കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
പത്തനാപുരം പട്ടാഴി സ്വദേശി മുഹമ്മദ് കനി അഫ്രാരിസാണ് അനുജൻ മുഹമ്മദ് കനി സഫ്രാരിസിന്റെ ആഗ്രഹം പോലെ ഒന്നാം റാങ്ക് നേടിയത്
കൊല്ലം: നിർധന കുടുംബത്തിലെ പ്രാരാബ്ധങ്ങൾ നിമിത്തം മൂത്ത സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച ഇളയ സഹോദരന് ജ്യേഷ്ഠൻ തിരിച്ചു നൽകിയത് ഒന്നാം റാങ്കിന്റെ ഇരട്ടി മധുരം. പത്തനാപുരം പട്ടാഴി വടക്കേക്കര മാലൂർ മല്ലശേരിൽ പടിഞ്ഞാറ്റേതിൽ മുഹമ്മദ് കനി അഫ്രാരിസാ(24 )ണ് അനുജൻ മുഹമ്മദ് കനി സഫ്രാരിസി(22)ന്റെ ആഗ്രഹം പോലെ ഉന്നത വിജയം നേടിയത്. എം.ജി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റായി എം.കോം പഠിച്ച അഫ്രാരിസ് എംകോമിന് ഒന്നാം റാങ്കോടെയാണ് പാസായത്.
പത്തനാപുരം മാലൂർ കോളേജിന് സമീപം താമസിക്കുന്ന ഷാജിമോന്റെയും ഷീജയുടെയും മക്കളാണ് ഇരുവരും. കുടുംബത്തിന്റെ ആശ്രയമായിരുന്ന ഷാജിക്ക് വാഹനാപകടമുണ്ടായതാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. അപകടത്തിന് ശേഷം വിവിധ രോഗങ്ങളുടെ ഇരയായ ഷാജിമോന് തുടർന്ന് ജോലിക്കുപോകാൻ കഴിയാതെ വന്നു.തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ഉമ്മയുടെ വരുമാനത്തിലേക്ക് വീട് ചുരുങ്ങി മുന്നോട്ടുള്ള വഴിയറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ഇളയ മകൻ സഫ്രാരിസ് കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുത്ത് പഠനം ഉപേക്ഷിച്ച് ജോലിക്ക് ഇറങ്ങുന്നത്.
പത്താംക്ലാസിൽ മൂന്ന് എ പ്ളസുണ്ടായിരുന്ന സഫ്രാരിസ് രണ്ട് വയസിനു മൂത്ത ജ്യേഷ്ഠന്റെ പഠനം മുടങ്ങുമെന്നായപ്പോൾ പതിനഞ്ചാം വയസ്സുമുതൽ കൂലിപ്പണിക്കിറങ്ങി. കല്യാണത്തിന് ഓഡിറ്റോറിയങ്ങളിലും മറ്റും സദ്യ വിളമ്പാൻ പോയായിരുന്നു തുടക്കം. പിന്നീട് മീൻ കച്ചവടവും പെയിന്റിങ്ങും മുതൽ ഏത് ജോലിയും ചെയ്യുന്ന അവസ്ഥയിലേക്കെത്തി. പഠനത്തിൽ മിടുക്കനായ ചേട്ടനെ പഠിപ്പിക്കാൻ മറ്റുമാർഗങ്ങളില്ലെന്നു മനസ്സിലാക്കിയ സഫ്രാരിസ് തടിപ്പണി, ഉത്സവപറമ്പിൽ കുലുക്കി സർബത്ത് വിൽപ്പന എന്നിങ്ങനെ എന്തും ചെയ്യും കുമാരനായി. ഈ ജോലിക്കൾക്കിടയിലും പ്ലസ്ടു പഠനം സഫ്രാരിസ് പൂർത്തിയാക്കി. എസി മെക്കാനിക്ക് ട്രേഡ് പഠിക്കാൻ പോയെങ്കിലും ചേട്ടന്റെ പഠനത്തിനും വീട്ടുചെലവിനും കൂടുതൽ പണം കണ്ടെത്തേണ്ടി വന്നതോടെ സഫ്രാരിസ് പഠനം പൂർണമായി നിർത്തി.
advertisement
തന്റെ പഠനം ഉപേക്ഷിച്ച് ജോലിക്കിറങ്ങുമ്പോൾ സഫ്രാരിസ് ഒറ്റ കാര്യമേ അഫ്രാരിസിനോട് ആവശ്യപ്പെട്ടുള്ളൂ. പഠിച്ച് വലിയൊരാളാകണം. അതിന് എത്ര പണം വേണമെങ്കിലും കണ്ടെത്താം.
അന്നു മുതൽ അഫ്രാരിസിന്റെ ശ്രദ്ധ പഠനത്തിൽ മാത്രമായി.2024 ഡിസംബറിലെ നെറ്റ് പരീക്ഷയിൽ ആദ്യ ചാൻസിൽ തന്നെ ജെ.ആർ.എഫ് (ജൂനിയർ റിസർച്ച് ഫെലോ) നേടി. പിന്നാലെയാണ് ഒന്നാം റാങ്കിന്റെ പൊൻതിളക്കം. ഇനി ഗവേഷണത്തിന് ചേരണമെന്നും തനിക്കുവേണ്ടി അനുജന്റെ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നും പറയുന്ന അഫ്രാരിസ് ഇനി അവന് വേണ്ടിയാണ് ജീവിക്കുന്നതെന്നുമാണ് പറയുന്നത്. അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ് അഫ്രാരിസ്.
advertisement
Summary: Muhammad Safraris dropped his studies after plus two for education of his bother Muhammad Afraris. Now, Afraris returns the effort by bagging first rank in MG University MCom and aims to secure a job and to resume his brother's education.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
November 19, 2025 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ


