ഐപിഎല്ലിൽ 'വേഗമേറിയ' പ്രകടനം കൊണ്ട് ശ്രദ്ധേയനായ സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്കിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ഉൾപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ. തന്റെ എക്സ്പ്രസ് വേഗം കൊണ്ട് ഐപിഎല്ലിലെ എതിർ ടീമിലെ ബാറ്റർമാരെ വെള്ളം കുടിപ്പിച്ച ഈ കാശ്മീരി പേസറെ ലോകകപ്പ് ടീമിലെ നെറ്റ് ബൗളറായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎൽ തീർന്നതിന് ശേഷവും യുഎഇയിൽ തന്നെ തുടരാനും ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ല എന്നും താരത്തോട് ബിസിസിഐ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മികച്ച വേഗത്തിൽ പന്തെറിയുന്ന താരത്തെ നെറ്റ് ബൗളറായി ടീമിൽ ഉൾപ്പെടുത്തുന്നത് ടീമിനും അതോടൊപ്പം കോഹ്ലി, രോഹിത് ശർമ എന്നീ ലോകോത്തര ബാറ്റർമാർക്കെതിരെയും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ചേർന്ന് പന്തെറിയാനും ലഭിക്കുന്ന അവസരം താരത്തിന്റെ മുന്നോട്ടുള്ള കരിയറിൽ ഏറെ ഗുണം ചെയ്യുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചതായി എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു.
ഐപിഎല്‍ പതിനാലാം സീസണിൽ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരം ഉമ്രാന്‍ മാലിക്കാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 153 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാണ് ഈ 21 കാരൻ ഈ ഐപിഎൽ സീസണിലെ ഏറ്റവും വേഗമേറിയ പന്തിന്റെ ഉടമയായത്. സൺറൈസേഴ്‌സ് ഹൈദരാബാദ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിൽ ബാംഗ്ലൂർ ഇന്നിങ്സിന്റെ ഒമ്പതാം ഓവറിലായിരുന്നു സീസണിലെ വേഗമേറിയ പന്ത് താരം എറിഞ്ഞത്. ഓവറിലെ ആദ്യത്തെ പന്തിൽ 147 കിലോമീറ്റർ, രണ്ടാം പന്തിൽ 151 കിലോമീറ്റര്‍, മൂന്നാം പന്തിൽ 152 കിലോമീറ്റര്‍ എന്നിങ്ങനെ പടി പടിയായി വേഗം കൂടിയ പന്തുകൾ എറിഞ്ഞ താരം നാലാം പന്തിലാണ് 153 കിലോമീറ്റർ വേഗം കണ്ടെത്തിയത്. മലയാളി താരം ദേവ്ദത്ത് പടിക്കലിനെതിരെ എറിഞ്ഞ ഫുള്‍ടോസിലാണ് താരം ഈ റെക്കോർഡ് വേഗം രേഖപ്പെടുത്തിയത്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തീപാറും പേസ് കൊണ്ട് ഉമ്രാന്‍ മാലിക്ക് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. കെകെആറിനെതിരെ എറിഞ്ഞ 151.03 കി.മീ വേഗമുള്ള പന്ത് ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ ബോളായിരുന്നു. എന്നാല്‍ സണ്‍റൈസേഴ്‌സിനെതിരെ തന്‍റെ രണ്ടാം മത്സരത്തില്‍ 153 കിലോമീറ്റര്‍ വേഗം കണ്ടെത്തി സീസണില്‍ ഇതുവരെയുള്ള വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡും കീശയിലാക്കി.
Also read- IPL 2021| പ്ലേഓഫിൽ ചെന്നൈ - ഡൽഹി പോര്; അപൂർവ റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങി ഋഷഭ് പന്ത്
152.75 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിഞ്ഞ കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മാലിക്ക് ഇതോടെ മറികടന്നത്. 152.74 കിലോമീറ്ററാണ് ഈ സീസണിലെ മൂന്നാമത്തെ വേഗമേറിയ പന്ത്. ഇത് ഫെർഗൂസന്റെ തന്നെ പേരിലാണ്. 151.97, 151.77 എന്നിങ്ങനെയാണ് നാലാമത്തെയും അഞ്ചാമത്തെയും പന്തുകളുടെ വേഗം. ഇവ രണ്ടും ഉമ്രാന്റെ പേരിലാണ്. ആദ്യ 10 സ്ഥാനങ്ങളിൽ വേഗമേറിയ പന്തുകൾ പേരിലാക്കിയ ഏക ഇന്ത്യൻ താരവും ഉമ്രാൻ മാലിക്കാണ്.
കോവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുണ്ടായിരുന്ന മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC T20 World Cup, Indian cricket team, IPL 2021, Sunrisers Hyderabad