ഐപിഎല്ലില്‍ ഇന്ന് മികച്ച തുടക്കം ലഭിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. നാലോവറില്‍ 10 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കെ.കെ.ആര് ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് മിന്നും തുടക്കമാണ് വെങ്കടേഷ് അയ്യര്‍ നല്‍കിയത്. എന്നാല്‍ പത്തോവറിന് ശേഷം ശക്തമായ തിരിച്ചുവരവ് മുംബൈ നടത്തുകയായിരുന്നു. 24 പന്തില്‍ 43 റണ്‍സ് നേടിയ താരത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ 60 റണ്‍സായിരുന്നു കൊല്‍ക്കത്ത നേടിയത്. വണ്‍ ഡൗണായി എത്തിയ നിതീഷ് റാണയും ബാറ്റിംഗ് മികവ് പുറത്തെടുത്തപ്പോള്‍ പത്തോവറില്‍ കൊല്‍ക്കത്ത 87 റണ്‍സ് നേടി.
11-ാം ഓവറില്‍ രഹാനെയെ(24 പന്തില്‍ 25) കുമാര്‍ കാര്‍ത്തികേയ കൊല്‍ക്കത്തയ്ക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. നിതീഷ് റാണ പിടിച്ചു നിന്നെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(6) ആന്ദ്രെ റസല്‍(9) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് കൊല്‍ക്കത്തയുടെ കുതിപ്പ് തടഞ്ഞു.
റസലിന് പിന്നാലെ നിതീഷ് റാണയെയും(26 പന്തില്‍ 43) വീഴ്ത്തിയ ബുമ്ര, ഷെല്‍ഡണ്‍ ജാക്സണ്(5), പാറ്റ് കമിന്‍സ്(0),സുനില്‍ നരെയ്ന്(0) എന്നിവരെ പുറത്താക്കിയാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്. ഇരുപതാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ബുംറ വിട്ടു കൊടുത്തത്.
ടി20 ക്രിക്കറ്റിലെ ബുമ്രയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. അവസാന ഓവറുകളില്‍ പിടിച്ചു നിന്ന റിങ്കു സിംഗ്(23) ആണ് കൊല്‍ക്കത്തയെ 150 കടത്തിയത്. അവസാന മൂന്നോവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് കൊല്‍ക്കത്ത നേടിയത്.
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമും ഇന്ന് പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുംബൈ ഒരു മാറ്റം വരുത്തിയപ്പോള്‍ കൊല്‍ക്കത്ത അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നിറങ്ങുന്നത്.
മുംബൈ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് പകരം രമണ്‍ദീപ് സിംഗ് ടീമിലെത്തി. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സൂര്യകുമാറിന് നഷ്ടമാകും. കൊല്‍ക്കത്തയില്‍ അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ഷെല്‍ഡന്‍ ജാക്സണ്, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ അന്തിമ ഇലവനിലെത്തി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.