തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ എൺപതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാൽ നിറഞ്ഞു. വെന്റിലേറ്റർ സൗകര്യമുള്ള 1199 ഐ സി യു കിടക്കകളിൽ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്.
അതേസമയം എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ സർക്കാർ ആശുപത്രികളിൽ ഐ സി യു കിടക്കകൾ നിറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 2033 കോവിഡ് രോഗികളാണ് ഐ സി യുവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ തന്നെ 818 പേരാണ് വെന്റിലേറ്ററിൽ കഴിയുന്നത്.
കോവിഡ് രോഗികളെ ബന്ധുക്കൾക്ക് എൽ ഇ ഡി സ്‌ക്രീനിലൂടെ കാണാം; പ്രശംസ പിടിച്ചുപറ്റി ഒരു മാതൃകാ ഐസിയു
രോഗവ്യാപനം അതീവഗുരുതരമായ എറണാകുളത്ത് വെന്റിലേറ്റർ സൗകര്യമൊന്നും അവശേഷിക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ. ഓക്സിജൻ സൗകര്യമുള്ള കിടക്കകൾക്കും ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് ഓക്സിജൻ സൗകര്യമുള്ള കിടക്കകൾക്ക് ഒഴിവില്ല. കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ പത്തിൽ താഴെ വെന്റിലേറ്ററുകൾ മാത്രമേയുള്ളൂ.
Fact Check | വിദേശത്തുനിന്നും എത്തിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ക്ലിയറൻസിനായി കസ്റ്റംസിൽ കെട്ടിക്കിടക്കുന്നോ?
സ്വകാര്യ ആശുപത്രികളിലും സ്ഥിതി പരിതാപകരമാണ്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി നീക്കി വെച്ചിട്ടുള്ള വെന്റിലേറ്റർ സൗകര്യമുള്ള ഐ സി യു കിടക്കകളിൽ 269 എണ്ണവും 436 വെന്റിലേറ്ററുകളിൽ 77 എണ്ണവും മാത്രമാണ് ശേഷിക്കുന്നത്. ഓക്സിജൻ സൗകര്യമുള്ള 2843 കിടക്കകൾ ഉള്ളതിൽ 528 എണ്ണമേ ബാക്കിയുള്ളൂ.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞദിവസം കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് നിരക്കാണ് രേഖപ്പെടുത്തിയത്. 42,464 പേർക്കാണ് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Covid 19 | കോവിഡ് വന്ന് പോകട്ടെ എന്നാണോ കരുതുന്നത്? എന്നാൽ അത്ര നിസാരമല്ല കാര്യങ്ങൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്.
124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 39, കാസര്‍ഗോഡ് 20, തൃശൂര്‍ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,88,529 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,882 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 723 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.