HOME /NEWS /Kerala / 'എന്നാ 89 വയസുളള തള്ളേ വനിതാ കമ്മീഷനിലെത്തിക്ക്' പരാതിയുമായെത്തിയ ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ അധിക്ഷേപിച്ചെന്ന് പരാതി

'എന്നാ 89 വയസുളള തള്ളേ വനിതാ കമ്മീഷനിലെത്തിക്ക്' പരാതിയുമായെത്തിയ ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ അധിക്ഷേപിച്ചെന്ന് പരാതി

എം.സി ജോസഫൈൻ

എം.സി ജോസഫൈൻ

തള്ള' എന്ന് താൻ പ്രയോഗിച്ചിട്ടില്ലെന്നും ജോസഫൈൻ പലതവണ ആവർത്തിച്ചു. സംഭാഷണം കേൾപ്പിക്കാമെന്ന് ന്യൂസ് 18 അവതരിക പറഞ്ഞതോടെ ജോസഫൈൻ ഫോൺ കട്ട് ചെയ്തു.

  • Share this:

    പത്തനംതിട്ട: അയൽവാസിയുടെ മർദ്ദനത്തിനത്തിനിരയായ 89 കാരിയുടെ ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചെന്നു പരാതി. കമ്മീഷൻ സിറ്റിംഗ് മാറ്റുന്നത് സംബന്ധിച്ച് ഫോൺ ചെയ്തപ്പോഴാണ് '89കാരി തള്ളയുടെ പരാതി എന്തിനാണ് വനിതാ കമ്മിഷന് നൽകിയത്' എന്ന് എം.സി ജോസഫൈൻ ചോദിച്ചത്. ജോസഫൈനുമായുള്ള സംഭാഷണം ന്യൂസ്‌ 18 ആണ് പുറത്തുവിട്ടത്.

    വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ പറഞ്ഞ സ്ഥലത്ത് ഹാജരാകണം. 89 കാരി തള്ളയെ കൊണ്ട് പരാതി നൽകിയ നിന്നെയൊക്കെ എന്തു പറയണമെന്നും ജോസഫൈൻ ചോദിക്കുന്നു. ഇതിനിടെ വൃദ്ധ മാതാവിന് ഇത്രയും ദൂരം യാത്ര ചെയ്യാനാവില്ലെന്ന് ബന്ധുവായ ഉല്ലാസ് പറയുന്നുണ്ട്. പിന്നെ എന്തിനാണ് പരാതി നൽകിയത് എന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ചോദിക്കുന്നത്. സിറ്റിങ്ങിന് വരണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കൂവെന്നും പറഞ്ഞു.

    വിവാദ പരാമർശങ്ങളെ കുറിച്ച് ന്യൂസ് 18 കേരളത്തോടും ജോസഫൈൻ ന്യായീകരിച്ചു. ഇത്രയും പ്രായമുള്ള ആളുടെ പരാതി പൊലീസിനാണ് നൽകേണ്ടതെന്ന് താൻ നിർദ്ദേശിക്കുകയായിരുന്നെന്നാണ് കമ്മീഷൻ അധ്യക്ഷയുടെ വിശദീകര‌ണം. 'തള്ള' എന്ന് താൻ പ്രയോഗിച്ചിട്ടില്ലെന്നും ജോസഫൈൻ പലതവണ ആവർത്തിച്ചു. തുടർന്ന് സംഭാഷണം കേൾപ്പിക്കാമെന്ന് ന്യൂസ് 18 അവതരിക പറഞ്ഞതോടെ ശബ്ദരേഖ പൂർണമായും കേൾക്കാതെ ജോസഫൈൻ ഫോൺ കട്ട് ചെയ്ത് മടങ്ങി.

    കഴിഞ്ഞ ജനുവരി 26ന് അയൽവാസിയായ ആദർശ് മദ്യപിച്ചു വീട്ടിൽ കയറി മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കാര്യമായ നടപടിയെടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതേ പരാതി വനിതാ കമ്മിഷനും നൽകി. ഇതിലാണ് ഈ മാസം 28ന് അടൂർ പറക്കോട് വെച്ച് സിറ്റിംഗ് നടത്തുന്നത്. റാന്നിക്ക് സമീപമുള്ള കോട്ടാങ്ങൽ നിന്നും അടൂർ വരെ കിടപ്പ് രോഗിയെ എത്തിക്കാനാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടാനാണ് ബന്ധുവായ ഉല്ലാസ് ജോസഫൈനെ ഫോണിൽ വിളിച്ചത്.

    അതേസമയം സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ന്യൂസ്18 കേരളത്തോട് പറഞ്ഞു. ഏതായാലും കമ്മീഷൻ എടുക്കുന്ന തുടർ നടപടിക്കായി കാത്തിരിക്കുകയാണ് കുടുംബം.

    കിടപ്പുരോഗികളുടെ വീട്ടിലെത്തി പരാതികൾ പരിശോധിക്കാറുണ്ടെന്ന് വനിതാ കമ്മീഷൻ മുൻ അംഗം കെ എ തുളസി ന്യൂസ് 18 നോട് വ്യക്തമാക്കി.

    ഇന്ന് രാവിലെ പത്തരയ്ക്കാണ് ഉല്ലാസ് ജോസഫൈനോട്‌ ഫോണിൽ വിളിച്ച് പരാതി അറിയിച്ചത്. കഴിഞ്ഞ ജനുവരി 26-ന് നടന്ന അക്രമത്തിൽ പത്തനംതിട്ട പെരുമ്പെട്ടി പൊലീസാണ് വയോധികയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. അന്ന് സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയായെ പൊലീസ് വിട്ടയച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അദ്ദേഹത്തിന്റെ ഓഫീസ് മറുപടി നൽകിയിരുന്നു. ഇതിനിടെ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

    First published:

    Tags: Kerala Women Commission, Mc josephine, Women commission