• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലബാര്‍ ലഹളയിലെ പൂക്കോട്ടൂര്‍ യുദ്ധത്തിന് ഇന്നേക്ക് ഒരു നൂറ്റാണ്ട് ; മാപ്പിള പോരാളികളും ബ്രിട്ടീഷുകാരും നേര്‍ക്കുനേര്‍ പോരാടിയ ചരിത്രം

മലബാര്‍ ലഹളയിലെ പൂക്കോട്ടൂര്‍ യുദ്ധത്തിന് ഇന്നേക്ക് ഒരു നൂറ്റാണ്ട് ; മാപ്പിള പോരാളികളും ബ്രിട്ടീഷുകാരും നേര്‍ക്കുനേര്‍ പോരാടിയ ചരിത്രം

കോഴിക്കോട് നിന്നും വന്ന സായുധരായ നൂറുകണക്കിന് ബ്രിട്ടീഷ് സൈനികര്‍ക്ക് എതിരെ ഖിലാഫത്ത് ലഹളക്കാര്‍ നേരിട്ട് പോരാടിയ ചരിത്രം ആണ് പൂക്കോട്ടൂര്‍ പോരാട്ടത്തിന്റേത്

  • Share this:
മലബാര്‍ കലാപത്തിന്റെ ഏറ്റവും സുപ്രധാന പോരാട്ടമായ പൂക്കോട്ടൂര്‍ യുദ്ധത്തിന് ഇന്നേക്ക് 100 വയസ്സ്. സായുധരായ ബ്രിട്ടീഷ് സൈന്യത്തോട് പൂക്കോട്ടൂരിലെ പോരാളികള്‍ പട പൊരുതി രക്ത സാക്ഷികളായത് സ്വതന്ത്ര സമര ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ പോരാട്ടമായി ആണ് പല ചരിത്രകാരന്മാരും വിലയിരുത്തുന്നത്

കോഴിക്കോട് നിന്നും വന്ന സായുധരായ നൂറുകണക്കിന് ബ്രിട്ടീഷ് സൈനികര്‍ക്ക് എതിരെ ഖിലാഫത്ത് ലഹളക്കാര്‍ നേരിട്ട് പോരാടിയ ചരിത്രം ആണ് പൂക്കോട്ടൂര്‍ പോരാട്ടത്തിന്റേത്. ആഗസ്റ്റ് 26ന് പുലര്‍ച്ചെ കൊണ്ടോട്ടിയില്‍ നിന്ന് പുറപ്പെട്ട പട്ടാളത്തെ പൂക്കോട്ടൂരിനും പിലാക്കലിനുമിടയില്‍ വച്ചാണ് മാപ്പിള പോരാളികള്‍ എതിരിട്ടത്.

സൈന്യം പൂക്കോട്ടൂര്‍ അങ്ങാടിയില്‍ നിന്ന് നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് ആദ്യമായി വെടി പൊട്ടിയത്. ഇതോടെ അപകടം മണത്ത ബ്രിട്ടീഷ് സൈനിക വ്യൂഹം അവിടെ നില്‍ക്കുകയും പുക ബോംബെറിഞ്ഞ ശേഷം സ്‌റ്റോക്‌സ് മോര്‍ട്ടാര്‍ പീരങ്കികളും ലൂയിസ് ഗണ്ണുകളും കൊണ്ട് മാപ്പിള പോരാളികളെ നേരിടുകയും ചെയ്തു.

അഞ്ചു മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയും പോരാളികളുടെ തലവനുമായ വടക്കുവീട്ടില്‍ മുഹമ്മദ് ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് രക്തസാക്ഷികളായത്. ബ്രിട്ടീഷ് പക്ഷത്തും ഏറെ ആള്‍ നാശം ഉണ്ടായി. 1857 ന് ശേഷമുണ്ടായ ഏറ്റവും ശക്തമായ പോരാട്ടം ആയാണ് പല ചരിത്രകാരന്മാരും പൂക്കോട്ടൂര്‍ യുദ്ധത്തെ കണക്കാക്കുന്നത്.

ഖിലാഫത്ത് ആശയങ്ങളും ജന്മികള്‍ക്ക് എതിരായ പ്രതിഷേധവും തിരൂരങ്ങാടിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ വെടിവെയ്പ്പും എല്ലാം പൂക്കോട്ടൂരിലെ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നു. പൂക്കോട്ടൂര്‍ കോവിലകത്തെ കാര്യസ്ഥനായിരുന്ന വടക്കേവീട്ടില്‍ മുഹമ്മദിനെതിരെ തോക്ക് മോഷണ പരാതി ഉയര്‍ന്നതും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് സേന ശ്രമിച്ചതും എല്ലാം മേഖലയിലും സംഘര്‍ഷ ഭരിതമായ സാഹചര്യം തീര്‍ത്തിരുന്നു.

ഇതിനെ തുടര്‍ന്ന് ഖിലാഫത്ത് പോരാളികള്‍ ബ്രിട്ടീഷ് സേനക്കും ജന്മിയായ പൂക്കോട്ടൂര്‍ തിരുമുല്‍പാടിനും എതിരെ രംഗത്ത് വന്നു. ഈ സംഭവങ്ങളും ബ്രിട്ടീഷുകാര്‍ക്ക് എതിരായ നേര്‍ക്ക് നേര്‍ പോരാട്ടത്തിന് ഒരു കാരണം ആയെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.

പൂക്കോട്ടൂര്‍ യുദ്ധത്തിന് ശേഷം മലപ്പുറം ജില്ലയുടെ വിവിധ മേഖലകളില്‍ ബ്രിട്ടീഷ് സൈന്യവും മാപ്പിള പോരാളികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. പലയിടത്തും വര്‍ഗീയ കലാപങ്ങളും കൂട്ടക്കൊലയും നടക്കുകയും എണ്ണമറ്റ ആളുകള്‍ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തു.

വാഗണ്‍ ട്രാജഡി അടക്കം ചരിത്രത്തിലെ അതി ക്രൂരമായ സംഭവങ്ങള്‍ എല്ലാം ഈ ദിവസങ്ങളില്‍ ആയിരുന്നു സംഭവിച്ചത്. ഒരു നൂറ്റാണ്ടിന് ഇപ്പുറം അന്നത്തെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടങ്ങുന്ന 387 പേര് സ്വതന്ത്ര സമര സേനാനികളുടെ ഗണത്തില്‍ പെടില്ല എന്ന നിലപാടില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ നടത്തിയത് ബ്രിട്ടീഷ് വിരുദ്ധ സമരം അല്ല, മതാതിഷ്ഠിത പോരാണ്, വര്‍ഗീയ ലഹള ആണ് എന്ന നിരീക്ഷണം ആണ് കേന്ദ്രത്തിനുള്ളത്. അതിന് എതിരെ ഉള്ള പ്രതിഷേധങ്ങള്‍ കൂടി കത്തിജ്വലിക്കുമ്പോള്‍ ആണ് പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ നൂറാം വാര്‍ഷികം കടന്നു വരുന്നത്
Published by:Karthika M
First published: