നിയമസഭയിലേക്ക് മത്സരിക്കാൻ 7 കോൺഗ്രസ് എംപിമാർ; മന്ത്രിക്കുപ്പായം മോഹിക്കുന്നത് യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ

Last Updated:

ഇന്ത്യയിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ എംപിമാരെ കൊടുത്ത സംസ്ഥാനമാണ് കേരളം

News18
News18
ആർ. കിരൺ ബാബു
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംസ്ഥാനത്തുനിന്നുള്ള കോൺഗ്രസ് എംപിമാരിലെ പകുതിയോളം പേർ ഒരുങ്ങുന്നതായി സൂചന. യുഡിഎഫ് കൺവീനർ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്, മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ട എംപി ആന്റോ ആന്റണി, ചാലക്കുടി എംപി ബെന്നി ബെഹന്നാൻ, കോഴിക്കോട് എംപി എം കെ രാഘവൻ, കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, കണ്ണൂർ എംപി കെ സുധാകരൻ എന്നീ ഏഴു പേരാണ് ഡൽഹി ജീവിതം മതിയാക്കി തിരുവനന്തപുരത്തേക്ക് ചേക്കേറാനായി നിയമസഭയിലേക്ക് ഒരുങ്ങുന്നത്.
advertisement
സംസ്ഥാനത്തുനിന്ന് കോൺഗ്രസിന് 14 എംപിമാരാണ് ഉള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോൺഗ്രസ് എംപിമാരെ സമ്മാനിച്ച സംസ്ഥാനമാണ് കേരളം. യുഡിഎഫിന് ഭരണം കിട്ടുമെന്ന പ്രതീക്ഷയാകാം നേതാക്കളുടെ ഈ നീക്കത്തിനു പിന്നിൽ. ലോക്സഭയിൽ പ്രതിപക്ഷത്ത് ഇരുന്ന് ലൈം ലൈറ്റിൽ സജീവമാകാൻ സാധിക്കാത്ത എംപിമാരെ സംബന്ധിച്ച് യുഡിഎഫ് ഭരണത്തിൽ സീനിയോറിറ്റി അനുസരിച്ച് കേരളത്തിൽ മന്ത്രിമാരായി തിളങ്ങാെമെന്നുള്ള മോഹവുമാകാം എംപി സ്ഥാനം ത്യജിച്ച് നിയമസഭയിലേക്ക് മത്സരിക്കാം എന്ന തീരുമാനത്തിലേക്ക് നയിച്ചിരിക്കുക.
ഇതിനുപുറമേ കോൺഗ്രസിനെ സംബന്ധിച്ച് വരുന്ന തിരഞ്ഞെടുപ്പിൽ കരുത്തരായ സ്ഥാനാർത്ഥികളെ മുന്നിൽ നിർത്തിയാൽ മാത്രമേ വിജയസാധ്യത ഉറപ്പിക്കാൻ ആകൂ എന്ന വസ്തുതയുമുണ്ട്. എം കെ രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ തുടങ്ങിയ നേതാക്കൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം വരുന്ന തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും എന്നും വിലയിരുത്തൽ ഉണ്ട്.
advertisement
എന്നാൽ ഇതിൽ അടൂർ പ്രകാശ് ഒഴികെ ഉള്ളവർക്ക് സീറ്റ് കിട്ടുന്നത് എളുപ്പമാവില്ല. സംസ്ഥാന രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യം അനുസരിച്ച് അടൂർ പ്രകാശ് മത്സരിക്കണം എന്നൊരു അഭിപ്രായം ശക്തമാണ്. അതിനാൽ അദ്ദേഹം മുമ്പ് പ്രതിനിധാനം ചെയ്തിരുന്ന കോന്നി മണ്ഡലത്തിൽ മത്സരിക്കാനുള്ള സാധ്യത ഏറെയാണ്.
അതേസമയം ഈ മോഹങ്ങൾക്കെല്ലാം ഹൈക്കമാന്‍ഡിന്റെ പ്രതികരണം എപ്രകാരമാകുമെന്നത് തീർച്ചയില്ല. മാത്രമല്ല രാജി വെക്കുന്ന എംപിമാർ ജയിച്ചാൽ ഒഴിയുന്ന സീറ്റ് എങ്ങനെ നിലനിര്‍ത്തുമെന്ന ചോദ്യവും നിലനിൽക്കുന്നു. ഒഴിയുന്ന സീറ്റുകളിലേക്ക് വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ അതിൽ ജനങ്ങളുടെ പ്രതികരണവും ഏറെ പ്രധാനമാണ്. ഏഴുപേരും ജയിച്ചാൽ സംസ്ഥാനത്തെ മൂന്നിലൊന്ന് സീറ്റിലാവും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരിക.
advertisement
കൂടാതെ വരുന്ന തിരഞ്ഞെടുപ്പ് സ്വപ്നം കണ്ടു പ്രവർത്തിക്കുന്ന യുവ നേതാക്കളെ പകരം എന്ത് നൽകി സമാധാനിപ്പിക്കും എന്നതും പാർട്ടിയെ സംബന്ധിച്ച് തിരിച്ചടിയാകുന്ന പ്രധാന ഘടകമാണ്. 2019 ൽ കെ മുരളീധരൻ അടൂർ പ്രകാശ് എന്നീ കോൺഗ്രസ് എംഎൽഎമാർ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഎം എംഎൽഎ എ എം ആരിഫ് ജയിച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസുമാണ് വിജയിച്ചത്. ഹൈബി ഈഡൻ ഒഴിഞ്ഞ എറണാകുളം സീറ്റിൽ മാത്രമാണ് തൽ സ്ഥിതി തുടർന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭയിലേക്ക് മത്സരിക്കാൻ 7 കോൺഗ്രസ് എംപിമാർ; മന്ത്രിക്കുപ്പായം മോഹിക്കുന്നത് യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement