ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ അനായാസ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ചെന്നൈ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഗുജറാത്ത് അഞ്ച് പന്തുകൾ ശേഷിക്കെ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു. വൃദ്ധിമാൻ സാഹയുടെ അർധസെഞ്ചുറി പ്രകടനമാണ് (57 പന്തിൽ 67*) ഗുജറാത്തിന് ജയം അനായാസമാക്കിയത്. ചെന്നൈക്കായി ബൗളിങ്ങിൽ രണ്ട് വിക്കറ്റ് വീഴ്ത്തി 'ജൂനിയർ മലിംഗ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മതീശ പതിരാന തിളങ്ങി.
ജയത്തോടെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിക്കാൻ ഗുജറാത്തിന് കഴിഞ്ഞു. 13 മത്സരങ്ങളിൽ നിന്നും 10 ജയങ്ങളോടെ 20 പോയിന്റുമായി നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. പോയിന്റ് ടേബിളിൽ മൂന്നാമത് നിൽക്കുന്ന രാജസ്ഥാൻ റോയൽസ് ബാക്കിയുള്ള മത്സരങ്ങൾ ജയിച്ചാലും അവർക്ക് 18 പോയിന്റ് മാത്രമേ ലഭിക്കൂ. ഇതോടെയാണ് ഗുജറാത്ത് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിച്ചത്. അതേസമയം, 13 മത്സരങ്ങളിൽ ഒമ്പതാം തോൽവി വഴങ്ങിയ ചെന്നൈ നാല് മത്സരങ്ങളിൽ നിന്നുള്ള ജയങ്ങളിൽ നിന്ന് സ്വന്തമായ 8 പോയിന്റോടെ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്.
ചെന്നൈ ഉയർത്തിയ കുഞ്ഞൻ വിജയലക്ഷ്യമായ 134 റൺസിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിനായി വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും (17 പന്തിൽ 18) മികച്ച തുടക്കമാണ് നൽകിയത്. ഗിൽ നിലയുറപ്പിച്ച് കളിച്ചപ്പോൾ മറുവശത്ത് സാഹ ആക്രമിച്ച് മുന്നേറി. മികച്ച രീതിയിൽ മുന്നേറിയ സഖ്യം പവർപ്ലേ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 53 റൺസ് നേടി മികച്ച തുടക്കമിട്ടു. തുടക്കം മുതലാക്കി ഗുജറാത്ത് ജയത്തിലേക്ക് കുതിക്കുന്നതിനിടെ എട്ടാം ഓവറിലെ ആദ്യ പന്തിൽ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുരുക്കി പതിരാന ചെന്നൈക്ക് ആശ്വാസം നൽകി. ഒന്നാം വിക്കറ്റിൽ സാഹയ്‌ക്കൊപ്പം 59 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഗിൽ മടങ്ങിയത്.
ഗിൽ മടങ്ങിയതിന് ശേഷം ക്രീസിലെത്തിയ വെയ്‌ഡ് തുടക്കത്തിൽ തന്നെ രണ്ട് ഫോറുകൾ പായിച്ച് അതിവേഗം ലക്ഷ്യം നേടുകയെന്നതാണ് ഗുജറാത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. തകർപ്പൻ തുടക്കം നേടിയ വെയ്‌ഡ് സാഹയ്‌ക്കൊപ്പം ഗുജറാത്തിനെ ജയത്തിലേക്ക് നയിക്കുന്നതിനിടെ മൊയീൻ അലിക്ക് വിക്കറ്റ് നൽകി മടങ്ങി. വമ്പൻ അടിക്ക് ശ്രമിച്ച താരം ലോങ്ങ് ഓണിൽ ശിവം ദൂബെയുടെ കൈകളിൽ ഒതുങ്ങി. 15 പന്തുകളിൽ രണ്ട് ഫോർ സഹിതം 20 റൺസ് നേടിയാണ് താരം മടങ്ങിയത്. പിന്നാലെ എത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഫോർ നേടി തുടങ്ങിയെങ്കിലും പതിരാനയുടെ പന്തിന്റെ ഗതി അറിയാതെ ബാറ്റ് വീശിയ താരം ദൂബെയ്ക്ക് ക്യാച്ച് നൽകി മടങ്ങി. ആറ് പന്തിൽ ഏഴ് റൺസ് മാത്രമാണ് ഹാർദിക്കിന് നേടാനായത്.
പിന്നീട് ക്രീസിൽ എത്തിയ ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് സാഹ ഗുജറാത്തിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 20 പന്തിൽ 15 റൺസ് നേടി മില്ലർ പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 135 റൺസ് എടുത്തത്. ടോസ് നേടി ഇറങ്ങിയ ചെന്നൈയെ അച്ചടക്കത്തോടെയുള്ള ബൗളിങ്ങിൽ വരിഞ്ഞുമുറുക്കി റൺസ് നേടുന്നതിൽ നിന്നും തടയുകയായിരുന്നു ഗുജറാത്ത്. നാലോവറിൽ കേവലം 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമി ബൗളിങ്ങിൽ തിളങ്ങി. ഷമിക്കൊപ്പം മറ്റ് ബൗളർമാർ കൂടി റൺ വഴങ്ങുന്നതിൽ പിശുക്ക് കാണിച്ചപ്പോൾ ചെന്നൈയുടെ സ്കോർ 133 ൽ ഒതുങ്ങുകയായിരുന്നു. അവസാന അഞ്ചോവറുകളിൽ നിന്നും ഒരു ബൗണ്ടറി പോലും നേടാൻ ചെന്നൈക്ക് കഴിഞ്ഞില്ല.
ഗുജറാത്തിന്റെ കടുകട്ടി ബൗളിങ്ങിന് മുന്നിൽ ശ്വാസം മുട്ടിയ ചെന്നൈക്ക് ആശ്വാസമായത് ഋതുരാജ് ഗെയ്ക്‌വാദിന്റെ അർധസെഞ്ചുറിയും (49 പന്തിൽ 53) സീസണിൽ ആദ്യമായി ചെന്നൈക്ക് വേണ്ടി കളത്തിൽ ഇറങ്ങിയ ജഗദീശന്റെ (33 പന്തിൽ 39) ബാറ്റിംഗ് പ്രകടങ്ങളായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.