കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഗംഭീര പ്രകടനം പുറത്തെടുത്ത ഡൽഹി ക്യാപിറ്റൽസിലെ രണ്ട് താരങ്ങളുടെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഡൽഹി ടീം മുഖ്യ പരിശീലകനും മുൻ ഓസ്ട്രേലിയൻ നായകനുമായ റിക്കി പോണ്ടിങ്ങ്. കഴിഞ്ഞ വർഷം ഫൈനലിസ്റ്റുകളായിരുന്ന ഡൽഹി മുബൈയോടാണ് തോറ്റത്. ഡല്‍ഹിയെ ഇക്കുറി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ് ശ്രേയസ് അയ്യര്‍ പുറത്തായതോടെയാണ് ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിച്ചത്. ഏപ്രില്‍ 10ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി ചുമതലയേറ്റ റിഷഭ് പന്ത് ടീമിനെ മുന്നോട്ടേക്ക് തന്നെ നയിക്കുമെന്നാണ് ഡല്‍ഹിയുടെ പരിശീലകന്‍ റിക്കി പോണ്ടിങ്ങ് പറഞ്ഞിരിക്കുന്നത്. റിഷഭ് പന്തിന് ചേര്‍ന്നതാണ് ക്യാപ്റ്റന്‍സി. ടീമിന്റെ നായകൻ ടീമിലെ പ്രധാന താരമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് റിഷഭ് പന്ത്. കടമകൾ ഇഷ്ടപെടുന്ന വ്യക്തിയാണ് പന്ത്. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍സി പന്തിന് എളുപ്പമായിരിക്കുമെന്നും പോണ്ടിങ്ങ് കൂട്ടിച്ചേർത്തു.
പന്തിനെ സഹായിക്കാന്‍ താനും മറ്റും സീനിയര്‍ താരങ്ങളും എപ്പോഴും ഉണ്ടാകും. മത്സരം തുടങ്ങിക്കഴിഞ്ഞാൽ അദ്ദേഹത്തിന് അധികം സഹായങ്ങള്‍ വേണ്ടി വരും എന്ന് താന്‍ കരുതുന്നില്ല എന്നും പോണ്ടിങ്ങ് പറഞ്ഞു. പന്തിന് ഇത് മികച്ച സീസണ്‍ ആണെന്നും അത് ഐ പി എല്ലിലും തുടരും എന്നാണ് പ്രതീക്ഷയെന്നും പോണ്ടിങ്ങ് കൂട്ടിച്ചേർത്തു.
Also Read- IPL 2021| ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും വിഷമമില്ല: കുൽദീപ് യാദവ്
ഇന്ത്യന്‍ യുവതാരവും ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറും കൂടിയായ പൃഥ്വി ഷായുടെ വ്യത്യസ്തമായ ശീലവും പോണ്ടിങ്ങ് വെളിപ്പെടുത്തി. 'നാലോ അഞ്ചോ മത്സരങ്ങളില്‍ തുടര്‍ച്ചയായി അവന്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ നെറ്റ്സില്‍ പരിശീലനത്തിലൂടെ തെറ്റുകള്‍ തിരുത്താമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ ബാറ്റ് ചെയ്യുന്നില്ലയെന്നും അത് ശരിയാക്കാന്‍ സാധിക്കുകയില്ലെന്നുമാണ് അവന്‍ പറഞ്ഞത്'- പോണ്ടിങ് പറഞ്ഞു.
'മൽസരത്തിൽ റണ്‍സ് സ്കോര്‍ ചെയ്യാന്‍ നെറ്റ്സിൽ ബാറ്റ് ചെയ്യില്ലയെന്നും, റണ്‍സ് സ്കോര്‍ ചെയ്യുമ്പോള്‍ എല്ലായ്‌പോഴും തനിക്ക് ബാറ്റ് ചെയ്യണമെന്നുമാണ് അവന്‍ പറഞ്ഞത്. അവന്റെ പരിശീലനരീതികള്‍ മാറിയാല്‍ അത് ഡല്‍ഹി ക്യാപിറ്റല്‍സിന് മാത്രമായിരിക്കില്ല ഗുണകരമാവുക. ഭാവിയില്‍ ഇന്ത്യന്‍ ടീമിന് വേണ്ടിയും അവന്‍ ഒരുപാട് മത്സരങ്ങള്‍ കളിക്കും. ഐ പി എല്ലില്‍ മികച്ച ഫോമില്‍ അവന്‍ ബാറ്റ് ചെയ്താല്‍ അത് ഡല്‍ഹി ക്യാപിറ്റല്‍സിനെ കൂടുതല്‍ ശക്തരാക്കും. എന്റെ ക്രിക്കറ്റ് കരിയറില്‍ അവനെക്കാള്‍ കഴിവുള്ള കൂടുതല്‍ താരങ്ങളെ ഞാന്‍ കണ്ടിട്ടില്ല'- റിക്കി പോണ്ടിങ്ങ് പറഞ്ഞു നിർത്തി.
News summary: Delhi Capitals coach Ricky Ponting is confident that new captain Rishabh Pant is going to take the team to greater heights in IPL 2021. Ricky Ponting reveals Prithvi Shaw doesn't bat in the nets when he's not scoring runs.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi capitals, India cricket, IPL 2021, IPL 2021 Rishabh Pant, News18 news, Ricky Ponting