ഐപിഎല്ലിൽ (IPL 2022) ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ (Lucknow Super Giants) ടോസ് നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders). ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് കൊൽക്കത്ത ഇറങ്ങുന്നതെങ്കിൽ മറുവശത്ത് മാറ്റങ്ങളൊന്നുമില്ലാതെയാണ് ലക്‌നൗ ഇറങ്ങുന്നത്. പരിക്കിന്റെ പിടിയിലായ ഉമേഷ് യാദവിന് പകരം ഹർഷിത് റാണ കൊൽക്കത്ത നിരയിൽ ഇടം നേടി.
ജയത്തോടെ പ്ലേ ഓഫ് യോഗ്യത വർധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. തുടരെ അഞ്ച് മത്സരങ്ങൾ തോറ്റ ശേഷം കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കൊൽക്കത്ത ഇറങ്ങുന്നതെങ്കിൽ ഹാട്രിക് ജയങ്ങളിലൂടെ ആർജിച്ച കരുത്തിലാണ് ലക്‌നൗ ഇറങ്ങുന്നത്.
നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ലക്‌നൗവിന് ഇന്നത്തെ മത്സരം ജയിച്ചാൽ അവർക്ക് ഗുജറാത്തിനെ മറികടന്ന് ഒന്നാമതെത്തുകയും ഒപ്പം പ്ലേഓഫ് യോഗ്യതയ്ക്ക് ഒരുപടി കൂടി അടുക്കുകയും ചെയ്യാം. നിലവിൽ 10 മത്സരങ്ങളിൽ നിന്നും ഏഴ് ജയങ്ങളും മൂന്ന് തോൽവിയുമായി 14 പോയിന്റാണ് ലക്നൗവിനുള്ളത്. മറുവശത്ത് ജയം നേടിയാൽ പ്ലേഓഫ് യോഗ്യത സജീവമാക്കി നിർത്താൻ കൊൽക്കത്തയ്ക്ക് സാധിക്കും. മികച്ച റൺറേറ്റ് ഉള്ളതിനാൽ ഇന്നത്തെ മത്സരം ജയിച്ചാൽ അവർക്ക് അഞ്ചാം സ്ഥാനത്തേക്ക് കയറാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.