ഐപിഎല്ലില് ഇന്ന് നടക്കുന്ന മത്സരത്തില് മുംബൈ ഇന്ത്യന്സിനെതിരെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന് രോഹിത് ശര്മ്മ കൊല്ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമും ഇന്ന് പ്ലെയിങ് ഇലവനില് മാറ്റങ്ങള് വരുത്തിയിട്ടുണ്ട്. മുംബൈ ഒരു മാറ്റം വരുത്തിയപ്പോള് കൊല്ക്കത്ത അഞ്ച് മാറ്റങ്ങള് വരുത്തിയാണ് ഇന്നിറങ്ങുന്നത്.
മുംബൈ ടീമില് പരിക്കേറ്റ സൂര്യകുമാര് യാദവിന് പകരം രമണ്ദീപ് സിംഗ് ടീമിലെത്തി. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള് സൂര്യകുമാറിന് നഷ്ടമാകും. കൊല്ക്കത്തയില് അജിന്ക്യ രഹാനെ, വെങ്കടേഷ് അയ്യര്, ഷെല്ഡന് ജാക്സണ്, പാറ്റ് കമ്മിന്സ്, വരുണ് ചക്രവര്ത്തി എന്നിവര് അന്തിമ ഇലവനിലെത്തി.
പ്ലേഓഫ് പ്രതീക്ഷ ഏറെക്കുറെ അസ്തിച്ചു കഴിഞ്ഞെങ്കിലും വളരെ നേരിയ സാധ്യതയെങ്കിലും നിലനിര്ത്താന് കെകെആറിനു ഈ മല്സരം ജയിച്ചേ തീരൂ. തോല്ക്കുകയാണെങ്കില് കൊല്ക്കത്ത ടൂര്ണമെന്റില് നിന്നും പുറത്താവും.
മറുഭാഗത്ത് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈയ്ക്കു ഇനിയൊന്നും നഷ്ടപ്പെടാനില്ല. പ്ലേഓഫ് പ്രതീക്ഷ അവസാനിച്ച മുംബൈ ഇനിയുള്ള മല്സരങ്ങളില് ജയിച്ച് മാനം കാക്കുന്നതിനാകും ശ്രമിക്കുക. നിലവില് കൊല്ക്കത്ത പോയിന്റ് പട്ടികയില് ഒമ്പതാം സ്ഥാനത്തും മുംബൈ 10ാംസ്ഥാനത്തുമാണ്. കെകെആറിനു എട്ടും മുംബൈയ്ക്കു നാലും പോയിന്റാണുള്ളത്.
അവസാനമായി കളിച്ച ഏഴു മല്സരങ്ങളില് ആറെണ്ണത്തിലും കൊല്ക്കത്ത തോറ്റിരുന്നു. ഇതു തന്നെയാണ് അവരുടെ പ്ലേഓഫ് പ്രതീക്ഷകള് തകിടം മറിച്ചത്. മുംബൈയും കൊല്ക്കത്തയും ഈ സീസണില് ഇതു രണ്ടാം തവണയാണ് മുഖാമുഖം വരുന്നത്. അന്ന് കൊല്ക്കത്ത അഞ്ചു വിക്കറ്റിന് മുംബൈയെ തകര്ത്തുവിട്ടിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.