• HOME
 • »
 • NEWS
 • »
 • ipl
 • »
 • IPL Auction | ക്രിക്കറ്റിൽ അത്ര വലിയ ടീം അല്ലാത്ത സിംഗപ്പൂരിൽനിന്നുള്ള താരത്തിന് 8.25 കോടി; ആരാണ് ടിം ഡേവിഡ്?

IPL Auction | ക്രിക്കറ്റിൽ അത്ര വലിയ ടീം അല്ലാത്ത സിംഗപ്പൂരിൽനിന്നുള്ള താരത്തിന് 8.25 കോടി; ആരാണ് ടിം ഡേവിഡ്?

വെറും 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന ഡേവിഡിനെ എന്തുകൊണ്ടാണ് ഇത്രയധികം തുക ചെലവഴിച്ച് അഞ്ചു തവണ ഐപിഎൽ ജേതാക്കളായിട്ടുള്ള മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്?

Tim-David

Tim-David

 • Share this:
  ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മെഗാ ലേലത്തിലെ (IPL Mega Auction) ഏറ്റവും ശ്രദ്ധേയമായ വാങ്ങലുകളിൽ ഒന്നായിരുന്നു ടിം ഡേവിഡ് എന്ന സിംഗപ്പുർ താരത്തിന്‍റേത്. മുംബൈ ഇന്ത്യൻസ് (Mumbai Indians) 8.25 കോടി രൂപ ലേലം വിളിച്ചാണ് ടിം ഡേവിഡിനെ (Tim David) സ്വന്തമാക്കിയത്. ആദ്യ ദിനം റെക്കോർഡ് തുകയ്ക്ക് ഇഷാൻ കിഷനെ വാങ്ങിയ മുംബൈ ഇന്ത്യൻസ് ഇന്ന് ജോഫ്ര ആർച്ചറിനൊപ്പമാണ് (8 കോടി രൂപ), സിംഗപ്പൂർ വെടിക്കെട്ട് ബാറ്റർ ടിം ഡേവിഡിനെ (8.25 കോടി രൂപ) സ്വന്തം കൂടാരത്തിലെത്തിച്ചത്.

  ആർച്ചറിനെപ്പോലെ, ഡേവിഡും ഒന്നിലധികം ഫ്രാഞ്ചൈസികൾക്കിടയിൽ ഒരു ലേല യുദ്ധത്തിന്റെ ഭാഗമായി. എന്നാൽ ലേലം നേടിയത് മുംബൈ ഇന്ത്യൻസ് ആണെന്ന് മാത്രം. വെറും 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന ഡേവിഡിനെ എന്തുകൊണ്ടാണ് ഇത്രയധികം തുക ചെലവഴിച്ച് അഞ്ചു തവണ ഐപിഎൽ ജേതാക്കളായിട്ടുള്ള മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്? ഡേവിഡിന്‍റെ സമീപകാല പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ചെലവഴിച്ച കോടികൾ വെറുതെയാകില്ലെന്ന് ഉറപ്പ്. പാകിസ്ഥാൻ സൂപ്പർ ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, ബിഗ് ബാഷ് ലീഗ് തുടങ്ങിയ ടൂർണമെന്റുകളിലെല്ലാം അടിച്ചു തകർത്ത താരമാണ് 25 കാരനായ ടിം ഡേവിഡ്. 2021-ൽ അദ്ദേഹം ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. അന്ന് സിഎസ്‌കെയ്‌ക്കെതിരെ ടിം ഡേവിഡ് കളിച്ചത്.

  ടി20 ക്രിക്കറ്റിൽ ടിം ഡേവിഡ് ഒരു പുലിയാണ്

  സിംഗപ്പൂരിൽ ജനിച്ച ടിം ഡേവിഡ് അറിയപ്പെടുന്ന മധ്യനിര ബാറ്ററായി വളർന്നു കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ടി20 ക്രിക്കറ്റിൽ നടത്തിയ മുന്നേറ്റം സമാനതകളില്ലാത്തതാണ്. ഓസ്ട്രേലിയയിലെ പ്രമാദമായ ബിഗ് ബാഷ് ടി20 ലീഗിൽ ഹോബാർട്ട് ഹരികെയ്ന് വേണ്ടി കളത്തിലിറങ്ങിയ ടിം ഡേവിഡ് വെള്ളിടി കണക്കെയുള്ള ഇന്നിംഗ്സുകൾ കൊണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രകമ്പനം കൊള്ളിച്ച താരമാണ്. പിന്നീട് പാകിസ്ഥാനിലെ പി‌എസ്‌എല്ലിലും വിൻഡീസിലെ സി‌പി‌എല്ലിലും യഥാക്രമം ലാഹോർ ഖലന്ദർ‌സിനും സെന്റ് ലൂസിയ കിംഗ്‌സിനും വേണ്ടി ഡേവിഡ് പാഡണിഞ്ഞു. തന്റെ കഴിഞ്ഞ കുറച്ച് പിഎസ്എൽ ഇന്നിംഗ്സുകളിൽ മുൽട്ടാൻ സുൽത്താൻസിന് വേണ്ടിയുള്ള ചില തകർപ്പൻ ഇന്നിംഗ്സുകൾ കൊണ്ട് ഡേവിഡ് ഐപിഎൽ താരവിപണിയിൽ തന്റെ മൂല്യം ഊട്ടിയുറപ്പിക്കുകയായിരുന്നു.

  മുൻനിര ബാറ്റിങ്ങ് തകർന്നടിയുമ്പോൾ സമ്മർദ്ദത്തിന് അടിപ്പെടാതെ തന്നെ ചടുലമായ ഇന്നിംഗ്സുകളിലൂടെ രക്ഷകവേഷത്തിലെത്തിയാണ് ടിം ഡേവിഡ് ആരാധകരുടെ മനംകവർന്നത്. പലപ്പോഴും മോശം തുടക്കം ലഭിച്ച ഇന്നിംഗ്സുകളിലെല്ലാം ടിം ഡേവിഡിന്‍റെ തകർപ്പൻ ഇന്നിംഗ്സിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ടീമുകൾക്ക് സാധിച്ചിട്ടുണ്ട്. ഇത് തന്നെയാണ് മുംബൈ ഇന്ത്യൻസ് അദ്ദേഹത്തിന് വേണ്ടി കോടികൾ വാരിയെറിയാൻ തീരുമാനിച്ചതിന്‍റെ മുഖ്യ കാരണവും.

  സ്പിൻ ബോളർമാർക്കെതിരെ നന്നായി കളിക്കാൻ കഴിയുന്ന താരമെന്ന ഖ്യാതിയും ഇതിനോടകം അദ്ദേഹം നേടി കഴിഞ്ഞു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്തുള്ള ബാറ്റ്സ്മാൻമാരിൽ ലെഗ് -ഓഫ് സ്പിന്നർമാരെ ഒരുപോലെ നന്നായി നേരിടുന്നവർ വളരെ ചുരുക്കമാണെന്നിരിക്കെയാണ് ടിം ഡേവിഡ് വ്യത്യസ്തനാകുന്നത്. കൂടാതെ പേസ് ബോളർമാരെ അടിച്ചുപറത്താനുള്ള ടിം ഡേവിഡിന്‍റെ കഴിവും ക്രിക്കറ്റ് ലോകം അടുത്തകാലത്തായി നിരന്തരം കാണുന്നത്. സിക്സർ വീരൻ എന്ന വിളിപ്പേര് പോലും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യൻസിൽ മികച്ച ഫിനിഷർ എന്ന റോളിലാകും ടിം ഡേവിഡ് പ്രത്യക്ഷപ്പെടാൻ പോകുന്നത്.

  Also Read- IPL Auction |രാവിലെ അച്ഛനായി; ഉച്ചയ്ക്കു ശേഷം കോടീശ്വരന്‍; ശിവം ദൂബെയ്ക്ക് ഡബിള്‍ ധമാക്ക

  14 ടി20കളിൽ സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് 46.5 ശരാശരിയിൽ 558 റൺസ് ഡേവിഡ് നേടിയിട്ടുണ്ട്. സിംഗപ്പുരിലാണ് ജനിച്ചതെങ്കിലും ഓസ്‌ട്രേലിയൻ വംശജനാണ് ടിം ഡേവിഡ്. അദ്ദേഹത്തിന്റെ പിതാവ് റോഡറിക് ഡേവിഡ് ഓസ്‌ട്രേലിയൻ സ്വദേശിയാണ്. എന്നാൽ ജനിച്ചുവളർന്ന സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രത്യക്ഷപ്പെടാനാണ് ടിം ഡേവിഡിന്‍റെ ആഗ്രഹം. ഐസിസിയിൽ പൂർണ മെമ്പറല്ലാത്ത അസോസിയേറ്റഡ് അംഗമാണ് സിംഗപ്പുർ. ഐസിസി അസോസിയേറ്റഡ് രാജ്യത്ത് നിന്നുള്ള ആദ്യ ഐപിഎൽ താരമല്ല ടിം ഡേവിഡ്. നേരത്തെ നെതർലൻഡ്‌സിന്റെ റയാൻ ടെൻ ഡോസ്‌കെറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചിട്ടുണ്ട്. ഏതായാലും ടിം ഡേവിഡിന്‍റെ വരവ് ഇന്ത്യൻ പ്രമീയർ ലീഗിന് ഒരു പുതിയ, തെക്കുകിഴക്കൻ ഏഷ്യൻ സ്വാദ് കൊണ്ടുവരികയും നിലവിലുള്ള ഓസ്‌ട്രേലിയൻ സ്വാദും വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ.
  Published by:Anuraj GR
  First published: