• HOME
 • »
 • NEWS
 • »
 • kerala
 • »
 • പണിമുടക്കിന് തലേന്ന് മൂന്നു മണിക്കൂറിനിടെ വാളയാർ അതിർത്തി കടന്നത് 640 കാറുകൾ; ഊട്ടിയിലും കൊടൈക്കനാലിലും സഞ്ചാരികളുടെ തിരക്ക്

പണിമുടക്കിന് തലേന്ന് മൂന്നു മണിക്കൂറിനിടെ വാളയാർ അതിർത്തി കടന്നത് 640 കാറുകൾ; ഊട്ടിയിലും കൊടൈക്കനാലിലും സഞ്ചാരികളുടെ തിരക്ക്

കഴിഞ്ഞദിവസം ഊട്ടിയിലെയും പരിസരത്തെയും ഹോട്ടലുകള്‍ മലയാളികളെക്കൊണ്ട് നിറഞ്ഞിരുന്നു. രണ്ട് ദിവസം പുറത്തിറങ്ങാതെ വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പലരും യാത്ര ആസൂത്രണം ചെയ്തത്.

 • Share this:
  രണ്ടുദിവസം നീളുന്ന ദേശീയ പണിമുടക്ക് തുടങ്ങുന്നതിന് തലേന്ന് രാത്രി മൂന്നു മണിക്കൂറിനിടെ വാളയാർ അതിർത്തി കടന്നു പോയത് 640 കാറുകളെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. ഇവയില്‍ ഭൂരിഭാഗവും ഊട്ടി, കൊടൈക്കനാല്‍, വാല്‍പാറ തുടങ്ങിയ ഇടങ്ങളിലേക്കാണ് പെര്‍മിറ്റ് എടുത്തത്. വാഹനം കടന്നുപോയത് കൂടുതലും ഊട്ടിയിലേക്കാണ്. കാഴ്ചാനുഭവം നിറയ്ക്കുന്ന ഓരോ വിനോദ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

  കഴിഞ്ഞദിവസം ഊട്ടിയിലെയും പരിസരത്തെയും ഹോട്ടലുകള്‍ മലയാളികളെക്കൊണ്ട് നിറഞ്ഞിരുന്നു. രണ്ട് ദിവസം പുറത്തിറങ്ങാതെ വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പലരും യാത്ര ആസൂത്രണം ചെയ്തത്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നെത്തിയവരായിരുന്നു ഏറെയും. ഹോട്ടലുകളില്‍ മുറികള്‍ കിട്ടാത്ത സാഹചര്യവുമുണ്ടായി. താമസിക്കാൻ ഇടം കിട്ടാതെ വന്നതോടെ പലരും കാഴ്ച കണ്ട് രാത്രിയോടെ മറ്റിടങ്ങളിലേക്ക് മടങ്ങി.

  തിരക്ക് കൂടിയതോടെ തമിഴ്നാട് പൊലീസ് ഏറെ പണിപ്പെട്ടാണ് ചുരം വഴിയുള്ള ഗതാഗതം നിയന്ത്രിച്ചത്. വൈകുന്നേരം കുന്നൂര്‍ വരെ വാഹനങ്ങളുടെ നിര നീണ്ടു. കോവിഡ് പ്രതിസന്ധി നീങ്ങി വീണ്ടും സജീവമായ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് കൂടാൻ ദേശീയ പണിമുടക്കും കാരണമായെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

  തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ സമരക്കാരുടെ പ്രതിഷേധം; ജീവനക്കാരെ തടഞ്ഞു

  ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം തിരുവനന്തപുരം ലുലുമാളിന് മുന്നില്‍ സമരാനുകൂലികളുടെ പ്രതിഷേധം. ജീവനക്കാരെ തടഞ്ഞു. അടച്ചിട്ട മാളിന്റെ ഗേറ്റിന് മുന്നില്‍ സമരാനുകൂലികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണിവര്‍. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്.

  ജീവനക്കാര്‍ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നില്‍ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഏകദേശം ഒന്‍പത് മണിയോടെയാണ് ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്ക് അനകൂലികള്‍ തടഞ്ഞത്.

  ഇന്നലെ മാള്‍ തുറന്നു പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് പണിമുടക്ക് അനുകൂലികള്‍ പ്രതഷേധവുമായി എത്തിയത്. എന്നാല്‍, ഇന്നലെ തിരുവനന്തപുരത്തെ ലുലു മാള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് ഔദ്യോഗികമായി മാനേജ്‌മെന്റ് അറിയിച്ചിരിക്കുകയാണ്.

  കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ നടക്കുന്ന 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് രണ്ടാം ദിനത്തില്‍ പലടയിടങ്ങളില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജര്‍ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിയ്ക്ക് ഹാജരാകണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ലീവ് എടുക്കരുതെന്നും ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ട്.
  Published by:Rajesh V
  First published: