അഹമ്മദാബാദ്: ഐപിഎല്‍ 15ആം സീസണിലെ കിരീട ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ട് മണി മുതലാണ് ഫൈനല്‍ മത്സരം. ശക്തരായ രാജസ്ഥാന് റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തീപാറും പോരാട്ടം തന്നെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നതും.
അതേസമയം ഒരു ചരിത്രനേട്ടത്തിന് അരികെയാണ് രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ്. ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ന് തോല്പിച്ചാല് ഐപിഎല്ലില്‍ കിരീടമുയര്‍ത്തുന്ന ആദ്യ മലയാളി ക്യാപ്റ്റനാകാന്‍ സഞ്ജുവിന് കഴിയും. ഇപ്പോഴിതാ നിര്‍ണായക മത്സരത്തിന് മുമ്പ് മനസ് തുറക്കുകയാണ് രാജസ്ഥാന് നായകന്. തന്നെ, താനാക്കി മാറ്റിയ രാജസ്ഥാന് കിരീടം സമ്മാനിക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്നാണ് സഞ്ജു പറയുന്നത്.
'എന്നെ ഞാനാക്കിയത് രാജസ്ഥാന് റോയല്‍സാണ്. ഇതിന് പകരം ടീമിന് നല്‍കാനുള്ള സമയമാണിത്. കിരീടത്തിനായി ടീം കാത്തിരിക്കുകയാണ്. അത് നേടാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഓരോ നിമിഷവും ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നത്. ടീമിനെയും ഡ്രസിംഗ് റൂമിനേയും അടക്കിഭരിക്കുന്ന നായകനല്ല ഞാന്‍. വ്യത്യസ്ത സ്വഭാവക്കാരാണ് ടീമിലുള്ളത്. ഓരോരുത്തര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം നല്കിയാല് ടീമിന് അത് ഗുണമായി മാറും'- സഞ്ജു പറഞ്ഞു.
ഷെയ്ന് വോണിന്റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാന് ഫൈനല്‍ കളിക്കുന്നത്. ടീമിന്റെ ആദ്യത്തെ നായകനായ ഷെയ്ന് വോണിന് കിരീടം സമ്മാനിക്കുകയാണ് ഇന്ന് രാജസ്ഥാന് റോയല്‍സിന്റെ ലക്ഷ്യം. അതേസമയം ലീഗിലെ കന്നി ടീമായ ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ്.
അതേസമയം, കലാശപ്പോരിന് ഇറങ്ങും മുമ്പ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മുന്‍ റെക്കോര്‍ഡ് രാജസ്ഥാന് റോയല്‍സിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സീസണില്‍ ഇരുടീമും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമായിരുന്നു ജയം. രണ്ട് മത്സരത്തിലും ആധികാരിക ജയമാണ് ടൈറ്റന്‍സ് നേടിയത്.
ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയ രാജാസ്ഥാന് രണ്ടാം ക്വാളിഫയറില്‍ ബ്ലാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ഫൈനലിലേക്ക് കടന്നത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് മറികടന്നു. 60 പന്തില്‍ 106 റണ്‍സ് നേടിയ ഓപ്പണര്‍ ജോസ് ബട്ട്ലറുടെ പ്രകടനമാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2022, Sanju Samson