ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 52 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്തയെ 165/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും ബാറ്റ്സ്മാന്മാര് അവസരത്തിനൊത്തുയരാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. 17.3 ഓവറില്‍ മുംബൈ 113 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
51 റണ്‍സ് നേടിയ ഇഷാന് കിഷന് ഒഴികെ ആരും തന്നെ മുംബൈ നിരയില്‍ തിളങ്ങിയില്ല. വിജയത്തോടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ സജീവമാക്കി നിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു. കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും ആന്‍ഡ്രേ റസ്സല്‍ രണ്ടും വിക്കറ്റ് നേടി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം (2) മുംബൈയുടെ ആറ് താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. രമണ്‍ദീപ് സിങ് (16 പന്തില്‍ 12), ടിം ഡേവിഡ് (9 പന്തില്‍ 13), കീറണ്‍ പൊള്ളാര്‍ഡ് (16 പന്തില്‍ 15) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന റണ്‍വേട്ടക്കാര്‍.
11 മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമാത്രമുള്ള മുംബൈ പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. അഞ്ചാം ജയത്തോടെ പത്ത് പോയിന്റുമായി കൊല്‍ക്കത്ത ഏഴാം സ്ഥാനത്തേക്കു കയറി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. നാലോവറില്‍ 10 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കെ.കെ.ആര് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കിയത്.
24 പന്തില്‍ 43 റണ്‍സെടുത്ത ഓപ്പണര്‍ വെങ്കടേഷ് അയ്യരും 26 പന്തില്‍ 43 റണ്‍സെടുത്ത നിതിഷ് റാണയുമാണു കെകെആറിന്റെ ടോപ് സ്കോറര്‍മാര്‍. ഓപ്പണര്‍ അജിന്‍ക്യ രഹാനെ 24 പന്തില്‍ 25 റണ്‍സെടുത്തു പുറത്തായി. മധ്യനിരയില്‍ റിങ്കു സിങ് മാത്രമാണു തിളങ്ങിയത്. 19 പന്തുകള്‍ നേരിട്ട താരം 23 റണ്‍സെടുത്ത് പുറത്താകാതെനിന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.