തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. മണ്ഡലത്തിലെ വോട്ടറായ നടനും സംവിധായകനുമായ രഞ്ജി പണിക്കർ കടവന്ത്രയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.'എല്ലാവർഷവും വോട്ട് ചെയ്യാറുണ്ട്. ആർക്ക് വോട്ട് ചെയ്യണമെന്ന കൃത്യമായ ധാരണയോടെയാണ് എല്ലാവർഷവും ബൂത്തിലേക്കെത്താറുള്ളത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഭരിക്കുന്ന സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകളുള്ള നിർണായകമായ തെരഞ്ഞെടുപ്പല്ല . എന്നാൽ അതേ സമയം, രാഷ്ട്രീയ കാരണങ്ങളാൽ നിർണായകമാണ്.
ഒരു വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പ് അന്തരീക്ഷമല്ല ഇപ്പോഴുളളത്'. നിലവിൽ കേരളത്തിൽ കലുഷിതമാകുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ടെന്ന് സാധാരണക്കാർക്കും വ്യക്തമാകുമെന്നും രഞ്ജി പണിക്കർ പറഞ്ഞു. സര്‍ക്കാരിന് അനുകൂലമായ പ്രചരണവും സര്‍ക്കാര്‍ വിരുദ്ധ പ്രചരണവും കൊണ്ടുപിടിച്ചു നടന്ന തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലെതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വോട്ടര്‍മാരെ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞ് പഠിപ്പിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയ മാറ്റങ്ങള്‍ അനുകൂല പ്രതികൂല നിലപാടുകള്‍ എല്ലാം മനസിലാക്കിയാണ് അവര്‍ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
തൃക്കാക്കരയിൽ ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് (Jo Joseph) പോളിംഗ് ദിനത്തിൽ പങ്കുവെച്ചത്. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്നും പോസിറ്റിവ് പൊളിറ്റിക്സിന് തൃക്കാക്കര വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജോ ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.
തൃക്കാക്കരയിൽ ശുഭ പ്രതീക്ഷയിലാണെന്ന് രാവിലെ വോട്ട് ചെയ്തശേഷം യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പറഞ്ഞത്. തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നാണ് വിശ്വാസം. മണ്ഡലത്തിൽ എനിക്ക് വേണ്ടി കൂടെ പ്രവർത്തിച്ചവരാണ് എന്റെ ശക്തിയും ഊർജവും. പി ടി തോമസിന് വേണ്ടി കൂടിയാണ് താൻ മത്സര രംഗത്തിറങ്ങിയത്. പോളിംഗ് ദിവസം മഴ മാറി നിൽക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. കലൂര്‍ പള്ളിയിലും പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം ഉമാ തോമസ് വീടിനടുത്തുള്ള ബൂത്തിലേക്ക് പോയത്.
ഇതിനിടെ തൃക്കാക്കരയിൽ പോളിംഗ് ബൂത്തിൽ വെച്ച് എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം ഉണ്ടായി. വോട്ടെടുപ്പ് നടക്കുന്ന സ്കൂൾ വളപ്പിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് വിലക്കിയതാണ് തർക്കത്തിന് കാരണം.ലൊയോള എൽപി സ്കൂളിലെ ബൂത്തിലെത്തിയ എ എൻ രാധാകൃഷ്ണൻ സ്കൂൾ വളപ്പിനുള്ളിൽ വെച്ച് മാധ്യമങ്ങളെ കണ്ടതോടെ പൊലീസ് തടഞ്ഞു. സ്കൂളിന് പുറത്ത് മാത്രമേ മാധ്യമങ്ങളെ കാണാൻ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇത് അംഗീകരിക്കാൻ എൻഡിഎ സ്ഥാനാർഥി തയാറായില്ല.
വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ, അത് പിണറായി വിജയനോട് പോയി പറഞ്ഞാൽ മതി എന്നെല്ലാം എ എൻ രാധാകൃഷ്ണന്റെ പ്രതികരണം വന്നു. ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലെയായെ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഒരുമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ തൃക്കാക്കരയിൽ പോളിംഗ് പുരോഗമിക്കുകയാണ്. രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ ദൃശ്യമായി. ഇതുവരെ 24.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 1,96,805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.