ശബരിമലയിൽ സുരക്ഷ ഒരുക്കാൻ കാൽലക്ഷം പൊലീസുകാരെത്തും
Last Updated:
തിരുവനന്തപുരം: മണ്ഡല –മകരവിളക്ക്കാലത്ത് ശബരിമലയിലെത്തുന്ന 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് ദർശനം ഉറപ്പാക്കാൻ സുരക്ഷാ പദ്ധതിക്ക് രൂപം നൽകി പൊലീസ്. തുലമാസ പൂജകൾക്കായി നട തുറന്നപ്പോളുണ്ടായ അവസ്ഥ ഉണ്ടാകാതിരിക്കാൻ പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാകും ഒരുക്കുക.
കമാൻഡോകളും വനിതാ കോൺസ്റ്റബിൾമാരുമടക്കം 24,000ത്തിലേറെ പൊലീസുകാരെയാണ് നാലുഘട്ടമായി വിന്യസിക്കുന്നത്. ഇതിനു പുറമെ അയൽ സംസ്ഥാനങ്ങളിലെ പൊലീസിനെയും കേന്ദ്രസേനയെയും ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് എഡിജിപിമാർ, ആറ് ഐജിമാർ, എട്ട് എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുക. 15 ദിവസം വീതമുള്ള നാലുഘട്ടമായാണ് പൊലീസ് വിന്യാസം. ഓരോ ഘട്ടത്തിലും ശരാശരി അയ്യായിരത്തിലേറെ പേർ നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഡ്യൂട്ടിയിലുണ്ടാകും. മകരവിളക്ക് അടുക്കുമ്പോൾ പൊലീസുകാരുടെ എണ്ണം 7500 വരെയാക്കും.
advertisement
കഴിഞ്ഞവർഷം തുടക്കത്തിൽ 3000 പേരെയും മകരവിളക്കിന് 6000 പേരെയുമാണ് നിയോഗിച്ചിരുന്നത്. ദക്ഷിണ മേഖലാ എഡിജിപി അനിൽ കാന്ത് സുരക്ഷ ഏകോപിപ്പിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ആനന്ദകൃഷ്ണൻ സേനാവിന്യാസത്തിനു നേതൃത്വം നൽകും.
പമ്പയിലും സന്നിധാനത്തും ഓരോ ഐജിമാരുടെ നേതൃത്തിലാണ് സുരക്ഷ. ഐജി പി.വിജയനു സന്നിധാനത്തിന്റെയും തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിനു നിലയ്ക്കൽ മുതൽ പമ്പ വരെയും ചുമതല നൽകും. മുൻപ് ഈ സ്ഥലങ്ങളിൽ എസ്.പിമാർക്കായിരുന്നു സുരക്ഷാ ചുമതല. ഇരുവരുടെയും കീഴിൽ രണ്ട് എസ്പിമാർ വീതം ഡ്യൂട്ടിയിലുണ്ടാകും.
advertisement
മരക്കൂട്ടത്തും എസ്.പിയുടെ നേതൃത്വത്തിൽ സ്ഥിരം സംഘമുണ്ടാകും. ഐജിമാരായ ദിനേന്ദ്ര കശ്യപ്, എസ്.ശ്രീജിത്ത്, ഇ.ജെ.ജയരാജ് എന്നിവർക്കും സുരക്ഷാചുമതലയുണ്ട്. 32 ഡിവൈഎസ്പിമാർ, 42 സിഐമാർ, 98 എസ്ഐമാർ എന്നിവരും ഓരോ ഘട്ടത്തിലും കാണും.
165 വനിതാ പൊലീസുകാരെയാണ് ആദ്യ ഘട്ടത്തിൽ ഡ്യൂട്ടിക്കു നിയോഗിക്കുക. ഇവരെ തുടക്കത്തിൽ നിലയ്ക്കലാണു നിർത്തുക. ആവശ്യമെങ്കിൽ മാത്രം സന്നിധാനത്തു നിയോഗിക്കും. മണിയാർ ക്യാംപിലും വനിതാ പൊലീസിന്റെ റിസർവ് സംഘം ഉണ്ടാകും.
സന്നിധാനം, നിലയ്ക്കൽ, പമ്പ, എരുമേലി, വടശേരിക്കര എന്നിവിടങ്ങളിലാണ് കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തുക. ലോക്കൽ പൊലീസിന് പുറമെ ഐആർ കമാൻഡോ (90 പേർ), കേരള പൊലീസ് കമാൻഡോ (60), എൻഡിആർഎഫ് (80), സിആർപിഎഫിന്റെ റാപിഡ് ആക്‌ഷൻ ഫോഴ്സ് (220) എന്നിവയും നിലയ്ക്കലും സന്നിധാനത്തുമായി ഉണ്ടാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2018 10:57 AM IST


