കളി ആരംഭിച്ച ചെന്നൈയ്ക്ക് ഡുപ്ലസി, മുരളി വിജയ്, ഷെയ്ൻ വാട്സൻ എന്നിവർ പുറത്തായതിനു പിന്നാലെ മികച്ച സ്കോറ്‍ കണ്ടെത്താനായില്ല. ഒടുവിൽ അടുത്തടുത്ത് മൂന്ന് സിക്സറുകൾ പറത്തി നായകൻ എംഎസ് ധോണി പൊരുതിയെങ്കിലും 16 റൺസ് അകലെ കളി അവസാനിക്കുകയായിരുന്നു. ഡുപ്ലസി 37 പന്തിൽ 72 റൺസും വാട്സൻ 21 പന്തിൽ 33 റൺസും മുരളി വിജയ് 211 പന്തിൽ 21 റൺസും നേടി. പിന്നാലെ എത്തിയ ആർക്കും തന്നെ മികച്ച സ്കോർ സമ്മാനിക്കാൻ കഴിഞ്ഞില്ല.
രാജസ്ഥാന് വേണ്ടി രാഹുല്‍ തെവാട്ടിയ 37 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. 32 പന്തിൽ ഒമ്പത് സിക്സർ അടക്കം74 റൺസ് നേടുകയും രണ്ട് ക്യാച്ചുകളും രണ്ട് സ്റ്റംപിംഗുകളുമായി രാജസ്ഥാനു വേണ്ടി രാജകീയ പ്രകടനം തന്നെ ഇന്ന് സഞ്ജു നടത്തി.
ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ അരങ്ങേറ്റക്കാരൻ യഷസ്വി ജയ്സ്വാൾ ആറ് പന്തിൽ ആറ് റൺസ് എടുത്ത് പുറത്തായി. ദീപക് ചാഹറിനായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ സഞ്ജു ശരിക്കുമൊരു വെടിക്കെട്ട് തന്നെയാണ് നടത്തിയത്. സഞ്ജുവിന് മികച്ച പിന്തുണയുമായി സ്റ്റീവും നിന്നതോടെ രാജസ്ഥാൻ സ്കോർ കുതിച്ചു. സഞ്ജുവിനെ പുറത്താക്കി രാജസ്ഥാൻറെ കുതിപ്പ് തടഞ്ഞത് ലുംഗി എൻഗിഡിയായിരുന്നു.
പിന്നെ എത്തിയ ആർക്കും രാജസ്ഥാനായി മികച്ച് സ്കോർ നൽകാൻ കഴിഞ്ഞില്ല. ഡേവിഡ് മില്ലർ റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ റോബിൻ ഉത്തപ്പ 9 പന്തിൽ 5 റൺസെടുത്ത് പുറത്തായി. പുതുമുഖം രാഹുൽ ടെവാദിയ സാംകറൻ പുറത്താക്കി. അതേ ഓവറിൽ തന്നെ റയാൻ പരാഗിന്റെ വിക്കറ്റും നഷ്ടമായി. 19ാം ഓവറിൽ സ്റ്റീവൻ സ്മിത്തിനെയും സാം കറൻ പുറത്താക്കി.
അവസാന ഓവറിൽ ജേഫ്ര ആർച്ചർ നടത്തിയ മിന്നൽ പ്രകടനമായിരുന്നു രാജസ്ഥാൻ സ്കോർ 200 കടത്തിയത്. എൻഗിഡിയെ തുടർച്ചയായ മൂന്നു പന്തുകൾ ജേഫ്ര സിക്സർ പറത്തി. ചെന്നൈക്കു വേണ്ടി സാംകറൻ മൂന്നു വിക്കറ്റും ദീപക് ചാഹർ ഒരു വിക്കറ്റും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.