ഇത്തവണത്തെ ഐ പി എല്ലില് ശക്തമായ ടീമുമായിട്ടാണ് ഡല്ഹി ക്യാപിറ്റല്സ് ഇറങ്ങുന്നത്. പരിക്കേറ്റ സ്ഥിരം നായകന് ശ്രേയസ് അയ്യര്ക്ക് പകരം യുവ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് റിഷഭ് പന്താണ് ടീമിന്റെ നായകൻ. നായക സ്ഥാനത്തേക്ക് പരിചയ സമ്പത്തുള്ള ഒട്ടേറെ താരങ്ങളെ പിന്തള്ളിയാണ് പന്ത് ഈ സ്ഥാനത്തെത്തിയത്. ടീമിലേക്ക് ഓസീസ് മുന് നായകന് സ്റ്റീവ് സ്മിത്തും എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന് റോയല്സ് ഒഴിവാക്കിയതോടെ താരത്തെ ഡല്ഹി താരലേലത്തില് സ്ക്വാഡില് എത്തിക്കുകയായിരുന്നു.
എന്നാല് താരസമ്പന്നമായ ഡല്ഹി നിരയില് എവിടെ സ്മിത്തിനെ കളിപ്പിക്കുമെന്നത് വലിയ ചോദ്യമായിരുന്നു. ഇപ്പോഴിതാ അതിന് ഡല്ഹി പരിശീലകന് റിക്കി പോണ്ടിങ് തന്നെ ഉത്തരം നല്കിയിരിക്കുകയാണ്. ടോപ് ഓഡറില്ത്തന്നെയാവും സ്മിത്തിന് അവസരം നൽകുകയെന്ന് വ്യക്തമാക്കിയ പോണ്ടിങ്, സ്മിത്ത് ടീമിലെ സ്ഥിര സാന്നിധ്യമായിരിക്കില്ലെന്ന സൂചനയും നല്കിയിട്ടുണ്ട്. സ്മിത്തിന്റെ സാന്നിധ്യം തന്നെ ഡല്ഹി ക്യാംപില് ആത്മവിശ്വാസം വര്ധിപ്പിച്ചിട്ടുണ്ടെന്നും പോണ്ടിംഗ് കൂട്ടിച്ചേര്ത്തു.
"സ്മിത്ത് വലിയ താരമാണ്. സ്മിത്തിനെ ഡല്ഹിയുടെ പ്ലേയിങ് ഇലവനില് കാണുകയെന്നത് മഹത്തായ കാര്യമാണ്. ദീര്ഘകാലം ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച ശേഷമാണ് സ്റ്റീവ് സ്മിത്ത് ഇത്തവണ ഡല്ഹിയിലെത്തിയത്. റണ്സിനായി വിശന്നാവും സ്മിത്ത് ഈ സീസണില് ഇറങ്ങുന്നത്. ഈ സീസണില് അദ്ദേഹത്തിന് തന്റെ ബാറ്റിങ്ങ് ഫോം വീണ്ടെടുത്ത് റണ്സ് കണ്ടെത്താന് കഴിയുമെന്നാണ് ഞാന് കരുതുന്നത്. സ്മിത്തിന് ടീമില് അവസരം ലഭിച്ചാല് അദ്ദേഹം ആദ്യ മൂന്നില് ബാറ്റിങ്ങിന് ഇറങ്ങും"- പോണ്ടിങ്ങ് പറഞ്ഞു.
Also Read-
IPL 2021 | ചെന്നൈയുടെ അന്തിമ ഇലവനിൽ പൂജാരക്ക് സ്ഥാനം ഉണ്ടാവുമെന്ന് തോന്നുന്നില്ല: പ്രഗ്യാൻ ഓജ"അടുത്തിടെ ഞാന് സ്മിത്തുമായി സംസാരിച്ചിരുന്നു. ഐപിഎല്ലിനായി കാത്തിരിക്കുകയാണ് അദ്ദേഹം. അടുത്ത സീസണില് മെഗാ താരലേലമുണ്ടാവും. ഈ സീസണില് സ്മിത്തിന് തിളങ്ങാന് സാധിച്ചാല് അടുത്ത വര്ഷം അദ്ദേഹത്തിന്റെ അടിസ്ഥാന വില ഉയരും. കളിക്കാന് സാധിച്ചില്ലെങ്കിലും ഇത്രയും പ്രതിഭാശാലിയായ താരം ഒപ്പമുള്ളത് ടീമിന് ഗുണം ചെയ്യും''- പോണ്ടിങ്ങ് വ്യക്താക്കി.
പ്ലേയിങ് 11ല് നാല് വിദേശ താരങ്ങള് മാത്രമെന്ന നിയമമാണ് സ്മിത്തിന് തിരിച്ചടിയാവുന്നത്. കഗിസോ റബാദ, മാര്ക്കസ് സ്റ്റോയിനിസ്, ആന് റിച്ച് നോക്കിയേ, ഷിംറോന് ഹെറ്റ്മെയര് എന്നിവര്ക്കാവും കൂടുതല് പരിഗണന ലഭിക്കാന് സാധ്യത. ശിഖര് ധവാന്,പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ടിൽ ഒരു അഴിച്ചുപണി നടത്താൻ ഡൽഹി ടീം തയ്യാറാവില്ല. മൂന്നാം നമ്പറില് സ്റ്റോയിനിസിന് അവസരം ലഭിക്കാനാണ് കൂടുതല് സാധ്യത. 2.2 കോടി രൂപയ്ക്കാണ് സ്മിത്തിനെ ഡല്ഹി ടീമിലെത്തിച്ചത് തന്നെ. നാളെയാണ് ഐ പി എല്ലിന് തുടക്കമാകുന്നത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. വിരാട് കോഹ്ലി നയിക്കുന്ന റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരും രോഹിത് ശര്മ്മ നയിക്കുന്ന മുന് സീസണിലെ ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യന്സും തമ്മിലാണ് ഉദ്ഘാടന മത്സരം.
News summary: Delhi Capitals head coach Ricky Ponting said Steve Smith will bat in the top three, if he gets a chance in the playing XI.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.