HOME » NEWS » IPL » KANE RICHARDSON AND ADAM ZAMPA LEAVE IPL INT NAV

IPL 2021| ഐപിഎല്ലില്‍ താരങ്ങളുടെ കൊഴിഞ്ഞു പോക്ക്‌; കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ എന്നിവർ നാട്ടിലേക്ക് മടങ്ങുന്നു

ഇന്ത്യയിൽ ഉയർന്നു വരുന്ന കോവിഡ് വ്യാപനത്തെ തുടർന്നുള്ള ഭീതിയാണ് താരങ്ങളുടെ പിന്മാറ്റ കാരണം എന്നാണ് സൂചന

News18 Malayalam | news18-malayalam
Updated: April 26, 2021, 3:22 PM IST
IPL 2021| ഐപിഎല്ലില്‍ താരങ്ങളുടെ കൊഴിഞ്ഞു പോക്ക്‌; കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ എന്നിവർ നാട്ടിലേക്ക് മടങ്ങുന്നു
Image: RCB/Instagram
  • Share this:
വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ബാംഗ്ലൂർ ടീമിന്റെ ക്യാമ്പിൽ നിന്നും വരുന്നത്. ബാംഗ്ലൂർ ടീമംഗങ്ങളായ ഓസീസ് താരങ്ങൾ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങുകയാണ്.

വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് ഇരുവരും മടങ്ങുന്നതെന്നും ഈ സീസണില്‍ ഇനി മടങ്ങി വരവുണ്ടാകില്ലെന്നുമാണ് ബാംഗ്ലൂർ ടീം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിച്ചിരിക്കുന്നത്. മടങ്ങാനുള്ള താരങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും ബാംഗ്ലൂര്‍ ടീം മാനേജ്‌മെന്റ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സീസണിൽ ബാംഗ്ലൂരിനായി രണ്ട് മത്സരങ്ങളാണ് റിച്ചാർഡ്സൺ കളിച്ചത്. സാംപക്കാവട്ടെ ഈ സീസണിൽ ഇതുവരെ കളിക്കാനുള്ള അവസരം ലഭിച്ചിട്ടുമില്ല. ഇരുവരുടെയും പിൻമാറ്റത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെങ്കിലും പ്രധാന കാരണമായി പലരും പറയുന്നത് ഇന്ത്യയിൽ ഉയർന്നു വരുന്ന കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള ഭീതിയാണെന്നാണ്. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കൂടി വരുന്നത് താരങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മിക്ക വിദേശ താരങ്ങളും, പ്രത്യേകിച്ചും ഓസീസ് താരങ്ങള്‍ ടൂര്‍ണമെന്റിൽ നിന്നും പിൻമാറാനും നാട്ടിലേക്ക് മടങ്ങാനുമുള്ള താല്‍പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരുമോ എന്ന ആശങ്ക താരങ്ങള്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്.


കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ചേർക്കുകയും ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് താരങ്ങളുടെ ആശങ്ക വര്‍ധിച്ചത്.

You may also like:IPL 2021| കോവിഡ് മഹാമാരിയിൽ കുടുംബത്തിനൊപ്പം നിൽക്കുന്നു; ഐപിഎല്ലിൽ നിന്നും പിന്മാറി ആർ. അശ്വിൻ

ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അറിയിപ്പിന് പിന്നാലെയാണ് സാംപയും റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നത്. മിക്ക ഓസീസ് താരങ്ങള്‍ക്കുമിടയിൽ അവരുടെ സർക്കാർ ഉത്തരവ് ആശങ്ക പടർത്തിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗും ഇതിനെ കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. നേരത്തെ രാജസ്ഥാന്‍ താരം ആന്‍ഡ്രു ടൈയും ഡല്‍ഹി താരം ആര്‍ അശ്വിനും ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു. തന്റെ കുടുംബത്തോടൊപ്പം നിൽക്കാൻ വേണ്ടി പിന്മാറിയ അശ്വിൻ പക്ഷേ തിരിച്ചുവരാനുള്ള സാധ്യത ബാക്കി നിർത്തിയാണ് പിന്മാറ്റം പ്രഖ്യാപിച്ചത്.

താരങ്ങളുടെ കൊഴിഞ്ഞു പോക്ക് തുടർന്നാൽ ടൂർണമെന്റിന്റെ മുന്നോട്ടുള്ള പോക്ക് ബുദ്ധിമുട്ടിലാവും. കോവിഡ് വൈറസ് വ്യാപനം കാരണം ക്രിക്കറ്റ് നിന്ന് പോയതിനു ശേഷം വീണ്ടും തുടങ്ങിയപ്പോൾ ആരംഭിച്ച ബയോ ബബിൾ സംവിധാനം കളിക്കാർക്ക് വളരെയേറെ മാനസിക സംഘർഷം സൃഷ്ടിക്കുന്ന സംവിധാനമായിരുന്നു. താരങ്ങൾക്ക് തങ്ങളുടെ റൂമിൽ നിന്ന് ഗ്രൗണ്ടിലേക്ക് അല്ലാതെ വേറെ ഒരു സ്ഥലത്തേക്കും പോകുവാൻ അനുവാദമില്ല. സംവിധാനം ലംഘിച്ചാൽ തക്കതായ ശിക്ഷയും ലഭിക്കും. കഴിഞ്ഞ വട്ടം ദുബായിൽ വച്ച് നടത്തിയ ഐപിഎൽ ഒരു വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് തിരിച്ച് വന്നപ്പോൾ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ ബിസിസിഐ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Published by: Naseeba TC
First published: April 26, 2021, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories