HOME /NEWS /IPL / IPL 2021 | 50 കളിക്കാരെ കിട്ടിയാലും ഋഷഭ് പന്തിനെ പോലെ കളിക്കാന്‍ ആർക്കുമാവില്ല': പാറ്റ് കമ്മിൻസ്

IPL 2021 | 50 കളിക്കാരെ കിട്ടിയാലും ഋഷഭ് പന്തിനെ പോലെ കളിക്കാന്‍ ആർക്കുമാവില്ല': പാറ്റ് കമ്മിൻസ്

Rishabh Pant

Rishabh Pant

"അത്തരം ആളുകളുടെ കളി കാണുമ്പോള്‍ ദൈവമേ അതുപോലെ കളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നും. അത്തരത്തിൽ കളിക്കുന്ന ധൈര്യശാലിയാണ് ഋഷഭ് പന്ത്." കമിൻസ് കൂട്ടിച്ചേർത്തു.

 • Share this:

  ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തിനെ പ്രശംസ കൊണ്ട് മൂടി ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ്. 50 കളിക്കാര്‍ ഒരു ടീമിന് ഉണ്ടായാൽ പോലും ഋഷഭ് പന്തിന്റേത് പോലെ കളിയുടെ ഗതി തിരിക്കാന്‍ കഴിവുള്ളള ഒരു താരം ആ 50 പേരിൽ ഉണ്ടാവില്ലെന്നാണ് കമിന്‍സ് പറഞ്ഞത്.

  "ഋഷഭ് പന്ത് കളിക്കുന്നത് കാണുമ്പോള്‍ തന്നെ വെല്‍ ഡണ്‍ എന്ന് പറയാന്‍ തോന്നും. പന്തിന്റെ കളി കാണാന്‍ എല്ലായ്‌പ്പോഴും രസമാണ്. മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ആരെങ്കിലും കളിക്കുമ്പോള്‍ അത് ആസ്വദിക്കാന്‍ നമുക്ക് തോന്നും. അവർ യാതൊരു ഭയവുമില്ലാതെയാവും കളിക്കുന്നത്. അവരുടെ കളി കാണുമ്പോള്‍ ദൈവമേ അതുപോലെ കളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നും. അത്തരത്തിൽ കളിക്കുന്ന ധൈര്യശാലിയാണ് ഋഷഭ് പന്ത്." കമിൻസ് കൂട്ടിച്ചേർത്തു.

  ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ഋഷഭ് പന്ത് ഫോം വീണ്ടെടുത്ത് ഇന്ത്യൻ ടീമിൽ തിരികെ എത്തിയത്. സിഡ്‌നിയിലും ഗാബയിലും തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ കളിച്ച പന്ത് കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമായി തിരിച്ചു. സിഡ്നി ടെസ്റ്റിൽ പന്ത് ക്രീസിൽ ഉണ്ടായിരുന്ന അത്രയും നേരം ഇന്ത്യ വിജയം മുന്നിൽ കണ്ടാണ് നീങ്ങിയിരുന്നത്. പന്ത് പുറത്തായത് കൊണ്ട് മാത്രമാണ് സിഡ്നി ടെസ്റ്റ് സമനിലയിൽ അവസാനിച്ചത്. അതേസമയം, ഗാബയിലെ ടെസ്റ്റിൽ ഇന്ത്യ മത്സരം ജയിച്ചത് പന്തിന്‍റെ അവസാന നിമിഷം വരെയുമുള്ള പോരാട്ടം കൊണ്ടായിരുന്നു.

  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20, ഏകദിന പരമ്പരയിലും പന്ത് ഇതേ മികവ് ആവർത്തിച്ചു. ഇംഗ്ലണ്ടിലെ പരമ്പരയിൽ പന്തിനെ കുറച്ചു കൂടി ഉത്തരവാദിത്ത ബോധമുള്ള ഒരു ബാറ്റ്സ്മാൻ ആയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. കളിയുടെ ആവശ്യം അറിഞ്ഞു കളിക്കുക എന്നത് കൂടി നിറവേറ്റാൻ താരത്തിനായി. താരത്തിന്‍റെ തകർപ്പൻ പ്രകടനം പലരുടെയും പ്രശംസ നേടിയിരുന്നു. അതിനെല്ലാം മുകളിൽ ഇരട്ടി മധുരം എന്നോണം പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായക സ്ഥാനവും ഋഷഭ് പന്തിനെ തേടിയെത്തി.

  Also Read- IPL 2021 | 'ഇത് ധോണിയുടെ അവസാന സീസൺ ആകില്ല'- ചെന്നൈ ടീം സി ഇ ഒ

  ശ്രേയസ് അയ്യര്‍ക്ക് പരുക്കേറ്റതോടെയാണ് ഡൽഹി ക്യാപിറ്റല്‍സിന്‍റെ നായകനായി റിഷഭ് പന്ത് എത്തിയത്. കഴിഞ്ഞ സീസണില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ പന്തിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും കൂടാതെ വിക്കറ്റിന് പുറകിൽ കൂടി മികവ് കാണിക്കണം എന്ന സമ്മര്‍ദം പന്ത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കാം. വെല്ലുവിളികൾ ഇഷ്ടപ്പെടുന്ന താരം ഇവയെല്ലാം മറികടക്കും എന്നും പ്രതീക്ഷിക്കാം. ഒപ്പം കഴിഞ്ഞ വർഷം ഫൈനലിൽ എത്തിയിട്ടും കിരീടം നഷ്ടപ്പെട്ട ഡൽഹിക്ക് ഈ വട്ടം കിരീടം നേടി കൊടുക്കുവാൻ കഴിയുമോ എന്നും എല്ലാവരും ഉറ്റുനോക്കുന്നു.

  ഡൽഹിയുടെ ക്യാപ്റ്റനായി പന്ത് കൂടി എത്തിയതോടെ ഈ സീസണിൽ വിക്കറ്റ് കീപ്പർ ക്യാപ്റ്റൻമാരുടെ എണ്ണം നാലായി. പന്തിനു പുറമെ ധോണി(ചെന്നൈ), കെ എൽ രാഹുൽ(പഞ്ചാബ്), സഞ്ജു സാംസൺ (രാജസ്ഥാൻ) എന്നിവരാണ് മറ്റു വിക്കറ്റ് കീപ്പർ ക്യാപ്റ്റൻമാർ. ഐപിഎല്ലിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് നാല് ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ ക്യാപ്റ്റൻമാരാവുന്നത്.

  Summary- Rishabh Pant is the most enjoyable player to watch in the world currently in Cricket, says Cummins

  First published:

  Tags: Delhi capitals, India cricket, IPL 2021, News18 news, Ricky Ponting, Rishabh Pant