ചരിത്രം കുറിച്ച ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തിന് 10 വയസാകുന്നു. ഈ നീണ്ട കാലഘട്ടത്തിനിടെ പല മാറ്റങ്ങളും ഇന്ത്യൻ ടീമിൽ വന്നു. ലോകകപ്പ് നേടുമ്പോൾ ടീമിന്റെ ഭാഗമായിരുന്ന മിക്കവരും ഇന്ന് കളിക്കളത്തിൽ ഇല്ല. അന്ന് ലോക കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച താരങ്ങൾ ഇന്ന് എന്ത് ചെയ്യുന്നു എന്ന് നോക്കാം.
എംഎസ് ധോണി
ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ. 2011 ലെ കിരീട നേട്ടത്തിന് ശേഷവും 5 ലോകകപ്പുകളിൽ ഇന്ത്യക്കായി കളിച്ചു. പക്ഷെ മറ്റൊരു കിരീടം കൂടി നേടിത്തരാൻ സാധിച്ചില്ല. 2013 ൽ ചാമ്പ്യൻസ് ട്രോഫിയിൽ കീരീടം നേടിത്തന്നു. 2020 ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ സജീവമായുള്ള ധോണി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനാണ്. 2021 സീസണിലും അദ്ദേഹം കളിക്കുന്നുണ്ട്.
സച്ചിൻ ടെൻഡുൽക്കർ
ലോക കപ്പ് വിജയത്തിന് ശേഷം 10 ഏകദിനങ്ങൾ കൂടി സച്ചിൻ കളിച്ചു. 2013 ൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ലോക ക്രിക്കറ്റിൽ 100 സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടം ഇതിനോടകം അദ്ദേഹം കൈവരിച്ചിരുന്നു. വിരമിക്കലിന് ശേഷം സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്. അടുത്തിടെ കോവിഡ് 19 സ്ഥിരീകരിച്ച താരം ക്വാറന്റൈനിലാണ്.
Also Read '2023ലെ ലോകകപ്പ് ബംഗ്ലാദേശ് നേടിയില്ലെങ്കിൽ 2027ലെ ലോകകപ്പിലും കളിക്കും': ഷാക്കിബ് അൽ ഹസൻ
വിരേന്ദർ സേവാഗ്
വെടിക്കെട്ട് താരം 2015 വരെയാണ് ഇന്ത്യക്കായി കളിച്ചത്. വിരമിക്കലിന് ശേഷം പലപ്പോഴും അവതാരകന്റെ കുപ്പായമിട്ട് സേവാഗിനെ കണ്ടിട്ടുണ്ട്. മികച്ച ഒരു ബിസിനസുകാരൻ കൂടിയാണ് അദ്ദേഹം. സമൂഹ മാധ്യമങ്ങളിലും സജീവമായ സേവാഗ് അടുത്തിടെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യൻ ലെജൻഡ്സിനായി കളത്തിൽ ഇറങ്ങിയിരുന്നു. മികച്ച പ്രകടനമാണ് ടൂർണമെന്റിൽ അദ്ദേഹം കാഴ്ച്ചവെച്ചത്.
ഗൗതം ഗംഭീർ
2018 ൽ ഗംഭീർ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം ബിജെപി യിൽ ചേരുകയും എംപി ആവുകയും ചെയ്തു. ഐപിഎല്ലിലെ യും മികച്ച താരമായിരുന്നു ഗംഭീർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായി 2012 ലും 2014 ലും ടീമിനെ ചാമ്പ്യൻമാരാക്കി. 2016ൽ ആയിരുന്നു ഇന്ത്യക്കായി ഗംഭീർ അവസാന മത്സരം കളിച്ചത്. പിന്നീട് അദ്ദേഹത്തിന് ടീമിൽ അവസരം ലഭിച്ചില്ല.
Also Read ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്യുന്ന കെ എൽ രാഹുലിനെയായിരിക്കും ഇത്തവണ കാണാൻ പോകുന്നതെന്ന് വസിം ജാഫർ
വിരാട് കോഹ്ലി
ലോക കിരീടം നേടിയ ടീമിൽ നിന്നും ഇപ്പോഴും രാജ്യാന്തര മത്സരങ്ങളിൽ സജീവമായ രണ്ട് താരങ്ങളിൽ ഒരാൾ. ധോണിയിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് ടീമിനെ പുതിയ ഉയരങ്ങളിൽ എത്തിച്ചു. ലോകത്തെ തന്നെ മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഇന്ന് കോഹ്ലി. കോഹ്ലിയുടെ നേതൃത്വത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ഇന്ത്യ എത്തി. ജൂണിൽ ന്യൂസിലാന്റിനെതിരെയാണ് ഫൈനൽ
യുവരാജ് സിംഗ്
2011 ലോകകപ്പിൽ മാൻ ഓഫ് ദ സീരീസ് നേടിയത് യുവരാജ് സിംഗ് ആയിരുന്നു. ലോക കപ്പ് വിജയത്തിന് ശേഷം ക്യാൻസറിനോട് പടവെട്ടി വീണ്ടും ടീമിൽ തിരിച്ചെത്തി. എന്നാൽ പഴയ ഫോം നിലനിർത്താനാകാതെ വന്നതോടെ ടീമിൽ അവസരം കുറഞ്ഞു. 2019 ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു. ക്യാൻസർ പോരാട്ടവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലും അദ്ദേഹം ഇന്ന് സജീവമാണ്.
സുരേഷ് റെയ്ന
ധോണിക്ക് ഒപ്പം 2020 ലാണ് സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്. പരിമിത ഓവർ ക്രിക്കറ്റിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്ന റെയ്നക്ക് 2018 മുതലാണ് ടീമിൽ അവസരം നഷ്ടപ്പെട്ടത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി താരം സജീവമായുണ്ട്.
യൂസഫ് പഠാൻ
ലോക കപ്പ് വിജയത്തിന് ശേഷം 6 ഏകദിനങ്ങൾ മത്സരങ്ങൾ മാത്രമാണ് യൂസഫ് കളിച്ചത്. കഴിഞ്ഞ മാസം മാത്രമാണ് അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്തിടെ നടന്ന റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യൻ ലെജൻസിന്റെ ഭാഗമായി യൂസഫ് പഠാൻ കളിച്ചിരുന്നു.
ഹർഭജൻ സിംഗ്
ക്രിക്കറ്റിൽ ഇപ്പോഴും സജീവമാണ്. 2016 ലാണ് ഇന്ത്യക്കായി അവസാന മത്സരം കളിച്ചത്. ഐപിഎല്ലിലും തുടരുന്ന താരം അടുത്തിടെ താൻ കൂടുതൽ കാലം ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. ചിലപ്പോഴൊക്കെ അവതാരകനായും ഹർഭജൻ പ്രത്യക്ഷപ്പെടാറുണ്ട്.
രവിചന്ദ്ര൯ അശ്വിൻ
ലോകത്തെ മികച്ച സ്പിന്നർമാരുടെ നിരയിലേക്ക് കുതിക്കുകയാണ് അശ്വിൻ. അടുത്തിടെ നടന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിലും, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും മികച്ച പ്രകടനം അദ്ദേഹം കാഴ്ച്ചവെച്ചു. പരിമിത ഓവർ ക്രിക്കറ്റിൽ 2017 ന് ശേഷം കാര്യമായ അവസരം ലഭിച്ചിട്ടില്ല എങ്കിലും ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് 34 വയസുള്ള അശ്വിൻ.
പിയൂഷ് ചൗള
ലോക കപ്പ് വിജയത്തിന് ശേഷം ഏകദിനത്തിൽ അവസരം ലഭിച്ചിട്ടില്ല. 2012 ൽ ഏതാനും ടി20 യിൽ കളിച്ചു. ഐപിഎല്ലിൽ സ്ഥിരം സാന്നിധ്യമാണ് പിയൂഷ് ചൗള. പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കുറഞ്ഞത്.
സഹീർ ഖാൻ
2015 വരെ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു സഹീർ ഖാൻ. വിരമിക്കലിന് ശേഷം അവതാരകനായി ചില അവസരങ്ങളിൽ എത്തിയ അദ്ദേഹം മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്ററായി നിയമിതനായി. പുതിയ യുവതാരങ്ങളെ പരിശീലിപ്പിക്കുകയാണ് അദ്ദേഹം ഇന്ന്.
Also Read സോഫ്റ്റ് സിഗ്നലും കോവിഡ് ചട്ടങ്ങളും തുടരും; പുതിയ പരിഷ്കരണങ്ങളുമായി ഐ സി സി
ആശിഷ് നെഹ്റ
പരിക്കുകൾ വേട്ടയാടിയ നെഹ്റ 2018 ൽ ക്രിക്കറ്റിൽ നിന്നും വിട വാങ്ങി. വിരമിക്കൽ മത്സരം ലഭിച്ച താരം കൂടിയാണ് നെഹ്റ. മികച്ച അവതാരകനായും അദ്ദേഹം പിന്നീട് മാറി. റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ ബോളിംഗ് കോച്ചായും നെഹ്റ പ്രവർത്തിക്കുന്നു.
മുനാഫ് പട്ടേൽ
ലോക കപ്പ് ഫൈനലിന് ശേഷം വെറും 6 മത്സരങ്ങളിൽ മാത്രം ഇന്ത്യക്കായി കളിച്ചു. ഐപിഎല്ലിൽ ഗുജറാത്ത് ലയൺസ് ടീമിന്റെ ഭാഗമായിരുന്നു. 2018 ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തന്റെ ഗ്രാമത്തിലുള്ള ആളുകളെ സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുന്നു. റോഡ് സേഫ്റ്റി വേൾഡ് സീരീസിലും ഭാഗമായി.
എസ് ശ്രീശാന്ത്
വാതുവെപ്പ് ആരോപണത്തെ തുടർന്ന് 2013 ൽ ബിസിസിഐ യുടെ വിലക്ക് നേരിട്ടു. കോടതി കുറ്റ വിമുക്തനാക്കുകയും പിന്നീട് നിയമ പോരാട്ടത്തിനൊടുവിൽ വിലക്ക് നീക്കുകയും ചെയ്തു. ഇന്ന് ആഭ്യന്തര ക്രിക്കറ്റിൽ ശ്രീശാന്ത് സജീവമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2011 World Cup, Indian cricket player, Indian cricket team, Sachin tendulkar