സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരുന്ന 14കാരൻ മരിച്ചു
- Published by:meera_57
- news18-malayalam
Last Updated:
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്
നിപ ബാധിതനായി ചികിത്സയിലിരുന്ന 14കാരൻ മരിച്ചു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമാക്കി, ഇന്ന് രാവിലെ 10.50 ഓടു കൂടി കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് സംസ്കാര ചടങ്ങുകൾ ശാസ്ത്രീയ രീതിയിൽ നടത്തും എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. 2018 മെയ്-ജൂൺ മാസങ്ങളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേർ നിപ പോസിറ്റീവ് ആയിരുന്നു. ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത് ഈ വർഷമായിരുന്നു. രോഗബാധിതരിൽ ഒരാൾ മാത്രമാണ് 2018ൽ അതിജീവിച്ചത്. 2019, 2021, 2023 വർഷങ്ങളിലും കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021ൽ കോഴിക്കോട്ട് 12 വയസ്സുള്ള ഒരു ആൺകുട്ടി അണുബാധയെ തുടർന്ന് മരിച്ചു. 2023 ൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ രണ്ട് പേർ മരിച്ചു. ഓരോ അവസരത്തിലും മരണനിരക്ക് കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. വവ്വാലുകളിലൂടെയാണ് അണുബാധ പടരുന്നതെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല.
advertisement
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭോപ്പാലിൽ നിന്നും വവ്വാലുകളുടെ നിരീക്ഷണ സംഘം ഉടൻ പാണ്ടിക്കാട് എത്തും. ആവശ്യമെങ്കിൽ ക്വാറൻ്റൈൻ ആവശ്യങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 മുറികൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. സമീപ നഗരത്തിലെ ഐസൊലേഷൻ വാർഡുകളും അവർ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, മലപ്പുറത്ത് നിപ സമ്പർക്ക പട്ടിക 246 ആയി ഉയർന്നു. 63 പേർ അതിതീവ്ര നിരീക്ഷണത്തിൽ തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരും. അടുത്ത ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.
advertisement
Summary: 14-year-old boy who was undergoing treatment for Nipah virus infection passed away. The child from Malappuram was under treatment with severe symptoms. More people are put under observation. The recent route map released by the health department has got 246 people in it. 63 are under strict vigilance. Tougher restrictions are put in place for Anakkayam and Pandikkad panchayats in Malappuram
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 21, 2024 12:32 PM IST