ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിനെ (Delhi Capitals) 14 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans). ഗുജറാത്ത് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഗുജറാത്തിനായി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനാണ് ഡല്‍ഹി ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്.
29 പന്തില്‍ നിന്നും 43 റണ്‍സ് നേടിയ നായകന് റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിന്റെ രണ്ടാം ജയവും ഡല്‍ഹിയുടെ ആദ്യ തോല്‍വിയുമാണിത്.
സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 171-6, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 157-9.172 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കം തന്നെ പതറിയിരുന്നു. മൂന്ന് റണ്‍സെടുത്ത ടിം സീഫര്‍ട്ടിനെ ഹാര്‍ദ്ദിക് പാണ്ഡ്യയും 10 റണ്‍സെടുത്ത പൃഥ്വി ഷായെയും 18 റണ്‍സെടുത്ത മന്ദീപ് സിംഗിനെയും ലോക്കി ഫെര്‍ഗൂസനും മടക്കുമ്പോള്‍ ഡല്‍ഹി സ്കോര്‍ ബോര്‍ഡില്‍ 32 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ലളിത് യാദവും റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ പതുക്കെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഡല്‍ഹിക്ക് പ്രതീക്ഷ നല്കി. എന്നാല്‍ 25 റണ്‍സെടുത്ത ലളിത് യാദവ് റണ്‍ ഔട്ടായി.
പിന്നീട് റിഷഭ് പന്ത് നല്ല രീതിയില്‍ ബാറ്റ് ചെയ്ത് മുന്നേറിയെങ്കിലും 15ആം ഓവറില്‍ ലോക്കിയുടെ ഷോട്ട് ബോളില്‍ അലക്ഷ്യമായി ബാറ്റുവെച്ച പന്തിനെ(29 പന്തില്‍ 43) അഭിനവ് മനോഹര്‍ മനോഹരമായി കൈയിലൊതുക്കി. ഇതോടെ ഡല്‍ഹിയെ വീഴ്ത്താമെന്ന് ഗുജറാത്ത് കരുതിയെങ്കിലും ക്രീസിലെത്തിയപാടെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടി അക്സര്‍ പട്ടേല്‍ കരുത്തുകാട്ടി.
എന്നാല്‍ ലോക്കിയുടെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് ക്യാച്ച് നല്കി അക്സര്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ(2) റാഷിദ് ഖാന് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഡല്‍ഹിയുടെ പോരാട്ടം തീര്‍ന്നു. അവസാന പ്രതീക്ഷയായിരുന്ന റൊവ്മാന്‍ പവലിനെ(11 പന്തില്‍ 20) പതിനെട്ടാം ഓവറില്‍ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പിന്നീടെല്ലാം അതിവേഗം തീര്‍ന്നു. വാലറ്റത്ത് കുല്‍ദീപ് യാദവിന്റെ(14*) ചെറുത്തുനില്‍പ്പ് ഡല്‍ഹിയുടെ തോല്‍വിഭാരം കുറച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മാത്രമാണ് ഗുജറാത്തിനായി തിളങ്ങിയത്. 46 പന്തില്‍ നാല് സിക്സും ആറ് ഫോറും സഹിതം 84 റണ്‍സാണ് ഗില്‍ നേടിയത്.
നായകന് ഹാര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 31 റണ്‍സ് നേടി. ഡല്‍ഹിക്കായി മുസ്തഫിസുര്‍ റഹ്മാന് മൂന്നും ഖലീല്‍ അഹമദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.