ഗതാഗതമന്ത്രിയുടെ കാറിനെ ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്ത സ്വകാര്യ ബസിനും ഡ്രൈവർക്കും എതിരെ നടപടി
- Published by:Sarika N
- news18-malayalam
Last Updated:
സ്വകാര്യ ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ആർടിഒ അറിയിച്ചു
കാക്കനാട്: ഗതാഗത മന്ത്രി സഞ്ചരിച്ചിരുന്ന കാറിനെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് അമിതവേഗത്തിൽ പാഞ്ഞ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളും തുടങ്ങി. ഇന്നലെ രാവിലെ 8.30-ന് എംജി റോഡിൽ തേവരയിലായിരുന്നു സംഭവം. ആലുവ–എറണാകുളം റൂട്ടിലോടുന്ന ‘റാഹത്ത്’ എന്ന സ്വകാര്യ ബസാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ സഞ്ചരിച്ച വാഹനത്തിന് മുൻപിൽ നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തിയത്. ഫോർട്ട്കൊച്ചിയിലേക്ക് പോവുകയായിരുന്നു മന്ത്രി.
പെട്രോൾ പമ്പിൽ നിന്നു റോഡിലേക്കു വരികയായിരുന്ന 2 വാഹനങ്ങൾക്കു കടന്നു പോകാൻ നിർത്തിയിട്ട മന്ത്രിയുടെ കാറിന്റെ ഇടതു വശത്തു കൂടിയാണു സ്വകാര്യ ബസ് കടന്നു പോയത്. മുൻപിലുണ്ടായിരുന്ന മറ്റു വാഹനങ്ങളുടെയും ഇടതുവശം ചേർന്നാണ് ബസ് മുന്നോട്ട് പാഞ്ഞത്. മന്ത്രിക്കൊപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ബസിന്റെ ഫോട്ടോയെടുത്ത് ആർടിഒ കെ.ആർ. സുരേഷിന് അയച്ചു കൊടുത്തു. തൊട്ടടുത്ത നേവൽബേസ് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഡ്രൈവർക്ക് മന്ത്രി താക്കീതും നൽകിയിരുന്നു.
ആർടിഒയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ. ഷാനവാസ് ഖാൻ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറായ കങ്ങരപ്പടി സ്വദേശി പി.പി. റഹിമിനെ വിളിച്ചു വരുത്തി. കുറ്റം സമ്മതിച്ച റഹിമിന്റെ ഡ്രൈവിങ് ലൈസൻസ് രണ്ടു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ബസിന്റെ ഉടമസ്ഥൻ കൂടിയാണ് റഹിം. ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിക്കു സമർപ്പിക്കുമെന്ന് ആർടിഒ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
October 22, 2025 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗതാഗതമന്ത്രിയുടെ കാറിനെ ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്ത സ്വകാര്യ ബസിനും ഡ്രൈവർക്കും എതിരെ നടപടി