• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021| പരുക്കേറ്റ അയ്യർക്ക് പകരം റിഷഭ് പന്ത്; ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

IPL 2021| പരുക്കേറ്റ അയ്യർക്ക് പകരം റിഷഭ് പന്ത്; ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

ക്രിക്കറ്റിന്‍റെ ചെറിയ പതിപ്പിലെ ഏറ്റവും വലിയ പൂരത്തിലെ ഈ വലിയ ചുമതല താരം എങ്ങനെ സ്വീകരിക്കുന്നു എന്ന് കാണാൻ നമുക്ക് കാത്തിരിക്കാം.

Rishabh Pant

Rishabh Pant

  • Share this:
    ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനിടെ പരുക്കേറ്റ ശ്രേയസ് അയ്യർക്ക് ഐ പി എല്‍ നഷ്ടമായ സ്ഥിതിക്ക് ഡൽഹി ക്യാപിറ്റൽസ്‌ അവരുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. അയ്യരുടെ അഭാവത്തിൽ പതിനാലാം സീസണില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ നയിക്കുക ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത യുവതാരം റിഷഭ് പന്താണ്.

    ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ പ്രകടനത്തോടെ തന്‍റെ വിമർശകരെ കൊണ്ട് പോലും നല്ല വാക്ക് പറയിപ്പിച്ചിരിക്കുകയാണ് പന്ത്. സേവാഗിനെയും ഇൻസമാമിനെയും ഇയാൻ ബെല്ലിനേയും പോലുള്ള അനേകം മുതിർന്ന താരങ്ങൾ പന്തിനേയും പന്തിന്‍റെ പ്രകടനത്തേയും വാനോളം പുകഴ്ത്തി മുന്നോട്ട് വന്നിരുന്നു. പന്തിന്‍റെ കളി കാണുമ്പോൾ തനിക്ക് തന്‍റെ പഴയ കാലം ആണ് ഓർമ വരുന്നതെന്നാണ് സെവാഗ് പറഞ്ഞത്. പന്ത് വരും കാലങ്ങളിൽ വൈറ്റ് ബോൾ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ കൂടിയാവും എന്നും അദ്ദേഹം കൂട്ടിച്ചെർത്തു. പന്തില്ലാതെ ഉള്ള ഒരു ഇന്ത്യൻ ടീം സങ്കൽപ്പിക്കാൻ ആവുന്നില്ല എന്നായിരുന്നു മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബെല്ലിന്‍റെ അഭിപ്രായം.

    ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരുക്കേറ്റ ശ്രേയസ് അയ്യരെ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായാല്‍ അയ്യര്‍ക്ക് നാലു മാസമെങ്കിലും വിശ്രമം വേണ്ടിവരും. ഇതിനെത്തുടര്‍ന്നാണ് പുതിയ നായകനെ തിരഞ്ഞെടുക്കാന്‍ ഡല്‍ഹി നിര്‍ബന്ധിതരായത്. കഴിഞ്ഞ സീസണില്‍ അയ്യർക്ക് കീഴില്‍ ഡല്‍ഹി ഫൈനലില്‍ എത്തിയിരുന്നു.

    പഞ്ചാബ് കിംഗ്സ് മുന്‍ നായകന്‍ ആര്‍ അശ്വിനും രാജസ്ഥാന്‍ റോയല്‍സ് മുൻ നായകൻ സ്റ്റീവ് സ്മിത്തും ഇന്ത്യയെ ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിച്ച അജിങ്ക്യ രഹാനെയും ടീമിലുണ്ടെങ്കിലും യുവതാരത്തിൽ ടീം മാനേജ്മെന്‍റ് വിശ്വാസം അർപ്പിക്കുകയായിരുന്നു. ഇതാദ്യമായാണ് പന്ത് ഐ പി എല്‍ ടീമിന്‍റെ നായകസ്ഥാനത്ത് എത്തുന്നത്.

    You May Also Like- I P L 2021 | ഐ.പി.എല്ലില്‍ കൊഹ്‌ലിയെ കാത്തിരിക്കുന്നത് മൂന്ന് റെക്കോർഡുകൾ

    ഇതോടെ ഐ പി എല്ലിലെ വിക്കറ്റ് കീപ്പർമാരായ ക്യാപ്റ്റൻമാരുടെ എണ്ണം നാലായി. ചെന്നൈയുടെ ക്യാപ്റ്റനായ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി പഞ്ചാബിന്‍റെ ക്യാപ്റ്റനായ കെ എൽ രാഹുൽ, ഇന്ത്യൻ ടീമിൽ ഇടം നേടാൻ പന്തിനൊപ്പം മത്സരിക്കുന്ന രാജസ്ഥാന്‍റെ മലയാളി താരം സഞ്ജൂ വി സാംസൺ എന്നിങ്ങനെ പോകുന്നു ആ നിര.

    ക്രിക്കറ്റിന്‍റെ ചെറിയ പതിപ്പിലെ ഏറ്റവും വലിയ പൂരത്തിലെ ഈ വലിയ ചുമതല താരം എങ്ങനെ സ്വീകരിക്കുന്നു എന്ന് കാണാൻ നമുക്ക് കാത്തിരിക്കാം. പുതിയ ചുമതല താരത്തിന് വെല്ലുവിളിയാകുമോ അതോ താരം ഇത് നിഷ്പ്രയാസം കൈകാര്യം ചെയ്യുമോ എന്നത് ആരാധകരും ഉറ്റുനോക്കുകയാണ്.

    Summary- Rishabh Pant to captain Delhi Capitals replacing the injured Shreyas Iyer
    Published by:Anuraj GR
    First published: