ലഹരിക്കെതിരെ വിപുലമായ കർമ പദ്ധതി തയാറാക്കും; 17ന് സർവകക്ഷി യോഗം: മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി 2024 ല്‍ സംസ്ഥാനത്താകെ 27,578 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 29,889 പ്രതികളെ അറസ്റ്റ് ചെയ്തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഏപ്രില്‍ 16ന് വിവിധ മതമേലധ്യക്ഷന്മാരുടെ യോഗവും 17ന് സർവകക്ഷിയോഗവും വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മയക്കുമരുന്നുള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിന്‍റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ളബോധവല്‍ക്കരണവും നടപടികളും സംബന്ധിച്ച് വിപുലമായ യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇന്ന് ചര്‍ച്ചചെയ്ത നിര്‍ദ്ദേശങ്ങള്‍ വിദഗ്ധസമിതി മുമ്പാകെ വെച്ച് അവരുടെ അഭിപ്രായം കൂടി ചേര്‍ത്ത് വിപുലമായ കർമ പദ്ധതിക്ക് രൂപം നല്‍കും. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപണനവും സംഭരണവും ഉപയോഗവും തടയാന്‍ ഓപ്പറേഷന്‍ ഡിഹണ്ട് എന്ന കർമപദ്ധതി കേരള പോലീസ് നടപ്പാക്കുകയാണ്. ഡിഹണ്ട്ഡ്രൈവിനു സഹായകരമായ ഇന്‍റലിജന്‍സ് ഇന്‍പുട്ട് നല്‍കുന്നതിനായി ഡ്രഗ് ഇന്‍റലിജന്‍സ് (ഡി ഇന്‍റ്) എന്ന സംവിധാനം സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതുവഴി കഴിഞ്ഞഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം 2503 സോഴ്സ് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറുകയും ചെയ്തു.
ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി 2024 ല്‍ സംസ്ഥാനത്താകെ 27,578 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 29,889 പ്രതികളെ അറസ്റ്റ് ചെയ്തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. 2025ല്‍ മാര്‍ച്ച് 31 വരെ 12,760 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 13,449 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 12 കോടിയുടെ മയക്കുമരുന്നുകള്‍ പിടിച്ചു. സ്ഥിരം മയക്കുമരുന്ന് വ്യാപാരം നടത്തി ക്രൈംകേസുകളില്‍പ്പെട്ട ആള്‍ക്കാരുടെ പ്രത്യേകം പട്ടിക തയ്യാറാക്കി. അതില്‍ 97 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.
advertisement
കേരളത്തിലെ മയക്കു മരുന്ന് കേസുകളുമായി ബന്ധപ്പെട്ടു മറ്റ് സംസ്ഥാനങ്ങളിലെ 94 വ്യക്തികളെ അറസ്റ്റ് ചെയ്തു. 236.64 ഗ്രാം എംഡിഎംഎ, 562 കിലോ ഗ്രാം കഞ്ചാവും ഉള്‍പ്പെടെ 34 കോടി രൂപയുടെ മയക്കു മരുന്നു പിടിച്ചെടുത്തു. 2024, 2025 വര്‍ഷത്തില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ കടത്തി കൊണ്ട് വന്ന മയക്കുമരുന്നുകൾ പൊലീസ് പിടിച്ചെടുത്ത് 64കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1.5 കോടി രൂപയുടെ മയക്കു മരുന്നുപിടിച്ചെുത്തു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന സംഘങ്ങളെ പിടികൂടാന്‍ ഡാൻസാഫ് ടീം സജീവമായി ഇടപെടുന്നുണ്ട്. 180 കേസുകളിലായി 251 പേരെ അറസ്റ്റ് ചെയ്തു. 2024 വര്‍ഷത്തില്‍ 65 കേസുകളിലായി 88 പ്രതികളുടെയും 2025 വര്‍ഷത്തില്‍ 32 കേസുകളിലായി 39 പ്രതികളുടെയും സ്ഥാവരജംഗമ വസ്തുക്കള്‍ കണ്ടെടുക്കുകയും ജപ്തി ചെയ്യുകയും ചെയ്തിട്ടുണ്ട്.
advertisement
അന്തര്‍ സംസ്ഥാന മയക്കുമരുന്നു റാക്കറ്റുകളെ കണ്ടെത്തുന്നതിലും പൊലീസ് മികവ് കാണിക്കുന്നു. ഹൈദരാബാദിലെ വന്‍കിട മയക്കു മരുന്നു നിര്‍മ്മാണശാല കേരള പൊലീസിന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ്ചെയ്ത സംഭവം ദേശീയ ശ്രദ്ധ നേടുകയുണ്ടായി.
എക്സൈസ് സേനയും ശക്തമായ പ്രതിരോധം ഉയര്‍ത്തുകയാണ്. ഈ മാര്‍ച്ച് മാസത്തില്‍ എക്സൈസ് സേന ആകെ എടുത്തത് കേസുകള്‍ 10,495 കേസുകളാണ്. ഇതില്‍ 1686 അബ്കാരി കേസുകള്‍, 1313 മയക്കുമരുന്ന് കേസുകള്‍, 7483 പുകയില കേസുകളും ഉള്‍പ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേര്‍ന്നുള്ളതുള്‍പ്പെടെ 13639റെയ്ഡുകള്‍ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവില്‍ പരിശോധിച്ചത്.
advertisement
അബ്കാരി കേസുകളില്‍ 66ഉം മയക്കുമരുന്ന് കേസുകളില്‍ 67ഉം വാഹനങ്ങള്‍ പിടിച്ചു. അബ്കാരി കേസുകളില്‍ പ്രതിചേര്‍ത്ത 1580 പേരില്‍ 1501 പേരെയും, മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ത്ത 1358 പേരില്‍ 1316പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി. പുകയില കേസുകളില്‍ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളിലെ മയക്ക് മരുന്ന് ഉപയോഗവും വ്യാപന ശ്രമങ്ങളും തടയുന്നതിനായി 4469 സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സ്കൂള്‍ തലത്തിലും 1776 ആന്‍റി നാര്‍കോട്ടിക് ക്ലബ്ബുകള്‍ കോളേജ് തലത്തിലും രൂപീകരിച്ചിട്ടുണ്ട്. ലഹരിക്കെതിരെയുള്ള യുദ്ധം ആരംഭിക്കേണ്ടത് നമ്മുടെ വീടുകളില്‍ നിന്നു തന്നെയാണ്. രക്ഷിതാക്കള്‍ക്ക് ലഹരിയെ കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അവബോധം നല്കേണ്ടത് അത്യന്താപേക്ഷിതമാണ്. 'ജീവിതമാണ് ലഹരിچ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള പൊലീസിന്‍റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ ക്യാമ്പെയ്ന്‍ നടത്തുകയാണ്.
advertisement
പൊതുജനങ്ങള്‍ക്ക് മയക്കുമരുുന്നുമായി ബന്ധപ്പെട്ട വിവരങ്ങളും വിഷയങ്ങളും നല്‍കുന്നതിനായി ടോള്‍ ഫ്രീ നമ്പരായ നാഷണല്‍ നര്‍കോട്ടിക്സ് ഹെല്പ് ലൈന്‍ 1933 നമ്പറും എഡിജിപി എല്‍ & ഓയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന ആന്‍റി നാര്‍കോട്ടിക് സെല്‍ വിഭാഗത്തിന്‍റെ 9497979794, 9497927797 നമ്പരുകളും, കേരളാ പോലീസ് ആരംഭിച്ച ڇയോദ്ധാവ്ڈ എന്ന പദ്ധതിയിലെ 9995966666 എന്ന വാട്ട്സാപ്പ് നമ്പറും 24 മണിക്കൂറും ലഭ്യമാണ്. 2025 മാര്‍ച്ച് മാസത്തില്‍ മാത്രം 1157 ഫോണ്‍ കോളുകള്‍ യോദ്ധാവ് നമ്പരിലേയ്ക്കും 3865 കോളുകള്‍ ആന്‍റി ഡ്രഗ് കണ്ട്രോള്‍ റൂമിലും ലഭിച്ചു.
advertisement
2024, 2025 വര്‍ഷങ്ങളില്‍ 18 വയസിന് താഴെയുള്ള 804 പേര്‍ക്കും 3566 മുതിര്‍ന്നവര്‍ക്കും കൗണ്‍സലിംഗ് നല്‍കുകയും 18 വയസിന് താഴെയുള്ള 19 പേര്‍ക്കും 790 മുതിര്‍ന്നവര്‍ക്കും മയക്കുമരുന്നില്‍ നിന്ന് വിമുക്തി നേടുന്നതിനുള്ള ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്.
ലഹരിമോചന ചികിത്സ നല്‍കുന്നതിന് 14 ജില്ലകളിലും വിമുക്തി ഡീ അഡിക്ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ/താലൂക്ക് ആശുപത്രിയോടനുബന്ധിച്ചാണ് ഈ സെന്‍ററുകള്‍. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്‍ററിലും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ വിമുക്തി ഡീ അഡിക്ഷന്‍ സെന്‍ററിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ലഹരിമോചന ചികിത്സക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡീ അഡിക്ഷന്‍ സെന്‍ററുകള്‍ വഴി 2018 മുതല്‍ ഇതുവരെ ഐ.പി യില്‍ 140479പേരും ഒ.പി യില്‍ 11277 പേരും ചികിത്സ തേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 09, 2025 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലഹരിക്കെതിരെ വിപുലമായ കർമ പദ്ധതി തയാറാക്കും; 17ന് സർവകക്ഷി യോഗം: മുഖ്യമന്ത്രി