കഴിഞ്ഞദിവസം നടന്ന കൊല്‍ക്കത്ത- ലക്നൗ മത്സരത്തിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ആരാധകമനസ്സ് കീഴടക്കിയിരിക്കുകയാണ് യുവതാരം റിങ്കു സിംഗ്. നിര്‍ണായക മത്സരത്തില്‍ 6 പന്തില്‍ ജയിക്കാന്‍ 21 റണ്‍സ് വേണമെന്നിരിക്കെ പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ പോലും പ്രയാസപ്പെട്ടിരുന്ന താരം ആദ്യ നാല് പന്തുകള്‍ പറത്തിയത് 4,6,6,2 എന്ന കണക്കിലായിരുന്നു.
ഒടുവില്‍ ലൂയിസിന്റെ ഒറ്റക്കയ്യിലെ അസാധ്യ ക്യാച്ചില്‍ മടങ്ങിയെങ്കിലും ആരാധകരുടെ ഹീറോയായി റിങ്കു സിംഗ് മാറി. 15 പന്തില്‍ന നിന്ന് രണ്ട് ഫോറും നാല് സിക്സുമാണ് റിങ്കുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. രണ്ടു റണ്‍സിന്റെ തോല്‍വി ടീം വഴങ്ങിയെങ്കിലും സീസണിലെ ഏറ്റവും മികച്ച ഇന്നിങ്സുകളുടെ പട്ടികയിലേക്ക് ഇതും ചേര്‍ക്കപ്പെട്ടു.
ഇപ്പോഴിതാ പരിക്കിനെ തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ വെളിപ്പെടുത്തുകയാണ് കെ.കെ.ആര് താരം റിങ്കു സിംഗ്. തനിക്ക് പരിക്കേറ്റതോടെ ഭാവിയെക്കുറിച്ച് ഭയന്ന് പിതാവ് രണ്ട് മൂന്ന് ദിവസം ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നാണ് റിങ്കു സിംഗ് പറയുന്നത്.
2018ലാണ് റിങ്കുവിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ താരത്തിനു കഴിഞ്ഞില്ല. നാല് സീസണില്‍ കൊല്‍ക്കത്തയ്ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ തുടരെ അവസരം ലഭിച്ചിരുന്നില്ല. 2021 സീസണില്‍ മുട്ടുകാലിലെ പരിക്കിനെ തുടര്‍ന്ന് ആദ്യ പകുതി നഷ്ടമാവുകയും ചെയ്തു.
'എന്റെ ശരീരഭാഷയ്ക്ക് ഇണങ്ങും വിധം ഞാന്‍ കഠിനാധ്വാനം ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം എനിക്ക് പ്രയാസമേറിയതായിരുന്നു. വിജയ് ഹസാരെയില്‍ കളിക്കുമ്പോള്‍ എനിക്ക് മുട്ടുകാലിന് പരിക്കേറ്റു. രണ്ട് റണ്‍സിനായി ക്രീസില്‍ ഓടുമ്പോഴാണ് അത്. അവിടെ വീഴുമ്പോള്‍ ഐപിഎല്ലിനെ കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. ഓപ്പറേഷന് വേണമെന്നും 6-7 മാസം നഷ്ടമാവും എന്നും അവര്‍ പറഞ്ഞു.'
'അത്രയും നാള് ക്രിക്കറ്റില്‍ നിന്ന് മാറി നില്ക്കുക എന്നത് എന്നെ വേദനിപ്പിച്ചു. രണ്ട് മൂന്ന് ദിവസത്തേക്ക് എന്റെ പിതാവ് ഭക്ഷണം പോലും കഴിക്കുന്നുണ്ടായില്ല. പരിക്കേല്‍ക്കുക എന്നത് കളിയുടെ ഭാഗമാണ് എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. ആ സാഹചര്യത്തില്‍ ഇങ്ങനെയെല്ലാം സംഭവിക്കുമ്പോള്‍ അത് വളരെയധികം ആശങ്ക സൃഷ്ടിക്കും'- റിങ്കു സിംഗ് പറയുന്നു.
7 കളിയില്‍ നിന്ന് 174 റണ്‍സ് ആണ് റിങ്കു സിങ് ഈ സീസണില്‍ സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 34.80. സ്ട്രൈക്ക്റേറ്റ് 148.71. 80 ലക്ഷം രൂപയ്ക്കാണ് റിങ്കുവിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. ബൗണ്ടറി ലൈനിന് സമീപം ചോരാത്ത കൈകളുമായി റിങ്കു ഫീല്‍ഡിങ് മികവ് കാണിച്ച് ശ്രദ്ധ പിടിച്ചിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.