ഐപിഎല്ലിൽ (IPL 2022) സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ (Sunrisers Hyderabad തകർപ്പൻ ജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Banglore). ബാംഗ്ലൂർ ഉയർത്തിയ 193 റൺസ് ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഹൈദരാബാദിന്റെ മറുപടി 19.2 ഓവറിൽ 125 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ 67 റൺസിന്റെ വമ്പൻ ജയമാണ് ബാംഗ്ലൂരിന് സ്വന്തമായത്. തുടർച്ചയായ നാലാം തോൽവിയാണ് ഹൈദരാബാദിന് ഇതോടെ വഴങ്ങേണ്ടി വന്നത്. ഹൈദരാബാദിന്റെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയുടെ തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂരിന് ജയം നേടിക്കൊടുത്തത്.
അർധസെഞ്ചുറിയുമായി രാഹുൽ ത്രിപാഠി പൊരുതിയെങ്കിലും പിന്തുണയ്ക്കാൻ മറുവശത്ത് ആളുണ്ടായിരുന്നില്ല. 37 പന്തുകളിൽ നിന്നും ആറ് ഫോറും നാല് സിക്‌സും സഹിതം 58 റൺസ് എടുത്ത ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. ത്രിപാഠിക്ക് പുറമെ മാർക്രം(21), പൂരാൻ(19) എന്നിവർക്ക് മാത്രമാണ് ഹൈദരാബാദ് നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഡയമണ്ട് ഡക്കായാണ് പുറത്തായത്. ഹൈദരാബാദ് ഇന്നിങ്സിന്റെ ആദ്യ പന്തിൽ റണ്ണിനായി ഓടവെ ഷഹബാസ് അഹമ്മദിന്റെ ഡയറക്ട് ത്രോയിൽ താരം പുറത്താവുകയായിരുന്നു.
നാലോവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 18 റൺസ് വഴങ്ങി ഹസരങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെയ്സൽവുഡ് രണ്ടും ഹർഷൽ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്താനും ബാംഗ്ലൂരിന് കഴിഞ്ഞു. ഹൈദെരാബാദിനെതിരെ നേടിയ ജയം ബാംഗ്ലൂരിന് അഞ്ചാം സ്ഥാനത്തുള്ള ഡൽഹിയുമായി രണ്ട് പോയിന്റിന്റെ നാല് പോയിന്റിന്റെ നേടിക്കൊടുക്കുകയും ചെയ്തു. നിലവിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ബാംഗ്ലൂരിന് 12 മത്സരങ്ങളിൽ നിന്നും 14 പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ഡൽഹിക്ക് 10 പോയിന്റാണുള്ളത്. പക്ഷെ ബാംഗ്ലൂരിനെക്കാൾ ഒരു മത്സരം കുറച്ചേ കളിച്ചിട്ടുള്ളൂവെന്നത് അവർക്ക് മുൻതൂക്കം നൽകുന്നുണ്ട്. അതേസമയം, മത്സരം തോറ്റതോടെ ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അൽപം മങ്ങി. 11 മത്സരങ്ങൾ കളിച്ച അവർ 10 പോയിന്റുമായി ആറാം സ്ഥാനത്താണ്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.