ഐപിഎല് 15ആം സീസണിലെ കിരീട ജേതാക്കളെ അറിയാന് ഇനി ഏതാനും മണിക്കൂറുകള് മാത്രമാണുള്ളത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് വൈകീട്ട് എട്ട് മണി മുതലാണ് മത്സരം. ശക്തരായ രാജസ്ഥാന് റോയല്സും ഗുജറാത്ത് ടൈറ്റന്സും നേര്ക്കുനേര് എത്തുമ്പോള് ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള് പ്രതീക്ഷിക്കുന്നതും.
ഇത്തവണ കിരീടം നേടുന്ന ടീമിന് ട്രോഫിക്കൊപ്പം സമ്മാനമായി ലഭിക്കാന് പോകുന്നത് 20 കോടി രൂപയാണ്. ഏകദേശം 80 ലക്ഷത്തോളം രൂപ വീതം ഓരോ താരങ്ങള്ക്കും ലഭിക്കും. നിലവിലെ ലീഗ് ക്രിക്കറ്റുകളില് നല്കുന്ന ഏറ്റവും ഉയര്ന്ന സമ്മാനത്തുകയാണിത്. ഐപിഎല്ലിനോളം പ്രചാരവും പ്രതിഫലവും ലഭിക്കുന്ന മറ്റൊരു ലീഗുമില്ല.
രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിന് 13 കോടിയാണ് പ്രതിഫലം ലഭിക്കുക. ഓരോ താരങ്ങള്ക്കും 50 ലക്ഷത്തോളം രൂപയാകും ഇതില്നിന്ന് ലഭിക്കുക. രണ്ടാം ക്വാളിഫയറില് രാജസ്ഥാന് റോയല്സിനോട് തോറ്റ് പുറത്തായ റോയല് ചലഞ്ചേഴ്സ് ബംഗ്ലൂരാണ് ഈ സീസണിലെ മൂന്നാം സ്ഥാനക്കാര്. അവര്ക്ക് സമ്മാനമായി ലഭിക്കുക ഏഴ് കോടി രൂപയാണ്. എലിമിനേറ്ററില് ബാംഗ്ലൂരിനോട് തോറ്റ് പുറത്തായ ലഖ്നൗ സൂപ്പര് ജയ്ന്റ്സാണ് ഇത്തവണ നാലാം സ്ഥാനക്കാര്. 6.5 കോടി രൂപ അവര്ക്ക് സമ്മാനമായി ലഭിക്കും.
ഇത്തവണ 10 ടീമുകളുടെ വരവോടെ കൂടുതല് മത്സരങ്ങള് ടൂര്ണമെന്റിലുണ്ടായിരുന്നു. കൂടാതെ ഇടവേളക്ക് ശേഷം പൂര്ണ്ണമായും കാണികളെ ഉള്ക്കൊള്ളിച്ചുകൊണ്ട് ഇന്ത്യയില്ത്തന്നെ ടൂര്ണമെന്റ് നടത്താനായി.
IPL 2022 Final |ഐപിഎല് ഫൈനല്: ടൈറ്റ് തന്നെ ടൈറ്റന്സ്; പകരം വീട്ടുമോ റോയല്സ്? കണക്കും സാധ്യതകളും
കലാശപ്പോരിന് ഇറങ്ങും മുമ്പ് രാജസ്ഥാന് റോയല്സിന് ആശങ്ക സമ്മാനിക്കുന്നത് ഗുജറാത്ത് ടൈറ്റന്സിനെതിരായ മുന് റെക്കോര്ഡാണ്. ഈ സീസണില് ഗുജറാത്ത് ടൈറ്റന്സും രാജസ്ഥാന് റോയല്സും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഹാര്ദിക് പാണ്ഡ്യക്കും സംഘത്തിനുമായിരുന്നു ജയം. രണ്ട് മത്സരത്തിലും ആധികാരിക ജയമാണ് ടൈറ്റന്സ് നേടിയത്.
ആദ്യ നേര്ക്കുനേര് മത്സരത്തില് ഗുജറാത്ത് 37 റണ്സിന് ജയിക്കുകയായിരുന്നു. ഗുജറാത്തിന്റെ 192 റണ്സ് പിന്തുടര്ന്ന രാജസ്ഥാന് 155 റണ്സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ക്വാളിഫയര് മത്സരത്തിലും ഗുജറാത്ത് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. ജോസ് ബട്ലറുടെ 89 റണ്സിന്റെയും സഞ്ജു സാംസണിന്റെ 47 റണ്സിന്റേയും മികവില് രാജസ്ഥാന് 188 റണ്സെടുത്തു. എന്നാല് മൂന്ന് പന്ത് ശേഷിക്കേ ഗുജറാത്ത് ലക്ഷ്യത്തിലെത്തി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സര് പറത്തിയാണ് മില്ലര് ടൈറ്റന്സിനെ ഫൈനലില് എത്തിച്ചത്.
സഞ്ജു സാംസണിലൂടെ ഐപിഎല് ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകന് കിരീടമുയര്ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്. ഷെയ്ന് വോണിന്റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാന് ഫൈനല് കളിക്കുന്നത്. ടീമിന്റെ ആദ്യത്തെ നായകനായ ഷെയ്ന് വോണിന് കിരീടം സമ്മാനിക്കുകയാണ് ഇന്ന് രാജസ്ഥാന് റോയല്സിന്റെ ലക്ഷ്യം. അതേസമയം ലീഗിലെ കന്നി ടീമായ ഗുജറാത്ത് ടൈറ്റന്സ് തങ്ങളുടെ ആദ്യ സീസണില് തന്നെ കിരീടമുയര്ത്താമെന്ന പ്രതീക്ഷയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.