IPL 2022 Final |പാണ്ഡ്യക്ക് മൂന്ന് വിക്കറ്റ്; ഗുജറാത്തിന്റെ ടൈറ്റ് ബൗളിംഗില്‍ തകര്‍ന്ന് രാജസ്ഥാന്‍; 131 റണ്‍സ് വിജയലക്ഷ്യം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഗുജറാത്തിനായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഐപിഎല്‍ 15ആം സീസണിലെ ഫൈനല്‍ പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച സ്‌കോര്‍ കണ്ടെത്താനാകാതെ രാജസ്ഥാന്‍ റോയല്‍സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 35 പന്തില്‍ 39 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും നാലാം ഓവറില്‍ യാഷ് ദയാലിനെതിരെ സിക്‌സടിച്ചതിന് പിന്നാലെ ജയ്സ്വാള്‍(16 പന്തില്‍ 22) വീണു. വണ്‍ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ലോക്കി ഫെര്‍ഗൂസനെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. ബട്ലറും സഞ്ജുവും കൂടി രാജസ്ഥാനെ പവര്‍പ്ലേയില്‍ 44 റണ്‍സിലെത്തിച്ചു.
എന്നാല്‍ മധ്യ ഓവറുകളില്‍ റാഷിദ് ഖാന്‍ രാജസ്ഥാനെ വരിഞ്ഞു മുറുക്കിയതോടെ സഞ്ജുവും ബട്ലറും സമ്മര്‍ദ്ദത്തിലായി. തന്റെ ആദ്യ ഓവറില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ(11 പന്തില്‍ 14) സായ് കിഷോറിന്റെ കൈകളിലെത്തിച്ചാണ് ഹാര്‍ദ്ദിക് പാണ്ഡ്യ രാജസ്ഥാന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ ആദ്യ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. ഇതോടെ ബട്‌ലര്‍ക്കും സമ്മര്‍ദ്ദമായി. ബട്ലര്‍ രാജസ്ഥാനെ മുന്നോട്ട് നയിച്ചെങ്കിലും ദേവ്ദത്ത് പടിക്കലിനെ((10 പന്തില്‍ 2) റാഷിദ് ഖാന്‍ വീണ്ടും രാജസ്ഥാനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.
advertisement
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ജോസ് ബട്ലര്‍ ഉള്ള ആത്മവിശ്വാസത്തിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബട്ലറെ(35 പന്തില്‍ 39) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകകളിലെത്തിച്ച് പാണ്ഡ്യ രാജസ്ഥാന്റെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടു.
ബട്ലര്‍ മടങ്ങിയശേഷം എത്തിയ അശ്വിനും ഹെറ്റ്‌മെയറും ചേര്‍ന്ന് രാജസ്ഥാനെ കരകയറ്റാന്‍ ശ്രമിച്ചു. ഹാര്‍ദ്ദിക്കിനെതിരെ രണ്ട് ബൗണ്ടറിയടിച്ച് ഹെറ്റ്‌മെയര്‍ പ്രതീക്ഷ നല്‍കിയെങ്കിലും തന്റെ സ്‌പെല്ലിലെ അവസാന പന്തില്‍ ഹെറ്റ്‌മെയറെയും(12 പന്തില്‍ 11) മടക്കി ഹാര്‍ദ്ദിക്ക് രാജസ്ഥാന്റെ പ്രതീക്ഷ തകര്‍ത്തു.
advertisement
ഹെറ്റ്‌മെയര്‍ക്ക് പിന്നാലെ അശ്വിനും(9 പന്തില്‍ 6) മടങ്ങിയതോടെ 100 കടക്കും മുമ്പെ രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞു. ഏഴാം ഓവറില്‍ 50 കടന്ന രാജസ്ഥാന്‍ 16.2 ഓവറിലാണ് 100 കടന്നത്. സായ് കിഷോറിനെതിരെ സിക്‌സടിച്ച ബോള്‍ട്ട്(6 പന്തില്‍ 11) അടുത്ത പന്തില്‍ മടങ്ങി. അവസാനം റിയാന്‍ പരാഗ്(15 പന്തില്‍ 15) നടത്തിയ പോരാട്ടം രാജസ്ഥാനെ 130ല്‍ എത്തിച്ചു.
ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളൊന്നും വരുത്താതെ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ ഗുജറാത്ത് ഇന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി.
Location :
First Published :
May 29, 2022 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 Final |പാണ്ഡ്യക്ക് മൂന്ന് വിക്കറ്റ്; ഗുജറാത്തിന്റെ ടൈറ്റ് ബൗളിംഗില്‍ തകര്‍ന്ന് രാജസ്ഥാന്‍; 131 റണ്‍സ് വിജയലക്ഷ്യം


