ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും ആറു ദിവസം മാത്രം. ഏപ്രില്‍ ഒമ്പതിന് നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യന്‍സും വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. കിരീടം നിലനിർത്താ ഇറങ്ങുന്ന മുംബൈയും കന്നിക്കിരീടം പ്രതീക്ഷിച്ച് ഇറങ്ങുന്ന ആര്‍സിബിയും തമ്മിലുള്ള പോരാട്ടം കടുപ്പം തന്നെയാവും.
ഇരു ടീമുകളുടേയും പരിശീലന ക്യാംപുകൾ സജീവമായി മുന്നോട്ട് പോവുകയാണ്. ബാംഗ്ലൂരിൻ്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ടീമിനൊപ്പം ചേർന്നത്. ലീഗിലെ മികച്ച താരങ്ങളിൽ ഒരാളായ മിസ്റ്റർ 360 എന്നറിയപ്പെടുന്ന ഡിവില്ലിയേഴ്സ്, ഇപ്പോഴിതാ ഐപിഎല്ലിലെ തന്റെ എക്കാലത്തെയും മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്.
Also Read-
ലോക കപ്പ് നേട്ടത്തിന്റെ 10 വർഷം; അന്നത്തെ ഇന്ത്യൻ ടീം താരങ്ങൾ ഇന്ന് എന്ത് ചെയ്യുന്നുവീരേന്ദര് സെവാഗ്, ജസ്പ്രീത് ബുംറ എന്നിവരെ പരിഗണിച്ച എബിഡി സുരേഷ് റെയ്‌നയെയും മലിംഗയെയും ഉള്‍പ്പെടുത്താതെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണര്‍മാരായി വീരേന്ദര്‍ സെവാഗിനെയും രോഹിത് ശര്‍മയേയുമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. എബിഡിക്കൊപ്പം ഡല്‍ഹി ഡെയർഡെവിൾസിൽ ( ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ്) കളിച്ച താരമാണ് സെവാഗ്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമാണ് രോഹിത്.
മൂന്നാം നമ്പറില്‍ വിരാട് കോഹ്‌ലിയെയാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്. ഐപിഎല്ലില്‍ കൂടുതല്‍ റൺസ് നേടിയിട്ടുള്ള താരമായ കോഹ്‌ലി മൂന്നാം നമ്പറിലും ഓപ്പണിങ്ങിലും ആര്‍സിബിക്കായി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ടീമിന്റെ ക്യാപ്റ്റനായി കോഹ്‌ലിയെ അല്ല എബിഡി തിരഞ്ഞെടുത്തത്. ഇതുവരെ ആര്‍സിബിക്ക് കിരീടം നേടിക്കൊടുക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല.
നാലാം നമ്പറില്‍ മൂന്ന് പേരുടെ പേരാണ് എബിഡി നിര്‍ദേശിച്ചത്. 'കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്,അല്ലെങ്കില്‍ ഞാന്‍ ' - എന്നാണ് നാലാം നമ്പറിലെ ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് എബിഡി പറഞ്ഞത്. കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തും മികച്ച താരങ്ങളാണെങ്കിലും നാലാം നമ്പറിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കരുത്തന്‍ എബിഡി തന്നെയാണ്.
അഞ്ചാം നമ്പറില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയാണ് എബിഡി തിരഞ്ഞെടുത്തത്. ടീമിനെ ഒറ്റക്ക് ചുമലിലേറ്റാന്‍ കെല്‍പ്പുള്ള താരമാണ് സ്റ്റോക്‌സ്. ആറാമനായി ചെന്നൈ നായകന്‍ എംഎസ് ധോണിയാണ്. ടീമിന്റെ വിക്കറ്റ് കീപ്പറും നായകനും ധോണി തന്നെയാണ്. മൂന്ന് തവണ ചെന്നൈ സൂപ്പർ കിംഗ്സിനെ ജേതാക്കൾ അക്കിയ ക്യാപ്റ്റനാണ് ധോണി.
എഴാം നമ്പറില്‍ ചെന്നൈയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. എട്ടാം നമ്പറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം റാഷിദ് ഖാനാണ്. ഒമ്പതാം നമ്പറില്‍ ഹൈദരാബാദിന്റെ തന്നെ പേസര്‍ ഭുവനേശ്വര്‍ കുമാറും പത്താംനമ്പറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കഗിസോ റബാദയും 11ാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയുമാണ് എബിഡിയുടെ ടീമില്‍ ഇടം പിടിച്ച മറ്റുള്ളവര്‍.
Summary: A B Devillers picks his all time IPL eleven; Dhoni as Captain , leaves out Suresh Raina and Lasith Malinga
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.